May 19, 2024

നോളജ് ഇക്കോണമി മിഷൻ തൊഴിൽ മേള: 2,460 ഉദ്യോഗാർഥികൾ ഷോർട് ലിസ്റ്റിൽ

0
Img 20211223 075952.jpg
സ്വന്തം ലേഖകൻ.
തിരുവനന്തപുരം:കേരള നോളജ് ഇക്കോണമി മിഷനും കെ-ഡിസ്‌കും ചേർന്ന് നേരിട്ടു നടത്തുന്ന തൊഴിൽമേളകളുടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഒന്നാംഘട്ടം പൂർത്തിയായപ്പോൾ 2,460 ഉദ്യോഗാർഥികളെ വിവിധ കമ്പനികൾ ഷോർട് ലിസ്റ്റ് ചെയ്തു. ഇവർക്ക് വൈകാതെ കമ്പനികൾ നേരിട്ട് ഓഫർ ലെറ്റർ നൽകും. ആകെ 3,876 ഉദ്യോഗാർഥികൾ മേളയിൽ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിൽ ഇന്റർവ്യൂവിൽ പങ്കെടുത്ത 960 പേരിൽ 668 പേരും കൊല്ലം ജില്ലയിൽ പങ്കെടുത്ത 1,423 ൽ 794 പേരും പത്തനംതിട്ട ജില്ലയിൽ 680 ൽ 379 പേരുമാണ് ലിസ്റ്റുകളിൽ ഇടം പിടിച്ചത്.
കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്കായി തിരുവനന്തപുരത്ത് നടന്ന മേളയിൽ പങ്കെടുത്ത 813 പേരിൽ 619 പേരേയും ഷോർട് ലിസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് 101 കമ്പനികളും കൊല്ലത്ത് 74 കമ്പനികളും പത്തനംതിട്ടയിൽ 43 കമ്പനികളുമാണ് തൊഴിൽ ദാതാക്കളായി എത്തിയത്. കരിയർ ബ്രേക്കു വന്ന വനിതകൾക്കുള്ള പ്രത്യേക തൊഴിൽ മേളയിൽ 34 കമ്പനികളും പങ്കെടുത്തു. മറ്റു ജില്ലകളിലെ തൊഴിൽ മേളകൾ ജനുവരിയിൽ പൂർത്തിയാകും. ജനുവരി 10 ന് കോഴിക്കോടും 16ന് എറണാകുളത്തും കരിയർ ബ്രേക്ക് വന്ന വനിതകൾക്കായി മാത്രമുള്ള മേളകളും നടക്കും.
ജില്ലാതലത്തിൽ നടക്കുന്ന നേരിട്ടുള്ള തൊഴിൽ മേളയ്ക്കുശേഷം 2022 ജനുവരി അവസാനം ഓൺലൈനായി നടത്തുന്ന തൊഴിൽ മേളയിലും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി കമ്പനികൾ പങ്കെടുക്കും. അഞ്ചുവർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ജനുവരിയോടെ പതിനായിരം പേർക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജെന്റ് സിസ്റ്റം എന്ന പ്ലാറ്റ്‌ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കുന്നതിന് സർക്കാർ അവസരമൊരുക്കുന്നത്.
നൈപുണ്യവും വൈദഗ്ധ്യവും ഉള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴിൽ ദാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടു വരികയാണ് മേളയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. തൊഴിൽ മേളകളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് റെഡിനെസ്സ്, ഇന്റർവ്യൂ സ്‌കിൽ എന്നിവ മുൻനിർത്തി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ പരിശീലനം കെ-ഡിസ്‌ക്കും കുടുംബശ്രീയുടെ സ്‌കിൽ വിഭാഗവും ചേർന്ന് ഒരുക്കിയിട്ടുണ്ട്.
തൊഴിൽ അന്വേഷകർക്ക് knowledgemission.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2737881.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *