പച്ചക്കറി കൃഷി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് പ്രത്യേക കർമ്മ പരിപാടി: കൃഷി മന്ത്രി പി. പ്രസാദ്
പ്രത്യേക ലേഖകൻ.
തിരുവനന്തപുരം:കേരളത്തിൽ ലഭ്യമാകുന്ന മുഴുവൻ ഇടങ്ങളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കും. ഇതിനാവശ്യമായ പച്ചക്കറി വിത്തുകളും തൈകളും ഉടനടി ലഭ്യമാക്കും. ഓരോ മലയാളിയും കൃഷിക്കായി കുറച്ചു സമയം മാറ്റിവച്ചാൽ നമുക്ക് ആവശ്യമുള്ള പച്ചക്കറികൾ ഉല്പാദിപ്പിക്കാനാവും. കേരളത്തിലെ കർമ്മ സേനകൾ, അഗ്രോസർവീസ് സെന്ററുകൾ കൃഷിവകുപ്പ് ഫാമുകൾ, വി.എഫ്.പി.സി.കെ തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കേരളത്തിലേക്ക് ആവശ്യമായ പരമാവധി പച്ചക്കറി തൈകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുമെന്ന് കൃഷി മന്ത്രി അറിയിച്ചു. എല്ലാ കാലവും പച്ചക്കറികൾക്ക് മറ്റുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിക്ക് മാറ്റം വരുത്തുമെന്ന് നമ്മൾ ഉറച്ച തീരുമാനമെടുക്കേണ്ടതുണ്ട്. കഴിയുന്നത്ര ഇടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യാൻ യുവാക്കൾ മുന്നിട്ടിറങ്ങണം. ഓരോ അടുക്കളത്തോട്ടവും പച്ചക്കറികൃഷിയാൽ സമൃദ്ധമാകുന്നുണ്ടെന്ന് ഓരോ കുടുംബാംഗങ്ങളും ഉറപ്പാക്കണം. ഒത്തൊരുമിച്ചുള്ള നമ്മുടെ പ്രവർത്തനം ലക്‌ഷ്യം കാണുക തന്നെ ചെയ്യുമെന്ന് കൃഷി മന്ത്രി പറഞ്ഞു.
അനിയന്ത്രിതമായി പച്ചക്കറി വില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഗുണ നിലവാരമുള്ള പച്ചക്കറി ഉത്പന്നങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും അത് വഴി വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കൃഷിവകുപ്പ് നടപടികൾ സ്വീകരിക്കും. തെങ്കാശിയിലെ വിവിധ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ മുഖേന കർഷകരിൽ നിന്നും ഇടനിലക്കാർ ഇല്ലാതെ നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി തമിഴ്‌നാട്ടിലെ കൃഷി ഉദ്യോഗസ്ഥരുടെയും കർഷകരുടെയും പ്രതിനിധികളുമായി ഡിസംബർ രണ്ടിന് കേരളത്തിലെ കൃഷി വകുപ്പ് മാർക്കറ്റിംഗ് അഡീഷണൽ ഡയറക്ടർ, ഹോർട്ടികോർപ്പ് മാനേജിങ് ഡയറക്ടർ, വി.എഫ്.പി.സി.കെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചർച്ച നടത്തുമെന്നും തമിഴ്‌നാട് സർക്കാരുമായി സഹകരിച്ച് കേരളത്തിലേക്ക് എത്തിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിനും ഗുണനിലവാരം പരിശോധിക്കുന്നതിനും പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു.
Leave a Reply