May 19, 2024

കറപ്പ, കുളിര്‍മാവ് തോല്‍ കടത്തുന്നതിനു പാസ് ക്രമക്കേട്:പുനഃപരിശോധന ഹര്‍ജി സര്‍ക്കാര്‍ നിരസിച്ചു.

0
കല്‍പറ്റ-നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ മാനന്തവാടി, പേരിയ റേഞ്ചുകളില്‍നിന്നു കറപ്പ, കുളിര്‍മാവ്  തോല്‍ കടത്തുന്നതിനു പാസ് അനുവദിച്ചതില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ ശിക്ഷാനടപടിക്കെതിരെ  നിലവില്‍ ഡിവിഷല്‍ ഫോറസ്റ്റ് ഓഫീസര്‍ പദവിയിലുള്ള അബ്ദുല്‍ അസീസ്  സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സര്‍ക്കാര്‍ നിരസിച്ചു. 1997ല്‍ അബ്ദുല്‍ അസീസ് റേഞ്ച് ഓഫീസറായിരിക്കെയാണ് കറപ്പ, കുളിര്‍മാവ് തോല്‍ കടത്തുന്നതിനു അനധികൃതമായി പാസ് അനുവദിച്ചതായി  ആരോപണം ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ അസീസിന്റെ വാര്‍ഷിക വേതന വര്‍ധനവ് ഒരു വര്‍ഷത്തേക്ക് സഞ്ചിതഫലമില്ലാതെ തടഞ്ഞ് 2008ല്‍ ഭരണവിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവായിരുന്നു. ഇതിനെതിരെ ഒമ്പത് വര്‍ഷത്തിനുശേഷം സമര്‍പ്പിച്ച പുനഃപരിശോധ ഹര്‍ജിയാണ് നിരസിച്ചത്.
പുനഃപരിശോധന ഹര്‍ജി രണ്ടു മാസത്തിനകം സമര്‍പ്പിക്കണമെന്നാണ് 1960ലെ കേരള സിവില്‍ സര്‍വീസസ്(തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടം വ്യവസ്ഥ ചെയ്യുന്നത്. ഭരണവിഭാഗം സി.സി.എഫിന്റെ ഉത്തരവ് 2008 മാര്‍ച്ച് 13നു കൈപ്പറ്റിയ അബ്ദുല്‍ അസീസ് അപ്പീല്‍ നല്‍കിയിരുന്നില്ല.  ഹര്‍ജിയില്‍ കാലതാമസത്തിനുള്ള കാരണം ബോധിപ്പിച്ചിരുന്നില്ല. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് പുനഃപരിശോധന ഹര്‍ജി നിരസിച്ചത്. 
അനധികൃതമായി പാസ് അനുവദിച്ചതിനു അബ്ദുല്‍ അസീസ് ഉള്‍പ്പെടെ അഞ്ചു വനം ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു ആരോപണങ്ങള്‍. ഡിവഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  തോലിന്റെ അളവ്, തോല്‍ ശേഖരണത്തിന്റെ ഉദ്ഭവസ്ഥാനം എന്നിവ പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടു.  തോല്‍ കടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നില്‍ വീഴ്ചവരുത്തി. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ സര്‍ക്കുലറുകളിലെ നിര്‍ദേശങ്ങള്‍ ലംഘിച്ചു.  
      ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകള്‍ മൂലം സര്‍ക്കാരിനു കനത്ത നഷ്ടം സംഭവിച്ചു.  രേഖകളില്‍ കൃത്രിമം കാണിച്ചു.  വ്യാജ തെളിവ് നല്‍കി.  എന്നിങ്ങനെയായിരുന്നു  ആരോപണങ്ങള്‍. ഇവയില്‍ രണ്ടെണ്ണം ഒഴികെ ആരോപണങ്ങളാണ് അബ്ദുല്‍ അസീസിനെതിരെ തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് ഒരു വാര്‍ഷിക ശമ്പള വര്‍ധന സഞ്ചിതഫലപ്രാബല്യത്തോടെ തടയുന്നതിനോ തുല്യമായ തുക ഈടാക്കുന്നതിനോ താത്കാലികമായി തീരുമാനിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതിനു അബ്ദുല്‍ അസീസ് നല്‍കിയ വിശദീകരണം പരിഗണിച്ച് ശിക്ഷ ഇളവ് ചെയതാണ് വാര്‍ഷിക വേതന വര്‍ധന ഒരു വര്‍ഷത്തേക്ക് സഞ്ചിതഫലമില്ലാതെ തടഞ്ഞ് ഉത്തരവായത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *