May 19, 2024

പ്രളയാനന്തര കേരളം: പരിഷത് ക്യാമ്പയിന് തുടക്കമായി

0
പ്രളയനാന്തരം കേരളത്തിന്റെ പുനർ നിർമ്മിതി എങ്ങനെയാവണം എന്ന വിഷയത്തിൽ  ശാസ്ത്ര സാഹിത്യ പരിഷത് രൂപപ്പെടുത്തിയ നിർദേശങ്ങൾ  ബഹുജനങ്ങളുമായി സംവദിക്കുന്നതിന്  *സുസ്ഥിര വികസനം   സുരക്ഷിത കേരളം*" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട്  സംഘടിപ്പിക്കുന്ന മേഖലാ പദയാത്രകൾക്ക് ഇന്ന് പുൽപ്പള്ളിയിൽ തുടക്കമാവും . 
കേരള ചരിത്രത്തെ രണ്ടായി പിളർത്തിക്കൊണ്ടാണ് 2018ലെ പ്രളയം കടന്നു പോയത്. 
പ്രളയത്തെ വൻ  ദുരന്തമാക്കി മാറ്റിയതിൽ കേരളത്തിന്റെ വികസന നയത്തിന് വലിയ പങ്കുണ്ട്. 
മൊത്തത്തിൽ  പരിസ്ഥിതി ലോല പ്രദേശമായ കേരളത്തിന്റെ പരിസ്ഥിതിയും വികസനവും തമ്മിൽ നടക്കുന്ന സംഘർഷം ഇതിൽ കാണാൻ കഴിയും. നിലവിലുള്ള കേരളത്തിന് എന്തെല്ലാം പോരായ്മകളുണ്ടോ അവയെല്ലാം പരിഹരിച്ച് ഒരു പുതിയ കേരളം സൃഷ്ടിക്കാനുള്ള ശ്രമം നടത്തണം എന്നതാണ് പ്രളയവും ഉരുൾപൊട്ടലും നൽകുന്ന പാഠം.  
ഇവിടെ ജീവിക്കുന്ന തലമുറയിലെ വിവിധ വിഭാഗം ആളുകൾ തമ്മിൽ മാത്രമല്ല വിവിധ തലമുറകൾ തമ്മിലുള്ള തുല്യത കൂടി ഉറപ്പാക്കുക എന്നതിലേക്ക് നമ്മൾ വികസനത്തിന്റെ നിർവ്വചനം പൊളിച്ചെഴുതണം. ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് ഒരു സമൂഹത്തിന്റെ ജീവിത നിലവാരം തുടർച്ചയായി മെച്ചപ്പെടുത്തുന്ന ഒരു രാഷ്ടീയ പ്രവർത്തനമായി വികസന  ചിന്ത മാറണം.
പരിഷത് സംസ്ഥാന കമ്മിറ്റി കേരള സർക്കാരിന് സമർപ്പിച്ച നിർദേശങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പദയാത്രകളുടെ ഭാഗമായാണ് വയനാട് ജില്ലയിലും പദയാത്രകൾ നടത്തുന്നത്.  
ജില്ലയിൽ 25 മുതൽ 28 വരെ യുള്ള ദിവസങ്ങളിലായി 5 പദയാത്രകൾ ആണ് വയനാട്ടിൽ നടക്കുക.
പദയാത്രാ സ്വീകരണ കേന്ദ്രങ്ങളിൽ കേരളത്തിന്റെ പുനർനിർമ്മാണം സംബന്ധിച്ച സംവാദങ്ങൾ നടക്കും.
ജില്ലാതല ഉദ്‌ഘാടനം 25 നു വൈകുന്നേരം പുൽപ്പള്ളിയിൽ നടക്കും.  
ജില്ലാ വൈസ് പ്രസിഡന്റ് വി പി ബാലചന്ദ്രൻ വിഷയാവതരണം നടത്തും . 
പുൽപ്പള്ളി മേഖല പദയാത്ര 26 നു അമരക്കുനിയിൽ നിന്നാരംഭിക്കും .
മേഖല പ്രസിഡന്റ് പി സി മാത്യു ക്യാപ്റ്റനും ജില്ലാ കമ്മിറ്റി അംഗം വി എസ്  ചാക്കോ മാനേജരും ആണ്. 
മാനന്തവാടി മേഖലാ പദയാത്ര 27 ന് ശനിയാഴ്ച പനമരം കൊറ്റില്ലത്തു നിന്നും ആരംഭിക്കും. 
മേഖല പ്രസിഡന്റ് ഓ.കെ രാജു ക്യാപ്റ്റനും സെക്രട്ടറി പി കുഞ്ഞികൃഷ്‌ണൻ മാനേജരും ആയിരിക്കും. 
ബത്തേരി മേഖല പദയാത്ര 28ന് ഞായറാഴ്ച  മീനങ്ങാടിയിൽ നിന്നും ആരംഭിക്കും.  
മേഖല പ്രസിഡന്റ് ടി പി സന്തോഷ് ക്യാപ്റ്റനും വി എൻ  ഷാജി മാനേജരും ആയിരിക്കും.  
കൽപ്പറ്റ മേഖലയിൽ രണ്ടു യാത്രകൾ ഉണ്ടായിരിക്കും.  
28ന് ഞായറാഴ്ച  പൊഴുതന കമ്പളക്കാട്  എന്നിവിടങ്ങളിൽ രാവിലെ ആരംഭിച്ചു വൈകീട്ട് കോട്ടത്തറയിൽ സമാപിക്കും. 
പൊഴുതന നിന്നാരംഭിക്കുന്ന ജാഥയിൽ മേഖല സെക്രട്ടറി ടി പി കമല ക്യാപ്റ്റനും കെ ദിനേഷ് മാനേജരും  കമ്പളക്കാട് നിന്നാരംഭിക്കുന്ന ജാഥയിൽ മേഖല പ്രസിഡന്റ് എം കെ ദേവസ്യ ക്യാപ്റ്റനും പി ബിജു മാനേജരും ആയിരിക്കും. 
വിവിധ ജാഥ സ്വീകരണ കേന്ദ്രങ്ങളിൽ നിർവാഹക സമിതി അംഗം പ്രൊ കെ ബാലഗോപാലൻ ജില്ലാ പ്രസിഡന്റ് മാണി വിൻസന്റ് ജില്ലാ സെക്രട്ടറി പി ആർ മധുസൂദനൻ പി സുരേഷ് ബാബു എം എം ടോമി തുടങ്ങിയവർ സംസാരിക്കും.
ജില്ലാ പദയാത്രയെ തുടർന്ന് സംസ്ഥാന തല വാഹന പ്രചാരണ ജാഥ  നവംബർ 12ന് ജില്ലയിൽ എത്തും.  
വയനാട്ടിലെ ആറ് കേന്ദ്രങ്ങളിൽ സ്വീകരണമൊരുക്കും. 
വയനാടിന്റ സുസ്ഥിര വികസനത്തെ അധികരിച്ച് പ്രമുഖ ഭൗമ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജില്ലാതല സെമിനാർ നവംബർ 7 ന് കൽപ്പറ്റ സ്വാമിനാഥൻ ഫൗണ്ടേഷനിൽ വച്ച് നടത്തും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *