May 20, 2024

മുളവൽക്കരണത്തിന് തയ്യാറെടുത്ത് വയനാട് : ഇന്ന് ലോക മുളദിനം.

0
Img 20190918 Wa0009.jpg
സി.വി.ഷിബു
    വയനാട് മുള വൽക്കരണത്തിന് ഒരുങ്ങുന്നു.വിവിധ സംഘടനകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തിലാണ് മുള വൽക്കരണ പരിപാടി. 
മുള നടാം മണ്ണിനെയും
 പ്രകൃതിയെയും സംരക്ഷിക്കാം.
അടിക്കടിയുണ്ടാകുന്ന മഹാ പ്രളയത്തില്‍ നിന്നും ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്ന് മുളവത്ക്കരണമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പുല്ലിന്‍റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ഏക പുഷ്പിയായ മുളകളില്‍ ഏറ്റവും വലിയ ഇനമായ ഭീമന്‍ മുളകള്‍ക്ക് എണ്‍പത് അടിയോളം ഉയരമുണ്ടാകും. ചില മുളകള്‍ എല്ലാ വര്‍ഷവും പുഷ്പിക്കുമെങ്കിലും മറ്റ് ചിലവ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലോ ആയുസ്സില്‍ ഒരിക്കലോ മാത്രമേ പുഷ്പിക്കാറുള്ളൂ. ലോകത്തെല്ലായിടത്തും മുള നട്ടുപിടിപ്പിച്ച് വളര്‍ത്താറുണ്ട്. ഇന്ത്യയിലെ പലയിടങ്ങളിലുമുള്ള ആദിവാസികളും കര്‍ഷകരും മുളയെ അവരുടെ ജീവിതത്തിന്‍റെ ഭാഗമാക്കുന്നു. ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലകളിലെ ആദിവാസികള്‍ മുളകൊണ്ടുള്ള ഭാരം കുറഞ്ഞ പ്രകൃതിസൗഹൃദ വീടുകള്‍ നിര്‍മ്മിക്കുന്നു. ഇവ നിര്‍മ്മിക്കാനും പുനര്‍ നിര്‍മ്മിക്കാനും ആവശ്യമെങ്കില്‍ പൊളിച്ചുമാറ്റാനും എളുപ്പമാണ്.
കേരളത്തിലെ പല കര്‍ഷകരും ഒട്ടേറെ സ്ഥലങ്ങളില്‍ മുളയുടെ കൃഷി വ്യാപകമാക്കിയിട്ടുണ്ട്. വളരെ പെട്ടെന്ന് വളരുന്നതും നല്ല കാതലുള്ളതുമായ ആനപ്പുല്ല് എന്ന പേരിലും മുള അറിയപ്പെടുന്നുണ്ട്. പണ്ടുകാലത്ത് കേരളത്തിലെ കാര്‍ഷികവൃത്തിയില്‍ മുളകള്‍ കൊണ്ടുള്ള ഉപകരണങ്ങളായിരുന്നു പൂര്‍ണമായും ഉപയോഗച്ചിരുന്നത്. കൊട്ട, വട്ടികള്‍, കൂട, പലതരം മുറങ്ങള്‍ തുടങ്ങിയവയും കര്‍ഷകര്‍ ഉപയോഗിച്ചുപോന്നു. അളവുപാത്രങ്ങളും പാചക ഉപകരണങ്ങളും ഇതുകൊണ്ടുണ്ടക്കുമായിരുന്നു. തെങ്ങോലയും പനയോലയും പുല്ലുംകൊണ്ട് കെട്ടിമേഞ്ഞിരുന്ന പുരകളുടെ പ്രധാന നിര്‍മ്മാണ വസ്തു മുളയായിരുന്നു. ധാരാളം മുള്ളുകള്‍ ഉള്ളതുകൊണ്ടോ ഒന്നോരണ്ടോ കാലവര്‍ഷങ്ങളെ അതിജീവിക്കുമെന്നുള്ളതുകൊണ്ടും തോട്ടങ്ങളുടെ അതിരുകളില്‍ വേലി കെട്ടുന്നതിന് ഇതിന്‍റെ ചില്ലകള്‍ ഉപയോഗിച്ചിരുന്നു. മുളയുടെ ശാസ്ത്രീയമായ സംസ്കരണവും ഉത്പന്ന വൈവിധ്യവത്ക്കരണവുമാണ് ഇപ്പോള്‍ മുളയെ നല്ല ആദായമുള്ള കൃഷിയാക്കി മാറ്റുന്നത്. കരകൗശല വസ്തുക്കളായും പ്രകൃതി സൗഹൃദ ഉപകരണങ്ങളായും പാചകോപാധികളായും മുളയെ ഉപയോഗിക്കാം. മുളയുടെ അരിക്ക് സൂചിഗോതമ്പിന്‍റെ മണിയോടാണ് സാമ്യം. പൂക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് തന്നെ മൂലകാണ്ഡത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയും പുതിയ മുളകള്‍ നാമ്പിടാതിരിക്കുകയും ചെയ്യും.
മുളയുടെ ജനുസ്സുകളെ പ്രധാനമായും മൂന്നായി തരംതിരിച്ചിട്ടുണ്ട്. ബാംബൂസ, ഡെന്‍ട്രോകലാമസ്, ത്രൈസോസ്റ്റാറ്റക്കസ് എന്നിവയാണവ. മണ്ണൊലിപ്പ് തടയാനും ജലസംരക്ഷണത്തിനും മുളവളര്‍ത്തല്‍ അത്യന്താപേക്ഷിതമാണ്. മുള വളര്‍ത്തി സംസ്ക്കരിച്ച് വിപണനം നടത്തി പണമുണ്ടാക്കുക എന്നത് ഇപ്പോള്‍ സാധ്യമായ കാര്യമായിട്ടുണ്ട്. നടീല്‍ കഴിഞ്ഞ് നാലാം വര്‍ഷം മുതല്‍ തുടര്‍ച്ചയായി ആദായം നേടിത്തരുന്ന സസ്യമാണ് മുള. മറ്റ് തേക്ക്, യൂക്കാലി, മാഞ്ചിയം , മഹാഗണി തുടങ്ങിയ വൃക്ഷകൃഷികളിലേതുപോലെ ആദായം ലഭിക്കാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ട. ഏത് തരം കാലാവസ്ഥയിലും മുള നന്നായി വളരും. വാണിജ്യാടിസ്ഥാനത്തില്‍ മുള കൃഷിചെയ്യാവുന്നതിന്‍റെ പ്രയോജനം കര്‍ഷകര്‍ ഉപയോഗപ്പെടുത്തണമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളില്‍ ഇടയ്ക്കിടെ പറയാറുണ്ട്. വയനാട് ജില്ലയിലെ തൃക്കൈപ്പറ്റയില്‍ മുളയ്ക്കുവേണ്ടിതന്നെ ഉറവ് എന്ന പേരില്‍ ഒരു പഠനഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്ത് നിലവിലുള്ള 500. ലധികം മുള ഇനങ്ങളിൽ അൻപതിലധികം ഇനം ഉറവിലുണ്ട്. 
    കഴിഞ്ഞ ദിവസം ഇവിടം സന്ദര്‍ശിച്ച ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് കേരളത്തില്‍ എല്ലാ ജില്ലകളിലും മുളകള്‍ നട്ടുപിടിപ്പിക്കുന്നതിനും മുളകൃഷി വ്യാപകമാക്കുന്നതിനും പദ്ധതി തയ്യാറാക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് പറഞ്ഞിരുന്നു. കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ കോണ്‍ക്രീറ്റ് ബണ്ടുകള്‍ നിര്‍മ്മിക്കുന്നതിന് പകരം മുള ഉപയോഗിച്ചുകൊണ്ടുള്ള ബണ്ടുകള്‍ നിര്‍മ്മിക്കുന്നത് ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തെ ചെറുക്കാനും മണ്ണൊലിപ്പ് തടയാനും ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് രക്ഷ നേടാനും ചരിഞ്ഞ പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളില്‍ മുളകള്‍ നട്ടുപിടിപ്പിക്കുന്നത് വളരെ ഉത്തമമാണ്. കര്‍ഷകര്‍ക്ക് മുളകൃഷിയില്‍ വിജ്ഞാനവും പരിശീലനവും മുളകൃഷിക്കാവശ്യമായ വിവിധതരം തൈകള്‍ നല്‍കുന്നതിനും മറ്റുമായി തൃശൂര്‍ ജില്ലയിലെ പീച്ചിയിലുള്ള കേരള വനഗവേഷണ കേന്ദ്രത്തില്‍ മുളകളെ സംബന്ധിച്ചും ഗവേഷണം നടന്നുവരുന്നുണ്ട്. തൃക്കൈപ്പറ്റ ഉറവിലും ഇത് സംബന്ധിച്ച വിവരങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാകും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ മിഷന്‍ ഓണ്‍ ബാംബൂ ആപ്ലിക്കേഷന്‍ രാജ്യത്തൊട്ടാകെയുള്ള മുളകൃഷിയേയും അതിന്‍റെ മൂല്യവര്‍ദ്ധനവിനേയും അതിനുള്ള പരിശീലനത്തിനും സഹായം നല്‍കിവരുന്നു. മുള ഒരു ആദായവിളയാണ്. ആദിവാസികള്‍ മുളയരിയും, മുളങ്കൂമ്പും ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *