May 20, 2024

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം: ജില്ലാതല ഉദ്ഘാടനം ആരോഗ്യ മന്ത്രി നിര്‍വഹിച്ചു

0
Aayiram Dinaghosham Manthri K K Shylaja Ulkhadanam Cheyunnu 1

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരോഗ്യ, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു. ആരോഗ്യമേഖലയില്‍ സമഗ്ര മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ പ്രകടമായ ഉദാഹരണമാണ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ വിവിധ യൂനിറ്റുകള്‍. ജില്ലയില്‍ 15 ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രളാക്കി മാറ്റി. ഇത് പൊതുജനാരോഗ്യ രംഗത്ത് സമൂല മാറ്റം സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
അടിസ്ഥാന മേഖലയുടെ വികസനത്തിനൊപ്പം വ്യവസായ മേഖലയ്ക്കും ഊര്‍ജം പകരാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും പൂര്‍ത്തിയാക്കില്ലെന്നു കരുതിയിരുന്ന ഗെയില്‍ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായി അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം, ഹരിതകേരളം മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണം, ലൈഫ് തുടങ്ങിയ ജനക്ഷേമ പദ്ധതികളിലൂടെ പൊതുസമൂഹത്തിന്റെ സമഗ്ര ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ വേഗമേറിയ പൂര്‍ത്തീകരണമാണ് കഴിഞ്ഞ നാളുകളില്‍ സര്‍ക്കാര്‍ കാഴ്ചവച്ചത്. ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ മാത്രം 16 പദ്ധതികളാണ് വയനാട് ജില്ലയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഫെബ്രുവരി 27 വരെ നടക്കുന്ന ആഘോഷവേളയില്‍ നൂറിലേറെ പദ്ധതികളുടെ ഉദ്ഘാടനവും വിവിധ പ്രവൃത്തികളുടെ തുടക്കംകുറിക്കലുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 
ജില്ലാതല ഉദ്ഘാടനച്ചടങ്ങില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷുറന്‍സ് കാര്‍ഡ് മന്ത്രി കൈമാറി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള വായ്പാ വിതരണം, കാര്‍ഷികോപകരണങ്ങളുടെ വിതരണം എന്നിവയും സാക്ഷരതാ മിഷന്റെ സമഗ്ര, ചങ്ങാതി, നവചേതന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. രണ്ടുലക്ഷം പേര്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണവും നടന്നു. ടൂറിസം കേന്ദ്രങ്ങളിലെ ഓണ്‍ലൈന്‍ ടിക്കറ്റിങ് ഉദ്ഘാടനവും നിര്‍വഹിച്ചു. 
സി.കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഒ ആര്‍ കേളു എംഎല്‍എ, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ്, ജില്ലാ കളക്ടര്‍ എ ആര്‍ അജയകുമാര്‍, എഡിഎം കെ അജീഷ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം മധു, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ പി ഗഗാറിന്‍, വിജയന്‍ ചെറുകര, പള്ളിയറ രാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *