May 19, 2024

കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണമെന്ന് കര്‍ഷക സഖ്യം.

0
കല്‍പ്പറ്റ: വയനാട്   ജില്ലയിലെ കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക സഖ്യം ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ജില്ലയില്‍ അതിരൂക്ഷമായ കാര്‍ഷിക പ്രതിസന്ധി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വരള്‍ച്ച, പ്രളയം, വിളനാശം, വന്യമൃഗശല്യം, വിളത്തകര്‍ച്ച എന്നിവയാല്‍ കര്‍ഷകര്‍ പൊറുതിമുട്ടുകയാണ്. ഡിസംബര്‍ 31വരെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുകയാണ്. ധനകാര്യ സ്ഥാപനങ്ങളുടെ ധിക്കാരപരമായ നടപടിയെത്തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹ്യയില്‍ അഭയം പ്രാപിക്കുകയാണ്. 
ജില്ലയില്‍ 956 കര്‍ഷകര്‍ വന്യമൃഗ ആക്രമണത്തില്‍ മരിച്ചു. കാര്‍ഷിക കടങ്ങളില്‍ സര്‍ഫാസി നിയമം പ്രയോഗിക്കാന്‍ പാടില്ലെന്നിരിക്കെ 900ത്തില്‍പ്പരം കര്‍ഷകര്‍ സര്‍ഫാസി ചുമത്തപ്പെട്ട് ജപ്തി നടപടി നേരിടുകയാണ്. കര്‍ഷക പെന്‍ഷനുവേണ്ടി സമര്‍പ്പിക്കപ്പെട്ട 2016 ജൂലൈ മുതലുള്ള അപേക്ഷകള്‍ ഒന്നും പരിഗണിക്കപ്പെട്ടിട്ടില്ല. ഇത് അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കപ്പെടേണ്ടതാണ്. ജില്ലയുടെ മെഡിക്കല്‍ കോളജ് എന്ന ആവശ്യവും യാഥാര്‍ഥ്യമാക്കാന്‍ അധികൃതര്‍ ശ്രമിക്കണം. സംസ്ഥാനത്തിന്റെ പൊതുകടം പെരുകുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വന്‍തോതില്‍ വര്‍ധിപ്പിക്കുകയും കര്‍ഷകരെ അവഗണിക്കുകയുമാണ്. കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനത്തിന് ആവശ്യമായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിമുഖത കാണിക്കുകയാണ്. 
കര്‍ഷകര്‍ എടുത്ത വായ്പകള്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കെ. കുഞ്ഞിക്കണ്ണന്‍, രാജു ബത്തേരി, പി.ജെ. ദേവസ്യ, എന്‍.ജെ. ചാക്കോ, ജോണ്‍, ടി. ഇബ്രാഹിം എന്നിവര്‍ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *