May 19, 2024

തോട്ടം ഭൂമിയെ ഇ എഫ് എല്‍ പരിധിയിൽ നിന്നും ഒഴിവാക്കിയ നടപടി പുനപരിശോധിക്കണം:ബിഎംഎസ്‌

0
Kurichiarmala Urul File

മേപ്പാടി:തോട്ടം ഭൂമിയെ ഇ എഫ് എല്‍ പരിധിയിൽ നിന്നും ഒഴിവാക്കിയ നടപടി പുനപരിശോധിക്കണമെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂർ സംഘം ( ബി.എം.എസ്) ജില്ലാജനറൽ സെക്രട്ടറി,പി.കെ.മുരളീധരൻ.തോട്ടം  മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റിട്ട: ജസ്റ്റിസ് കെ.കൃഷ്ണൻ നായർ അദ്ധ്യക്ഷനായി 2015 നവംബറിൽ മുൻ ഉമ്മൻ ചാണ്ടിസർക്കാർ നിയോഗിച്ച കമ്മീഷൻ പഠന റിപ്പോർട്ട് 2016ൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ട് നടപ്പിലാക്കുവാൻ 14-ാം കേരള നിയമസഭ 11-ാം സമ്മേളനം ചട്ടം 300 അനുസരിച്ച് ജൂണ്‍ 21 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്ഥാവന നടത്തിയിരുന്നു.
കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങൾ ഭൂവിനിയോഗ മാറ്റങ്ങൾക്കും, പാരിസ്ഥിതിക പ്രതിസന്ധി രൂക്ഷമാകുന്നതിലേക്കും നയിച്ച സാഹചര്യത്തിൽ തോട്ടം മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാൻ സമഗ്രമായൊരു പദ്ധതിക്ക് സർക്കാർ രൂപം നൽകുകയുണ്ടായി. റിട്ട: ജസ്റ്റിസ് കെ.കൃഷ്ണൻ നായർ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും, ടാക്സ്, ധനകാര്യം, വനം, റവന്യൂ, കൃഷി, തൊഴിൽ, നിയമം വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളായി രൂപീകരിച്ച കമ്മിറ്റി നിർദ്ദേശ പ്രകാരമാണ് മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്ഥാവന നടത്തിയത്.കമ്മീഷൻ സർപ്പിച്ച 13 നിർദ്ദേശങ്ങളിൽ 8 എണ്ണവും അംഗീകരിക്കപ്പെട്ടു. ഇതിൽ ഏറെ ഗൗരവകരമായ കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് & മാനേജ്മെന്റ് ഓഫ് എക്കളോ ജിക്കലി ഫ്രെ ജൈൽ ലാന്റ്) ആക്ടിന്റെ പരിധിയിൽ നിന്നും പൂർണ്ണമായും തോട്ടം ഭൂമിയെഒഴിവാക്കിയെന്നതാണ്.
പരിസ്ഥിതി ലോല പ്രദേശങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാറിന്റെ കടമയാണെന്നിരിക്കെ കേരളത്തിലെ മാറിയ സാഹചര്യത്തിൽ തോട്ടം ഭൂമിയെ ഇ എഫ് എല്‍ പരിധിയിൽ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള പ്രസ്ഥാവന പിൻവലിക്കുകയും മരവിപ്പിക്കുകയും വേണം.നിയമപരമായി യാതൊരു സാധുതയും ഇല്ലാത്തതാണ് വനനിയമങ്ങളെ അട്ടിമറിക്കുന്ന ഈ പ്രസ്ഥാവന. കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുവാൻ നിർദ്ദേശങ്ങൾ സമ്മർപ്പിച്ച കമ്മിറ്റിയിൽ വനം വകുപ്പ് സെക്രട്ടറിയും ഉണ്ടായിരുന്നു.എന്നിട്ടും ഈ നിർദ്ദേശം സർക്കാറിന് നൽകിയെന്നത് വിരോധാഭാസമാണ്. ഇടതുപക്ഷ സർക്കാരുകളുടെ ഭരണകാലത്ത് ഇത്തരം സംഭവങ്ങൾ ആദ്യമായല്ല ഉണ്ടാകുന്നത്.മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഭരണത്തിൽ തൊഴിൽ മന്ത്രിയായിരുന്ന ഗുരുദാസൻ പ്ലാന്റേഷൻ സ്റ്റഡി കമ്മിറ്റിക്ക് രൂപം നൽകുകയുണ്ടായി. ട്രേഡ് യൂണിയൻ നേതാക്കളും,സർക്കാർ പ്രതിനിധികളും അടങ്ങുന്ന പ്രസ്തുത കമ്മിറ്റി തോട്ടം മേഖലകളുള്ള കേരളം ഉൾപ്പെടെ ഭാരതത്തിലെ അഞ്ച് സംസ്ഥാനങ്ങൾ (കേരളം, തമിഴ്നാട്, കർണ്ണാടകം, അസം, പശ്ചിമ ബംഗാൾ) സന്ദർശിച്ച് തോട്ടം ഭൂമി കാർഷികേതര ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ നിർദ്ദേശിക്കുകയുണ്ടായി. ഇതര സംസ്ഥാനങ്ങൾ സന്ദർശിച്ച സംഘത്തിന് അസം തോട്ടം ഉടമകൾ മാത്രമാണ് തോട്ട ഭൂമിയിൽ എണ്ണ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തുന്ന സാഹചര്യത്തിൽ മാത്രം സർക്കാറിന്കാർഷികേതര ആവശ്യത്തിനായി തോട്ട ഭൂമി ഏറ്റെടുക്കാമെന്ന് അറിയിച്ചിരുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ തോട്ട ഭൂമി മറ്റിതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നില്ലെന്ന യാഥാർത്ഥ്യം മറച്ചുവെച്ച് ഇവിടങ്ങളിൽ തോട്ട ഭൂമി ഇതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് കാണിച്ച് റിപ്പോർട്ടിൽ (തോട്ടം ഉടമകളെ സഹായിക്കുന്നതിനായി മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയിൽ ) ഒപ്പിടുകയായിരുന്നു.എന്നാൽ കേരളത്തിലെ തോട്ടം ഉടമ ക ളുടെ ചെലവിൽ നടത്തിയ ഈ പഠനയാത്രയിലും, റിപ്പോർട്ടിലും എതിർപ്പ് അറിയിച്ച് വിയോജന കുറിപ്പെഴുതിയതും, യാത്രക്കായി ബി.എം.എസ്.പ്രതിനിധിക്ക് ചെലവായ മുഴുൻതുകയും തിരികെ നൽകുകയും ചെയ്തത് ബി.എം.എസ്.മാത്രമായിരുന്നെന്നത് ചരിത്ര സത്യമായി നില നിൽക്കുന്നു. പ്രസ്തുത റിപ്പോർട്ടിന്റെ ചുവടുപിടിച്ച് പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ തോട്ട ഭൂമിയിൽ നടത്തേണ്ട നിർമ്മാണവും, വിനിയോഗവും സംബന്ധിച്ച ചർച്ചകൾ നടത്തുകയും പ്രതിസന്ധിയുടെ പേരു പറഞ്ഞ് തോട്ടംഉടമകൾ കൈവശം വെക്കുന്ന ഭൂമിയുടെ  5 % ഭൂമി മറ്റിതര ആവശ്വങ്ങൾക്കായി (ടൂറിസം ) ഉപയോഗിക്കാമെന്ന് തീരുമാനിക്കുകയുമുണ്ടായി. കേരള ഭൂപരിഷ്കരണ നിയമപ്രകാരം നിലനിൽക്കുന്ന തോട്ട ഭൂമി ഇനംമാറ്റം വരുത്തി ഭൂ പരിഷ്കരണ നിയമം അട്ടിമറിക്കാനുള്ള ഇരുമുന്നണികളുടെയും ഗൂഢവും, ആസൂത്രിതവുമായ നീക്കമായിരുന്നു ഇത്.
കേരളം ഈ നൂറ്റാണ്ടിൽ നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയിലും, മനുഷ്യനിർമ്മിത വെള്ളപൊക്കത്തിലും500 ഓളം        പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.12477 വീടുകളും, 347 32 കിലോമീറ്റർ റോഡുകളും, 2 18 പാലങ്ങളും, ആയിരക്കണക്കിന് വളർത്തു മൃഗങ്ങളും, ലക്ഷക്കണക്കിന് ഏക്ര കൃഷിയും, ആയിരക്കണക്കിന് ആളുകൾ ജീവിക്കാൻ മാർഗ്ഗമില്ലാതെ തീരാ ദുരിതത്തിലുമായി. 
കോടാനുകോടി രൂപയുടെ നാശനഷ്ടം വിതച്ച പ്രകൃതിക്ഷോഭത്തിൽ നിന്നും നാം പാഠം ഉൾക്കൊള്ളുവാൻ ഇനിയെങ്കിലും തയ്യാറാകണം. വയനാട് ജില്ലയിൽ ഏറെ ദുരിതം വിതച്ചത് തോട്ടം മേഖലയിലാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളായ പൊഴുതന, വൈത്തിരി ,തിരുനെല്ലി, തവിഞ്ഞാൽ പഞ്ചായത്തുകളിൽ വ്യാപകമായ ഉരുൾപൊട്ടലുകൾ ഉണ്ടായ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കിയ നടപടി ആശ്വാസകരമാണ്. കുറിച്യർ മല എസ്റ്റേറ്റിൽ മാത്രം ഉരുൾപൊട്ടലിൽ നശിച്ചത് 42.5 ഹെക്ടർ തേയില തോട്ടമാണ്. നമ്മുടെ ഭരണാധികാരികൾ ദീർഘവീക്ഷണമില്ലാതെ ചില സങ്കുചിത സ്വാർത്ഥ താൽപ്പര്യത്തിനു വേണ്ടി നടപ്പിലാക്കുവാൻ ശ്രമിക്കുന്ന പ്രകൃതി വിരുദ്ധമായ തീരുമാനങ്ങളിൽ നിന്നും ഇനിയെങ്കിലും പിൻമാറണം. പ്രകൃതിക്കും, ജനതക്കും വിനാശമാകുന്ന ഏതു നിയമവും ,ഉത്തരവുകളും റദ്ദാക്കുവാൻ അലംഭാവം കാണിക്കരുത്. അത് ഈ കാലഘട്ടത്തിനും, വരും തലമുറയുടെ സുരക്ഷിതത്വത്തിനും അത്യാവശ്യമാണെന്ന് ബന്ധപ്പെട്ടവരെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *