നൈപുണ്യ പരിശീലകരുടെ വിവര ശേഖരണം തുടങ്ങി
കൽപ്പറ്റ : അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ നൈപുണ്യ സമിതിയുടെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന നൈപുണ്യ പരിശീലകരുടെ രജിസ്ട്രേഷന്‍ ഡ്രൈവിന് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന രജിസ്ട്രേഷന്‍ ഡ്രൈവിന്റെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം എന്‍.ഐ ഷാജു നിര്‍വഹിച്ചു. നല്ല തൊഴിലിന് നല്ല പരിശീലനം വേണം. മികച്ച തൊഴില്‍ പരിശീലകരെ വാര്‍ത്തെടുക്കുന്നതിലൂടെ യുവതീ യുവാക്കാളില്‍ തൊഴില്‍ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് എ.ഡി.എം പറഞ്ഞു.
നൈപുണ്യ പരിശീലകരുടെ വിപുലമായ വിവര ശേഖരണത്തിനുള്ള ഡ്രൈവിന് സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് നേതൃത്വം നല്‍കുന്നു. ജില്ലയിലെ യുവതീ യുവാക്കളില്‍ നൈപുണ്യവും പ്രാപ്തരായ തൊഴില്‍ ശേഷിയും വര്‍ദ്ധിപ്പിക്കുന്നതിന് പരിശീലകരെയും കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൈപുണ്യ പരിശീലനം നല്‍കാന്‍ പ്രാപ്തരായവരുടെയും യോഗ്യത ഉള്ളവരുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവിധ മേഖലകളിലെ പരിശീലകരുടെ സമഗ്രമായ ഡാറ്റാബേസ് ഡ്രൈവിലൂടെ സൃഷ്ടിക്കും.
വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ ഹ്രസ്വകാല നൈപുണ്യ പരിശീലനം നല്‍കുന്നതിന് പര്യാപ്തമായ യോഗ്യതയും പരിചയവുമുള്ള പ്രൊഫഷണലുകളുടെ അഭാവം കേരളത്തിലെ നൈപുണ്യ ആവാസ വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഈ പ്രശനം പരിഹരിക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു ഡാറ്റാബേസ് തയ്യാറാക്കുന്നത്. ഡ്രൈവിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന പരിശീലകര്‍ക്ക് കെ.എ.എസ്.ഇ യുടെ ടി.ഒ.ടി അക്കാദമി പ്രത്യേക പരിശീലനം നല്‍കി അംഗീകൃത പരിശീലകര്‍ എന്ന നിലയില്‍ സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത്തരത്തില്‍ വിവിധ മേഖലയില്‍ അംഗീകൃത പരിശീലകരുടെ ഡാറ്റാബേസ് തയ്യാറാക്കി അതില്‍ നിന്നും ഒരു ഡയറക്ടറി രൂപീകരിക്കുകയും അവ സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന ഏജന്‍സികള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. രജിസ്ട്രേഷന്‍ ഡ്രൈവ് വഴി പരിശീലകരെ രജിസ്റ്റര്‍ ചെയ്യിക്കുന്നതിലൂടെ പരിശീലകരുടെ എണ്ണം തിരിച്ചറിയാനും അവരുടെ വൈദഗ്ധ്യം വിലയിരുത്താനും മെച്ചപ്പെടുത്തല്‍ ആവശ്യമായ മേഖലകള്‍ മനസ്സിലാക്കാനും കഴിയും. https://form.jotform.com/harshakase/trainer-registration-form എന്ന ലിങ്കിലൂടെ പരിശീലകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് totacademy@kase.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. കെ.എ.എസ്.ഇ ജില്ലാ കോര്‍ഡിനേറ്റര്‍ വരുണ്‍ മാടമന പദ്ധതി വിശദീകരിച്ചു. ഡി.ടി.പി.സി പ്രതിനിധി വി.ജെ ഷിബു, വിദ്യാഭ്യാസ വകുപ്പ് എ.പി.എഫ്.ഒ പി.ആര്‍ ജോഷി, കെ.എസ്.എസ്.ഐ.എ സെക്രട്ടറി മാത്യു തോമസ്, കല്‍പ്പറ്റ ഗവ. ഐ.ടി.ഐ ഇന്‍സ്ട്രക്ടര്‍ എസ്. ജീവന്‍ ജോണ്‍, മീനങ്ങാടി പോളി ടെക്നിക് ഇന്‍സ്ട്രക്ടര്‍ എന്‍.സി ജറീഷ്, കുടുംബശ്രീ പ്രതിനിധി കെ.എസ് പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply