May 19, 2024

വിള ഇന്‍ഷുറന്‍സ് പ്രചാരണ പക്ഷം തുടങ്ങി; 27 ഇനം കാര്‍ഷിക വിളകള്‍ ഇന്‍ഷുര്‍ ചെയ്യാം

0


സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു നടപ്പിലാക്കുന്ന കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിന് ജൂലൈ ഒന്നു മുതല്‍ 15 വരെ ജില്ലയില്‍ വിള ഇന്‍ഷുറന്‍സ് പക്ഷം ആചരിക്കുന്നു. 27 ഇനം കാര്‍ഷിക വിളകള്‍ നിബന്ധനകള്‍ക്ക് വിധേയമായി അതത് കൃഷിഭവനുകള്‍ വഴി ഇന്‍ഷുര്‍ ചെയ്യാവുന്നതാണെന്ന് കല്‍പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. 

തെങ്ങുകള്‍ ചുരുങ്ങിയത് പത്തെണ്ണമുണ്ടെങ്കില്‍ വര്‍ഷമൊന്നിന് രണ്ട് രൂപ നിരക്കിലും മൂന്ന് വര്‍ഷത്തേക്ക് 5 രൂപ നിരക്കിലും പ്രീമിയമടച്ച് ഇന്‍ഷുര്‍ ചെയ്യാം. പ്രകൃതിക്ഷോഭം മൂലം കൃഷി നാശം സംഭവിച്ചാല്‍ തെങ്ങൊന്നിന് 2000 രൂപയാണ് നഷ്ട പരിഹാരം അനുവദിക്കുക. കവുങ്ങുകള്‍ക്ക്  വര്‍ഷമൊന്നിന് ഒരു രൂപ നിരക്കിലും മൂന്ന് വര്‍ഷത്തേക്ക് രണ്ട് രൂപ നിരക്കിലും പ്രീമിയമടച്ച് ഇന്‍ഷുര്‍ ചെയ്യാവുന്നതാണ്. പ്രകൃതിക്ഷോഭം മൂലം കൃഷി നാശം സംഭവിച്ചാല്‍ കവുങ്ങ് ഒന്നിന് 200 രൂപയാണ് നഷ്ട പരിഹാരം അനുവദിക്കുക. വര്‍ഷമൊന്നിന് 3 രൂപ നിരക്കിലും മൂന്ന് വര്‍ഷത്തേക്ക് 5 രൂപ നിരക്കിലും പ്രീമിയമടച്ച് റബര്‍ ഇന്‍ഷുര്‍ ചെയ്യുന്നത് വഴി 1000 രൂപ വീതം നഷ്ട പരിഹാരം ലഭിക്കും. നേന്ത്ര, ഞാലിപ്പൂവന്‍ തുടങ്ങിയ വാഴകള്‍ നട്ടു അഞ്ച് മാസത്തിനകം 3 രൂപ നിരക്കില്‍ പ്രീമിയമടച്ചു ഇന്‍ഷുര്‍ ചെയ്യാവുന്നതാണ്. 300 രൂപ മുതല്‍ 50 രൂപ വരെ ഇനങ്ങള്‍ക്കനുസരിച്ച് നഷ്ടപരിഹാരം ലഭിക്കും. 

മിനിമം 10 സെന്റ്  പച്ചക്കറി കൃഷിയെങ്കിലും ചെയ്യുന്ന കര്‍ഷകര്‍ക്ക് രണ്ട് മാസത്തിനകം 10 രൂപ നിരക്കില്‍ പ്രീമിയമടച്ചു ഇന്‍ഷുര്‍ ചെയ്യുക വഴി പന്തല്‍ പച്ചക്കറികൃഷിക്ക് ഹെക്ടറൊന്നിന് 40000 രൂപയും മറ്റു പച്ചക്കറികൃഷിക്ക് 25000 രൂപയും നഷ്ട പരിഹാരം ലഭ്യമാവുന്നതാണ്. പടശേഖര സമിതി മുഖേനയോ നേരിട്ടോ 25 സെന്റിന് 25 രൂപ നിരക്കിലടച്ചു  നെല്‍കൃഷിയും ഇന്‍ഷുര്‍ ചെയ്യാവുന്നതാണ്. 45 ദിവസത്തിനു ശേഷമുള്ള നഷ്ടത്തിന് 35000 രൂപ ലഭിക്കും. ഉന്നതതല സാങ്കേതിക നിരീക്ഷണ സമിതിയുടെ ശുപാര്‍ശക്ക് വിധേയമായി രോഗകീടബാധമൂലം നെല്‍കൃഷി നശിച്ചതിനും നഷ്ടപരിഹാര അര്‍ഹതയുണ്ടായിരിക്കും. ഇത് നെല്‍കൃഷിക്ക് മാത്രമാണ്. 

കര്‍ഷകര്‍ ഇന്‍ഷുര്‍ ചെയ്യുന്ന പ്‌ളോട്ടിലെ മുഴുവന്‍ വിളയും ഇന്‍ഷുര്‍ ചെയ്യേണ്ടതാണ്. ഒരുവിളയില്‍ ഭാഗികമായി കുറഞ്ഞ വിസ്തൃതി മാത്രം ഇന്‍ഷുര്‍ ചെയ്യപ്പെടില്ല. പ്രകൃതിക്ഷോഭ നഷ്ടം കുറക്കാനുള്ള പരമാവധി പരിപാലന മുറകള്‍ സ്വീകരിച്ചിട്ടും നഷ്ടം സംഭവിക്കുന്ന അവസരങ്ങളില്‍ മിനിമം നഷ്ടപരിഹാരം ഉറപ്പ് നല്‍കുന്ന സര്‍ക്കാര്‍ നേരിട്ടു നടപ്പിലാക്കുന്ന ഈ പദ്ധതി കേരളത്തിന്റെ  മാത്രം പ്രത്യേകതയാണ്. സ്‌കീമിന്റെ വിശദവിവരങ്ങളും ഇന്‍ഷുര്‍ ചെയ്യുന്നതിനുള്ള അവസരവും അതത് കൃഷിഭവനുകളില്‍ ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *