May 18, 2024

മിഷന്‍ ക്ലീന്‍ വയനാട് :കര്‍മ്മ പദ്ധതിയായി

0
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും ജനപങ്കാളിത്തം ഉറപ്പു വരുത്തിയും ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സമ്പൂര്‍ണ മാലിന്യമുക്ത വയനാടിന് രൂപരേഖയായി. വാര്‍ഡ് അല്ലെങ്കില്‍ ഡിവിഷന്‍ തലത്തില്‍ മാലിന്യസംസ്‌കരണ സംവിധാനമൊരുക്കുകയാണ് ആദ്യ പടി. വാര്‍ഡ് തലത്തില്‍ 51 അംഗങ്ങള്‍ അടങ്ങുന്ന മാലിന്യപരിപാലന സേന രൂപീകരിക്കും. ഇതില്‍ നിന്നും അഞ്ചംഗ മാലിന്യപരിപാലന കമ്മിറ്റിയെ തിരഞ്ഞെടുക്കും. വാര്‍ഡ് മെമ്പര്‍ അദ്ധ്യക്ഷനായും, തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി കണ്‍വീനറായും വാര്‍ഡില്‍ മാലിന്യപരിപാലനം സംഘടിപ്പിക്കും. പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും കോര്‍ഡിനേഷന്‍ കമ്മറ്റികള്‍ ഉണ്ട്. ജില്ലാ തലത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായികള്‍, സന്നദ്ധസംഘടനകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ഓഡിറ്റോറിയം ഉടമകള്‍, റിസോര്‍ട്ട് ഉടമകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് എന്നിവരുള്‍പ്പെടുന്ന ഓര്‍ഗനൈസിംഗ് കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ചെയര്‍മാനും, ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ജനറല്‍ കണ്‍വീനറും, സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ജില്ലാ തല കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ കണ്‍വീനറുമാകും.
        നാളെ മുതല്‍  വാര്‍ഡ് തല ശുചീകരണവും, നവംബര്‍ 14 ന് പഞ്ചായത്ത് തലത്തിലും ശുചിത്വപ്രവര്‍ത്തനങ്ങള്‍ നടത്തും. ഡിസംബറില്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എല്ലാ വീടുകളിലും സ്ഥാപിക്കും. കുടുംബശ്രീ തുണി സഞ്ചികള്‍ പഞ്ചായത്തടിസ്ഥാനത്തില്‍ ചുരുങ്ങിയ ചെലവില്‍ വിപണനം ചെയ്യും. ഹരിത കര്‍മ്മ സേനകള്‍, തരം തിരിച്ച് വൃത്തിയാക്കിയ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യശേഖരങ്ങള്‍,  ബ്ലോക്കടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രങ്ങള്‍ എന്നിവ സജ്ജമാക്കും. എല്ലാ ഗ്രാമ പഞ്ചായത്തുകളും ഡിസംബര്‍ 31 നുള്ളില്‍ പ്ലാസ്റ്റിക് ക്യാരീബാഗ് നിരോധിച്ച് ഉത്തരവിറക്കും. ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവരുടെ സേവനം താഴെത്തട്ട് വരെ ലഭ്യമാക്കും.നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കൈകൊള്ളും.
   ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കണ്‍വീനറും, ജില്ലാ പോലീസ് സൂപ്രണ്ട് വൈസ് ചെയര്‍മാനും, പി.എ.യു പ്രൊജക്ട് ഡയറക്ടര്‍,  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) , റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ (നഗരകാര്യം), വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്  എണ്‍വയോണ്‍മെന്റല്‍ എഞ്ചിനിയര്‍ എന്നിവര്‍ അംഗങ്ങളുമായി അപ്പലേറ്റ് കമ്മറ്റിയും മാലിന്യമുക്ത വയനാടിനായി രൂപീകരിച്ചിട്ടുണ്ട്.  


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *