October 6, 2024

വിദേശ ഉടമസ്ഥതയിലായിരുന്ന തോട്ടം ഭൂമി: കോടതിയെ സമീപിക്കുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി

0
Img 20240114 182611

 

കല്‍പ്പറ്റ: കമ്പനികളുടെയും ട്രസ്റ്റുകളുടെയും അനധികൃത കൈവശത്തില്‍ ജില്ലയിലുള്ള തോട്ടം ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കുന്നതിനു സിവില്‍ കോടതിയെ സമീപിക്കുന്നതില്‍ ഭരണകൂടം ഉദാസീനത തുടര്‍ന്നാല്‍ നിയമത്തിന്റെ വഴി തേടുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോട്ടപ്പടി വില്ലേജിലെ ചുളുക്ക എസ്റ്റേറ്റ് എ.വി.ടി കമ്പനി ഭൂമിപുത്ര ട്രസ്റ്റിന് കൈമാറിയതും 345 ഹെക്ടര്‍ ഭൂമിക്ക് വില്ലേജ് ഓഫീസില്‍ നികുതി സ്വീകരിച്ചതും നിയമവിരുദ്ധമാണെന്ന് അവര്‍ ആരോപിച്ചു.

1947ന് മുമ്പ് നാട്ടുരാജാക്കളും പ്രമാണിമാരും ബ്രിട്ടീഷ് കമ്പനികള്‍ക്കും പൗരന്‍മാര്‍ക്കും പാട്ടത്തിനു കൊടുത്ത ഭൂമിയില്‍ നിലവിലെ കൈവശക്കാര്‍ക്ക് നിയമപരമായ ഉടമസ്ഥതയില്ല. ജില്ലയില്‍ 49 തോട്ടങ്ങളിലായി 59,000 ഏക്കര്‍ ഭൂമിയാണ് അനധികൃത കൈവശത്തില്‍. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ജില്ലയില്‍ അട്ടിമറിക്കപ്പെടുകയാണ്. സര്‍ക്കാര്‍ ജില്ലാ കലക്ടറെ ലാന്‍ഡ് റിസംപ്ഷന്‍ ഓഫീസറായി നിയമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടപടിയില്ല.

പാട്ടം വ്യവസ്ഥയില്‍ വിദേശികളുടെ കൈവശത്തിലെത്തിയ തോട്ടങ്ങളുടെ ഉടമസ്ഥത സര്‍ക്കാരിനാണെന്നു 2018 ഏപ്രില്‍ 11ലെ ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് 2019 ജൂണ്‍ ആറിനു പുറപ്പെടുവിച്ച ഉത്തരവിലാണ് സിവില്‍ കോടതികളില്‍ കേസുകള്‍ നല്‍കി ഭൂമി വീണ്ടെടുക്കാന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തുന്നത്. ഈ ഉത്തരവ് പ്രകാരം ഇത്തരം തോട്ടങ്ങളുടെ പട്ടിക തയാറാക്കി സിവില്‍ കേസ് നല്‍കേണ്ട ഉത്തരവാദിത്തം അതത് ജില്ലാ കളക്ടര്‍മാര്‍ക്കാണ്. റിസംപ്ഷന്‍ നടപടികള്‍ അവലോകനം ചെയ്യുന്നതിന് നേരത്തേ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേസ് ഫയല്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. അന്നത്തെ ജില്ലാ കലക്ടറോട് ഉടന്‍ കേസുകള്‍ ഫയല്‍ ചെയ്യണമെന്നും പുരോഗതി മാസംതോറും റിപ്പോര്‍ട്ട് ചെയ്യണമെന്നും റവന്യൂ സെക്രട്ടറി നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ ഒരു കേസ് പോലും ഫയല്‍ ചെയ്തില്ല. തോട്ടം കൈവശം വയ്ക്കുന്നവരുമായി റവന്യൂ ഉദ്യോഗസ്ഥരും ഗവ.പ്ലീഡറും ഒത്തുകളിക്കുകയാണ്. ജില്ലയില്‍ അനധികൃത കൈവശത്തിലെന്ന് സ്റ്റേറ്റ് റിസംപ്ഷന്‍ സ്‌പെഷ്യല്‍ ഓഫീസറുടെ കാര്യാലയം കണ്ടെത്തിയ തോട്ടങ്ങളുടെ പട്ടിക റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജില്ലാ കലക്ടര്‍ക്ക് ലഭ്യമാക്കിയതാണ്.

ചെമ്പ്ര പീക്ക് എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന വാര്യാട് എസ്റ്റേറ്റിലെ ഉണങ്ങിയ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കൈവശക്കാരന്‍ നല്‍കിയ അപേക്ഷയെത്തുടര്‍ന്ന് 2021ല്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഇറക്കിയ ഉത്തരവില്‍ 49 തോട്ടങ്ങളുടെയും ഉടമസ്ഥത സര്‍ക്കാരിനാണെന്നു ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷന്‍ 81(1)(ഇ) പ്രകാരം ഇത്തരം തോട്ടങ്ങള്‍ക്ക് ഇളവ് അനുവദിച്ചത് തോട്ടങ്ങള്‍ നിലനിര്‍ത്തിപ്പോരാന്‍ മാത്രമാണ്.

ജില്ലയില്‍ നഗ്നമായ നിയമലംഘനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തോട്ടം ഭൂമിയുടെ 10 ഏക്കറില്‍ കവിയാത്ത അഞ്ച് ശതമാനം ടൂറിസത്തിനും മറ്റും ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ ദുരുപയോഗം പ്രകടമാണ്. പൂര്‍ണ ഉടമാവകാശമുള്ള പ്ലാന്റേഷനുകള്‍ക്കു മാത്രമാണ് വിജ്ഞാപനം ബാധകം. എന്നാല്‍ ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നവരും വലിയ ടൂറിസം പ്രോജക്ടുകള്‍ പ്രഖ്യാപിക്കുകയാണ്. ജില്ലയിലെ തോട്ടം ഭൂമി പ്രശ്‌നത്തില്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡും വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡും അടിയന്തരമായി ഇടപെടണമെന്നു സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *