May 20, 2024

റോഡുകള്‍ പാലങ്ങള്‍ പദ്ധതികള്‍  വേഗത്തില്‍ പൂര്‍ത്തിയാക്കണം  : രാഹുല്‍ ഗാന്ധി എം.പി

0
Img 20231201 091906

 

കൽപ്പറ്റ : റോഡുകള്‍ പാലങ്ങള്‍ പദ്ധതികള്‍ തുടങ്ങിയ കേന്ദ്രവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണം ജില്ലയില്‍ വേഗത്തിലാക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി. പറഞ്ഞു. കളക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി ദിശയോഗത്തില്‍ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ജില്ലയില്‍ അനുവദിച്ച പതിനൊന്ന് റോഡുകളുടെ നിര്‍മ്മാണ പുരോഗതികള്‍ രാഹുല്‍ ഗാന്ധി എം.പി വിലയിരുത്തി. അഞ്ച് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും അഞ്ചെണ്ണം ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചതായും ഒരെണ്ണം നിര്‍മ്മാണ പുരോഗതിയിലാണെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു. രണ്ട് പാലങ്ങളുടെ നിര്‍മ്മാണത്തിനുള്ള പ്രാരംഭ നടപടികള്‍ മുന്നേറുകയാണ്. കേന്ദ്രഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം തുടങ്ങിയ വെള്ളമുണ്ട തോട്ടോളിപ്പടി റോഡ് നിര്‍മ്മാണം പാതി വഴിയിലാണെന്നും ഇത് പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ രാഹുല്‍ ഗാന്ധി എം.പിയോട് ആവശ്യപ്പെട്ടു. റോഡ് നിര്‍മ്മാണത്തിലെ നിലവിലെ സാഹചര്യങ്ങള്‍ പൊതുമരാമത്ത് അധികൃതരില്‍ നിന്നും ആരാഞ്ഞു. റോഡുപണി ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അതുപൂര്‍ത്തിയായാല്‍ ഉടന്‍ തുടങ്ങുമെന്നും രണ്ടുമാസത്തിനുള്ളില്‍ റോഡ് പണി പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു.

 

താമരശ്ശേരി ചുരം റോഡ് വീതികൂട്ടല്‍ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി ദേശീയ പാത അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വയനാട് നേരിടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ചുരത്തില്‍ വീതികൂട്ടല്‍ അനിവാര്യമാണെന്നും എം.പി.പറഞ്ഞു. വയനാട് മെഡിക്കല്‍ കോളേജിലെ നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ചും ഭൂമി ഏറ്റെടുക്കുന്നതുമായ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തു.മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും എം.പി.പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ജില്ലയിലെ ആരോഗ്യ രംഗത്തെ വിവിധ പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. ആയുഷ്മാന്‍ മന്ദിര്‍ തുടങ്ങിയ പ്രോജക്ടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ദേശീയ ആരോഗ്യ ദൗത്യം അധികൃതര്‍ യോഗത്തെ അറിയിച്ചു. സിക്കിള്‍ സെല്‍ അനീമിയ, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രംഗത്തെ പ്രവര്‍ത്തന പുരോഗതികളും വിശദീകരിച്ചു. ജില്ലയില്‍ 45 ശതമാനം കേന്ദ്ര ഫണ്ട് ചെലവഴിച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലയില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ 99.59 ശതമാനം കൈവരിച്ചതായും ഇത് സംസ്ഥാന ശരാശരിക്കൊപ്പമാണെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയില്‍ ജില്ലയില്‍ അനുവദിക്കപ്പെട്ട വീടുകളുടെ നിര്‍മ്മാണപുരോഗതി, അങ്കണവാടികളിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍, വനിതാ ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍, സര്‍വ ശിക്ഷ കേരള പ്രവര്‍ത്തനങ്ങള്‍ എന്നിവയും യോഗത്തില്‍ അവലോകനം ചെയ്തു. ജില്ലയിലെ ഗോത്രവിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠന ഉന്നതിക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ എസ്.എസ്.കെ അധികൃതര്‍ യോഗത്തില്‍ വിശദീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ദിശ പദ്ധതി നിര്‍വ്വഹണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ.സി.വേണുഗോപാല്‍ എം.പി, എം.എല്‍.എ മാരായ ഐ.സി.ബാലകൃഷ്ണന്‍, അഡ്വ.ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *