October 6, 2024

വ്യക്തി വിരോധം തീര്‍ക്കാന്‍ വിവരാവകാശ നിയമം ദുരുപയോഗം ചെയ്യരുത് -വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കിം

0
20230711 191213.jpg

കൽപ്പറ്റ : വ്യക്തി വിരോധം തീര്‍ക്കാനും മറ്റു സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വിവരവാകാശ നിയമം ദുരുപയോഗം ചെയ്യരുതെന്ന് വിവരാവകാശ കമ്മീഷണര്‍ എ.എ ഹക്കീം പറഞ്ഞു. അടുത്ത കാലത്തായി ഈ പ്രവണത കാണുന്നുണ്ട്. അഴിമതി കണ്ടുപിടിക്കുന്നതിനോ, ഓഫീസിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനോ സഹായകമല്ലാത്ത വിവരാവകാശ അപേക്ഷ നല്‍കി ജീവനക്കാരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നത് പ്രതികൂലമായി ബാധിക്കുന്നത് പൊതു സമൂഹത്തെയാണ്. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമം ഒരു പരിരക്ഷയും നല്‍കുന്നില്ല. വിവരം നല്‍കിയ ആളാണെങ്കില്‍ വിരമിച്ചാലും നിയമത്തിന്റെ പരിധിയില്‍ വരും. അപേക്ഷകന് വിവരം നല്‍കുന്നതിന് പകരം എങ്ങനെ നല്‍കാതിരിക്കാം എന്നതിലാണ് പല ഉദ്യോഗസ്ഥരുടേയും ഗവേഷണമെന്നും വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു. വിവരം നല്‍കുന്ന ഓഫീസറെക്കുറിച്ചും അപ്പലേറ്റ് അധികാരിയെക്കുറിച്ചും പേര്, തസ്തിക, ഔദ്യോഗിക വിലാസം ഉള്‍പ്പെടെയുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കണം. ലഭ്യമല്ല, ബാധകമല്ല, സൂക്ഷിച്ചിട്ടില്ല തുടങ്ങിയ നിഷേധ സ്വഭാവത്തിലുള്ള മറുപടികള്‍ നല്‍കുന്നത് നിയമപ്രകാരം ചിലപ്പോള്‍ ശിക്ഷാ നടപടികള്‍ക്ക് കാരണമാവും.
വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയില്‍ വിവരാവകാശ നിയമ പ്രകാരമല്ലാത്ത ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെടുന്നതും അപേക്ഷകനെ ഭീഷണിപ്പെടുത്തുന്നതും വിവരാവകാശ കമ്മീഷണര്‍മാര്‍ അല്ലാതെ ഹിയറിങ്ങിന് വിളിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. ഫയലുകള്‍ നശിപ്പിക്കുന്നതിന് മുമ്പ് നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം.
 
ജില്ലയില്‍ വനംവകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി പ്രത്യേകം സിറ്റിംഗ് നടത്തുന്നകാര്യം കമ്മീഷന്‍ പരിഗണിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ പറഞ്ഞു. വിവരാവകാശ പ്രകാരം മൂന്നാം കക്ഷിയുടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചാല്‍ മൂന്നാം കക്ഷിയുടെ സമ്മതമില്ലാതെ വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍ പാടില്ല. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകരുടെ വ്യക്തിവിവരങ്ങള്‍ അന്വേഷിക്കാനോ അവരെ സ്വാധീനിക്കാനോ ശ്രമിക്കാന്‍ പാടില്ല. വിവരാവകാശത്തിന് നിശ്ചിത സമയപരിധിക്കുള്ളില്‍ വിവരം നല്‍കാന്‍ വൈകിയാല്‍ ഉദ്യേഗസ്ഥര്‍ത്തെതിരെ അച്ചടക്ക നടപടി, അപേക്ഷകന് നഷ്ടപരിഹാരം, ശിക്ഷാ നടപടി ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും കമ്മീഷണര്‍ പറഞ്ഞു.
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ തെളിവെടുപ്പില്‍ വിവിധ വകുപ്പുകളിലെ എസ്.പി.ഐ.ഒ മാരും ഒന്നാം അപ്പീല്‍ അധികാരികളും അപ്പീല്‍ ഹര്‍ജിക്കാരും പങ്കെടുത്തു. 21 ഫയലുകളാണ് കമ്മീഷന്‍ പരിശോധിച്ചത്. 17 എണ്ണം തീര്‍പ്പാക്കി. 4 ഫയലുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി മാറ്റിവെച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *