September 15, 2024

കര്‍ണ്ണാടക ചോളത്തണ്ട് നിയന്ത്രണം പിന്‍വലിക്കണം:  മന്ത്രി ജെ.ചിഞ്ചുറാണി കത്ത് നല്‍കി

0
Img 20231204 155131

Img 20231204 155131

കൽപ്പറ്റ : കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് കന്നുകാലികള്‍ക്കുള്ള ചോളത്തണ്ടും തീറ്റപ്പുല്ലും കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളം കര്‍ണ്ണാടക സര്‍ക്കാരിന് കത്തുനല്‍കി. മലബാര്‍ മേഖലയിലെ ക്ഷീരകര്‍ഷകര്‍ പ്രധാനമായും ആശ്രയിക്കുന്ന ചോളത്തണ്ടും തീറ്റപ്പുല്ലും കൊണ്ടുവരുന്നതിന് കഴിഞ്ഞ ദിവസമാണ് കര്‍ണ്ണാടകയിലെ ചാമരാജ് ജില്ലാ കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്. മലബാറിലെയും പ്രത്യേകിച്ച് വയനാട്ടിലെ ക്ഷീരകാര്‍ഷിക മേഖലയെയും സാരമായി ബാധിക്കുന്ന ഉത്തരവ് പുനപരിശോധിക്കുകയും പിന്‍വലിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയാണ് കര്‍ണ്ണാടക റവന്യുവകുപ്പ് മന്ത്രി കൃഷ്ണ ബൈരഗൗഡയ്ക്ക് കത്തുനല്‍കിയത്. മലബാറിലെ കര്‍ഷകരെ ബാധിക്കുന്ന അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ ഉത്തരവാണ് ചാമരാജ് ജില്ലാ കളക്ടറുടെ ഭാഗത്തുനിന്നുമുണ്ടായത്. നിലവില്‍ ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി ഒട്ടേറെ ക്ഷേമപദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുന്നുണ്ട്. തീറ്റപ്പുല്ല് ഉത്പാദനത്തിനടക്കം സബ്‌സിഡിയും ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും അനുവദിക്കുന്നുണ്ട്. ഇതു പ്രകാരം ഒട്ടേറെ കര്‍ഷകര്‍ കര്‍ണ്ണാടകയിലെ അതിര്‍ത്തി ജില്ലകളില്‍ ഭൂമി പാട്ടത്തിനെടുത്ത് തീറ്റപ്പുല്ല് കൃഷി ചെയ്യുന്നുണ്ട്. നല്ലൊരു ശതമാനം തൊഴിലും കര്‍ണ്ണാടകയിലെ ഗ്രാമീണര്‍ക്ക് ഇതുവഴി ലഭിക്കുന്നുണ്ട്. കര്‍ണ്ണാടകയിലെ കര്‍ഷകര്‍ക്കും ഇതൊരു വരുമാന മാര്‍ഗ്ഗമായിരുന്നു. പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവര്‍ക്കും അല്ലാത്ത കര്‍ഷകര്‍ക്കുമെല്ലാം തീറ്റപ്പുല്ല് കര്‍ണ്ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കടത്തിക്കൊണ്ടുവരുന്നതിന് പുതിയ നിയന്ത്രണം വിനയായിരിക്കുകയാണ്. ഉത്തരവ് പിന്‍വലിക്കാന്‍ അടിയന്തിരമായി ഇടപെടണം. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി കര്‍ണ്ണാടക റവന്യു വകുപ്പ് മന്ത്രി കൃഷ്ണ ബൈരഗൗഡയ്ക്ക് നവംബര്‍ 27 ന് കത്തുനല്‍കിയത്. നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുന്ന കാര്യവും പരിഗണിക്കണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *