May 20, 2024

മണിക്കൂറുകൾ നീണ്ട പ്രതിഷേധം  ; നരഭോജി കടുവയെ ബത്തേരിയിലേക്ക് മാറ്റി

0
20231218 213002

 

ബത്തേരി: പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂര്‍ കോളനിക്കവലയ്ക്കു സമീപം തോട്ടത്തില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്ന് ഉച്ചകഴിഞ്ഞ് കുടുങ്ങിയ നരഭോജി കടുവയെ രാത്രി വൈകി വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയ വളപ്പിലേക്ക് മാറ്റി. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരുമായി ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ രാത്രി 8.15 ഓടെയാണ് കടുവയെ കൂടല്ലൂരില്‍നിന്നു കൊണ്ടുപോയത്. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ്, ബത്തേരി ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ.ബാലകൃഷ്ണന്‍, പൂതാടി പഞ്ചായത്തംഗം രുക്മിണി സുബ്രഹ്‌മണ്യന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.പി.മധു, സി.പി.എം പുല്‍പള്ളി ഏരിയ സെക്രട്ടറി എം.എസ്. സുരേഷ്ബാബു, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എ.വി.ജയന്‍, സബ്കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, എ.ഡി.എം എന്‍.ഐ. ഷാജു, സൗത്ത് വയനാട് ഡി.എഫ്.ഒ എ.ഷജ്‌ന കരീം, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.ദിനേശ്കുമാര്‍, ബത്തേരി ഡിവൈ.എസ്.പി കെ.കെ.അബ്ദുല്‍ ഷെരീഫ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മുഖത്തടക്കം പരിക്കുള്ള കടുവയെ മതിയായ ചികിത്സ നല്‍കിയശേഷം തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റുമെന്ന് വനം ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ക്കും മറ്റും ഉറപ്പുനല്‍കി. കൂടല്ലൂരില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ സഹോദരന് വനം വകുപ്പില്‍ നാളെ മുതല്‍ താത്കാലിക ജോലി നല്‍കാനും പ്രദേശത്ത് പ്രതിരോധ വേലി ഏത്രയും വേഗം നിര്‍മിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. പ്രജീഷിന്റെ കുടുംബത്തിന് കൂടതുല്‍ തുക സമാശ്വാസധനം നല്‍കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. അതേസമയം കടുവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളുമടക്കം പ്രദേശവാസികള്‍ തോട്ടത്തില്‍നിന്നു പുറത്തേക്കുള്ള വഴി ഉപരോധിച്ച സാഹചര്യത്തിലായിരുന്നു ചര്‍ച്ച നടന്നത്. റോഡില്‍നിന്നു തോട്ടത്തിലേക്കുള്ള ഗെയ്റ്റും ജനം അടച്ചു.

വനം-വന്യജീവി സംരക്ഷണ നിയത്തിലെ വ്യവസ്ഥകളും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങളും അനുവദിക്കുന്നതായിരുന്നില്ല ജനക്കൂട്ടത്തിന്റെ ആവശ്യം.

കടുവയെ എന്തു ചെയ്യണമെന്നതില്‍ വനം അഡീഷണല്‍ ചീഫ് സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരുമായി കൂടിയാലോചിച്ചും നിയമവശങ്ങള്‍ പരിശോധിച്ചും വിശദാംശം അറിയിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ഒമ്പതിന് പകല്‍ കൂടല്ലൂരില്‍ യുവകര്‍ഷകന്‍ പ്രജീഷിനെ കൊലപ്പെടുത്തിയ തോട്ടത്തിനു സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രജീഷിനെ കൊന്ന അതേ കടുവയാണ് കൂട്ടിലായതെന്നു വനസേന സ്ഥിരീകരിച്ചു. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഡാറ്റ് ബേസില്‍ ഡബ്ല്യു.ഡബ്ല്യു.എല്‍ 45 നമ്പറിലുള്ളതാണ് 13 വയസ് മതിക്കുന്ന ആണ്‍ കടുവ.

നരഭോജിയെ പിടിക്കുന്നതിന് ഉത്തര മേഖല സി.സി.എഫ് കെ.എസ്.ദീപയുടെ മേല്‍നോട്ടത്തില്‍ വനസേന 10 ദിവസമായി ശ്രമം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്.

ദ്രുത പ്രതികരണ സേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന വനം ദൗത്യ സംഘം ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയ നടത്തിയ തെരച്ചലില്‍ കടുവയെ നേരില്‍ കാണാനായിരുന്നില്ല. മുത്തങ്ങ ആനപ്പന്തിയില്‍ നിന്നു എത്തിച്ച രണ്ട് കുംകിയാനകകളുടെ സേവനവും വനസേന പ്രയോജനപ്പെടുത്തിയിരുന്നു. ഇതിനിടെ ശനിയാഴ്ച അര്‍ധരാത്രി കൂടല്ലൂരില്‍നിന്നു അഞ്ച് കിലോമീറ്റര്‍ അകലെ കല്ലൂര്‍ക്കുന്നില്‍ കടുവ പശുവിനെ കൊന്നത് ജനങ്ങളില്‍ ഭീതി വര്‍ധിക്കുന്നതിനു കാരണമായിരുന്നു. കടുവ കൂട്ടിലായത് പ്രദേശവാസികള്‍ക്കും വനസേനക്കും ആശ്വാസമായി.

കടുവയെ കൊല്ലണമെന്ന വാശിയില്‍ നാട്ടുകാര്‍ മണിക്കൂറുകളോളം ഉറച്ചുനിന്നത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സംജാതമാക്കിയിരുന്നു. തോട്ടത്തില്‍നിന്നു പുറത്തേക്കുള്ള ഏക വഴിയാണ് ജനക്കൂട്ടം ഉപരോധിച്ചത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *