May 15, 2024

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം സംഘാടക സമിതി രൂപീകരിച്ചു. · ജില്ലാതല ഉദ്ഘാടനം 21ന്

0
Aayiramdinam Avalokana Yogathil Manthri K K Shylaja Samsarikunnu


   സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ  അധ്യക്ഷതയില്‍ കലക്ടറേറ്റിലെ എപിജെ ഹാളില്‍ സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. ജില്ലയിലെ പരിപാടികളുടെ മേല്‍നോട്ട ചുമതലയുള്ള മന്ത്രി കെ കെ ശൈലജ ചെയര്‍പേഴ്‌സണും ജില്ലാ കലക്ടര്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജോയിന്റ് കണ്‍വീനറുമാണ്. എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരാണ് രക്ഷാധികാരികള്‍. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഉപസമിതി അധ്യക്ഷരാണ്. ആയിരം ദിനാഘോഷം ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 21ന് രാവിലെ കല്‍പ്പറ്റയില്‍ മന്ത്രി കെ കെ ശൈലജ  നിര്‍വഹിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യോഗത്തില്‍ എംഎല്‍എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, എ.ഡി.എം കെ അജീഷ്, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 
   കഴിഞ്ഞ മൂന്നു വര്‍ഷക്കാലം സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്നതാണ് ആയിരം ദിനാഘോഷത്തിന്റെ ലക്ഷ്യമെന്നു മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നീ മിഷനുകളുടെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആഘോഷ പരിപാടികളില്‍ വിലയിരുത്തപ്പെടും. ജനക്ഷേമം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ക്യാമ്പയിനുകള്‍ തുടര്‍ന്നു കൊണ്ടുപോവുകയെന്നതും ലക്ഷ്യമാണെന്നു മന്ത്രി പറഞ്ഞു.  ഫെബ്രുവരി 20 മുതല്‍ 27 വരെയാണ് ആഘോഷപരിപാടികള്‍. എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്നു ദിവസത്തെ ആഘോഷ പരിപാടികളാണ് നടത്തുക. ജില്ലാതലത്തില്‍ വിവിധ വകുപ്പുകള്‍ പങ്കെടുക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം, കൃഷി, ആരോഗ്യം, ആദിവാസി വികസനം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുമായി ബന്ധപ്പെട്ട സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും മേല്‍നോട്ടത്തില്‍ നിര്‍മിച്ച ആയിരത്തോളം വീടുകളുടെ താക്കോല്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും. ആരോഗ്യവകുപ്പിന് കീഴില്‍ നിര്‍മിച്ച വിവിധ ആരോഗ്യകേന്ദ്രങ്ങള്‍, എക്സൈസ് വകുപ്പിന്റെ ലഹരിമോചന ചികില്‍സാ കേന്ദ്രം, കല്‍പ്പറ്റ അമൃത്, സുഗന്ധഗിരിയിലെ വിവിധ വികസന പദ്ധതികള്‍, വിവിധ പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റി നിര്‍മിച്ച മൂന്നു കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവ ഉദ്ഘാടനം ചെയ്യും. അഞ്ചു കോടി രൂപ മുതല്‍ മുടക്കുന്ന കര്‍ലാട് തടാകം പുനരുദ്ധാരണം, കല്‍പ്പറ്റ ടൗണ്‍ഹാള്‍, യുനസ്‌കോയുടെ സഹായത്തില്‍ നടപ്പാക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയുടെ നിര്‍മാണ പ്രവൃത്തിക്കും തുടക്കം കുറിക്കും. പണി പൂര്‍ത്തീകരിച്ച 10 സ്‌കൂള്‍ കെട്ടിടങ്ങളും പൂമല ബിഎഡ് സെന്ററിന്റെ പുതിയ കെട്ടിടവും സമയബന്ധിതമായി പൂര്‍ത്തീകരിച്ച വിവിധ റോഡുകളുടെയും ഉദ്ഘാടനം ഇക്കാലയളവില്‍ നടത്തും. ആഘോഷ പരിപാടികളോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യുന്ന വിവിധ പദ്ധതികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *