May 19, 2024

വയനാടിന്റെ പുനര്‍നിര്‍മാണം: യുനിസെഫ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി

0
 പ്രളയാനന്തര വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി യുനിസെഫ് കൈകോര്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ശുചീകരണം, അടിസ്ഥാന ജലശുദ്ധീകരണം, കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന, ആരോഗ്യം, പോഷകാഹാരം എന്നീ മേഖലകളിലെ ബോധവല്‍ക്കരണത്തിന് യുനിസെഫ് മുന്‍കൈയെടുക്കും. മലിനജലം ഉപയോഗിക്കുന്നതിലൂടെയും പോഷകാഹാരത്തിന്റെ കുറവും കാരണം ശിശുമരണവും രോഗങ്ങളും കുറയ്ക്കുക ലക്ഷ്യമിട്ട് ചൈല്‍ഡ് സര്‍വൈവല്‍ ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാമാണ് വിഭാവനം ചെയ്തിരിക്കുന്നത്. യുനിസെഫും മുംബൈ ആസ്ഥാനമായ ഡോക്ടേഴ്‌സ് ഫോര്‍ യു എന്ന സംഘടനയും സംയുക്തമായാണ് പ്രവര്‍ത്തിക്കുക. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണവുമുണ്ടാവും. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത പരിശീലകര്‍ക്കുള്ള പരിശീലനം മൂന്ന്, നാല് തിയ്യതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ കലക്ടറേറ്റില്‍ നടക്കും. കാലവര്‍ഷക്കെടുതിയില്‍ താറുമാറായ ഇതര മേഖലകളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ബന്ധപ്പെട്ട വകുപ്പുകള്‍ നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുന്ന മുറയ്ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമൊപ്പം യുനിസെഫും വയനാടിന്റെ പുനര്‍നിര്‍മാണത്തിലേര്‍പ്പെടും. ആദ്യപടിയായി മഴക്കെടുതി രൂക്ഷമായി അനുഭവപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് കുടിവെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച് വിശദ പരിശോധനയ്ക്ക് വിധേയമാക്കും. എട്ടു പഞ്ചായത്തുകളില്‍ നിന്ന് 192 സാംപിള്‍ ശേഖരിക്കാനാണ് നിലവില്‍ തീരുമാനിച്ചിട്ടുള്ളത്. യോഗത്തില്‍ സബ് കലക്ടര്‍ എന്‍എസ്‌കെ ഉമേഷ്, എഡിഎം കെ അജീഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *