May 20, 2024

ദുരന്തം വേദനാജനകം; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും: മന്ത്രി എ.കെ.ശശീന്ദ്രന്‍

0
Img 20230825 202522.jpg
മാനന്തവാടി :  കണ്ണോത്ത്മലയില്‍ ജീപ്പ് മറിഞ്ഞ് ഒമ്പത് പേര്‍ മരിക്കാനിടയായ സംഭവം അത്യന്തം വേദനാജനകമാണെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. വയനാട് മെഡിക്കല്‍ കോളേജില്‍ ജീപ്പപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി അടിയന്തിരമായി പതിനായിരം രൂപ വീതം അനുവദിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പകല്‍ മുഴുവന്‍ ജോലി ചെയ്ത് വീടുകളിലേക്ക് മടങ്ങിയ സാധാരണക്കാരയ തൊഴിലാളികളാണ് അപടകത്തില്‍ മരിച്ചത്. ഇതില്‍ അങ്ങേയറ്റം ദുഖമുണ്ട്. ജീപ്പില്‍ പതിനാല് പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും. പരിക്ക് ഗുരുതരമായ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറ്റു നാല് പേരുടെ ആരോഗ്യ നില പരിശോധിച്ച് ആവശ്യമുള്ള ചികിത്സ നല്‍കും. ദുരന്തത്തില്‍ ഇരയായവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സമാശ്വാസം നല്‍കും. മുഖ്യമന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ഉടനടി സംഭവസ്ഥലത്ത് എത്തിയത്. അപകടത്തില്‍ മരിച്ചവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിയതായും ശനിയാഴ്ച രാവിലെ തന്നെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ തുടങ്ങുമെന്നും വൈകാതെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനുള്ള നടപടികളെടുക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. അപടകടം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജിനെ മന്ത്രി ചുമതലപ്പെടുത്തി. ഒ.ആര്‍.കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, എ.ഡി.എം.എന്‍.ഐ.ഷാജു തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പരിക്കേറ്റവരെ മന്ത്രി എ.കെ.ശശീന്ദ്രന്‍ സന്ദര്‍ശിച്ച് ഇവരുടെ ചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *