May 15, 2024

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം വിജയം കണ്ടു- മന്ത്രി കെ.കെ ശൈലജ

0
Arogya Jagratha Jillathala Ulkhadanam Manthri K K Shylaja Nirvahikunnu 1

       പകര്‍ച്ചവ്യാധി രോഗങ്ങള്‍ക്കെതിരെ ആരോഗ്യ വകുപ്പ് സ്വീകരിച്ച പ്രതിരോധ നടപടികള്‍ വിജയം കണ്ടെന്നു വകുപ്പ് മന്ത്രി കെ.കെ ശൈലജ. ആരോഗ്യ ജാഗ്രത – 2019 ജില്ലാതല കാമ്പയിനും ആരോഗ്യ സന്ദേശയാത്രയും മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി  സ്‌കൂള്‍ മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ആരോഗ്യ ജാഗ്രത കാമ്പയിന് സംസ്ഥാനത്ത് തുടക്കം കുറിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായിരുന്നു ജാഗ്രത കാമ്പയിന്‍. ഇതിന്റെ ഫലമായി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സെങ്കിപ്പനി കേസുകളില്‍ 48 ശതമാനത്തിന്റെ കുറവുണ്ടായി. ഡിഫ്ത്തീരിയ, കോളറ, ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ കേസുകളടക്കം നിയന്ത്രണ വിധേയമാക്കാനും കഴിഞ്ഞു. ഒരു വര്‍ഷം നീളുന്ന കര്‍മപരിപാടികളിലൂടെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.  ആരോഗ്യരംഗത്ത് മാതൃകയാവാന്‍ കഴിഞ്ഞതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവനാളുകളെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. പ്രവര്‍ത്തനം വരും വര്‍ഷങ്ങളിലും മികച്ചതാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കും മന്ത്രി ഓര്‍മിപ്പിച്ചു. വാര്‍ഡുതലത്തില്‍ ശുചിത്വ ജാഗ്രത സമിതികളും ആരോഗ്യ സേനകളും നിര്‍ബന്ധമായും രൂപികരിക്കാനും പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ മേഖലയില്‍ വളണ്ടിയര്‍ സേവനം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ ഇന്‍സന്റീവും ഓണറേറിയവും അടക്കമുള്ള വേതനം 9000 രൂപയായി ക്രമീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റുമാര്‍ക്കുള്ള പുസ്തകം വിതരണവും മന്ത്രി നിര്‍വഹിച്ചു. കുട്ടി ഡോക്ടര്‍മാരുടെ സേവനം വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആര്‍. രേണുക. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മര്‍ജ, ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ പത്തരയോടെ മാനന്തവാടി ടൗണില്‍ നിന്നും ആരംഭിച്ച സന്ദേശയാത്ര ഉദ്ഘാടന വേദിയില്‍ അവസാനിച്ചു. സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റുകള്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കാളികളായി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *