May 20, 2024

തീര്‍ത്ഥാടക ടൂറിസത്തിന് പ്രാധാന്യം നല്‍കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

0
20230711 191520.jpg
 തിരുനെല്ലി : ആരാധാനാലയങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുനെല്ലി ക്ഷേത്രത്തില്‍ പൂര്‍ത്തീകരിച്ച നവീകരണ പ്രവൃത്തികള്‍ ക്ഷേത്രത്തിന് മുതല്‍കൂട്ടാകും. തിരുനെല്ലിയില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് 3 കോടി 80 ലക്ഷം രൂപ ചിലവില്‍ പൂര്‍ത്തീകരിച്ച എക്സ്പാന്‍ഷന്‍ ഫേസ് ഓഫ് റെനോവേഷന്‍ ഓഫ് തിരുനെല്ലി ടെമ്പിള്‍ പ്രിമൈസസ് പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശിലാഫലകം ഒ.ആര്‍ കേളു എം.എല്‍.എ അനാച്ഛാദനം ചെയ്തു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി തുടങ്ങിയവര്‍ മുഖ്യാതിഥികളായി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തിരുനെല്ലിയില്‍ ബലിതര്‍പ്പണത്തിന് എത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി ആധുനിക സൗകര്യങ്ങളോടുകൂടിയ വിശ്രമ കേന്ദ്രം, പാപനാശിനി ബലിക്കടവ്, പാപനാശിനിയിലേക്കുള്ള പാത, വസ്ത്രം മാറുന്നതിനുള്ള മുറി, ടോയ്ലറ്റ് ബ്ലോക്ക്, റിഫ്രഷ്മെന്റ് റൂം, പാപനാശിനി വരെ വഴി വിളക്കുകള്‍ സ്ഥാപിക്കല്‍ എന്നീ പ്രവര്‍ത്തികളുടെ നിര്‍മ്മാണമാണ് നിലവില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ജില്ലയ്ക്ക് പുറത്തു നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും ദിവസേന ക്ഷേത്രത്തില്‍ എത്തുന്ന ഭക്ത ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് ഫെസിലിറ്റേഷന്‍ സെന്ററും മറ്റ് സൗകര്യങ്ങളും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. പഞ്ചതീര്‍ത്ഥക്കുളം മുതല്‍ പാപനാശിനി വരെയുള്ള പാതയാണ് കരിങ്കല്ല് പാകിയിട്ടുള്ളത്. കൂടാതെ കൈവരികളും വഴിവിളക്കുകളും പാതയുടെ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. പഞ്ചതീര്‍ത്ഥക്കുളത്തിന് സമീപത്താണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, വാര്‍ഡ് മെമ്പര്‍മാരായ പി.എന്‍ ഹരീന്ദ്രന്‍, ബിന്ദു സുരേഷ് ബാബു, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി. നന്ദകുമാര്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. രാമചന്ദ്രന്‍, എ. പത്മനാഭന്‍, കെ.സി സദാനന്ദന്‍, പി.കെ കാളി, കെ.ജി അജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *