May 20, 2024

അധ്യാപക നിയമനം കോളേജുകളുടെ അംഗീകാരം നിലനിര്‍ത്താനെന്ന് വെറ്ററിനറി സര്‍വകലാശാല

0
Img 20240115 203916

 

കല്‍പറ്റ:അധ്യാപക നിയമനങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ വിശദീകരണവുമായി കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല. കോളേജുകളുടെ അംഗീകാരം റദ്ദാകുന്ന സാഹചര്യത്തിലാണ് 69 തസ്തികകള്‍ സൃഷ്ടിക്കുകയും അധ്യാപക നിയമനത്തിനു നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്തതെന്നു സര്‍വകലാശാല അധികൃതര്‍ പറയുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് റാങ്കിംഗില്‍ രാജ്യത്തെ സംസ്ഥാന യൂനിവേഴ്‌സിറ്റികളില്‍ നാലാമതാണ് കേരള വെറ്ററിനറി സര്‍വകലാശാല. യൂണിവേഴ്‌സിറ്റിക്കു കീഴില്‍ രണ്ട് വെറ്ററിനറി, ഒരു പൗള്‍ട്രി, നാല് ഡയറി സയന്‍സ് കോളേജുകളാണുള്ളത്. 43 കോഴ്‌സുകളിലായി 3000 ഓളം പഠിതാക്കളാണുള്ളത്.

ഡയറി സയന്‍സ് കോളേജുകളില്‍ 26 അധ്യാപകരാണ് നിലവില്‍. വെറ്ററിനറി കോളേജുകള്‍ക്ക് വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കാത്തതിന് അധ്യാപകരുടെ അപര്യാപ്തയും കാരണമാണ്.

നേരത്തേ സര്‍ക്കാര്‍ അനുവദിച്ച പോസ്റ്റുകളിലാണ് നിയമനത്തിനു നടപടി സ്വീകരിച്ചത്. നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ നോമിനികളും അടങ്ങുന്ന സര്‍വകലാശാല ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അനുമതി നല്‍കിയത് ഏതാനും മാസങ്ങളായി നിയമാനുസൃതമായും സുതാര്യമായും നടക്കുന്ന പ്രക്രിയയ്ക്കു ലഭിച്ച അംഗീകാരമാണ്.

സര്‍ക്കാര്‍ അനുവദിച്ച തസ്തികകളിലെ ഒഴിവുകളില്‍ മാത്രമാണ് സര്‍വകലാശാലയ്ക്ക് നിയമനം നടത്താനാകുക. ഡയറി, ഫുഡ് ടെക്‌നോളജി കോളേജുകളിലെ അധ്യാപക ക്ഷാമം സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അക്രഡിറ്റേഷന് തടസ്സമാകുന്നു എന്ന് കണ്ടതിനാലാണ് സര്‍ക്കാര്‍ 69 പുതിയ തസ്തികകള്‍ അനുവദിച്ചത്. നിലവില്‍ ഒഴിവുള്ള എല്ലാ തസ്തികകളിലും നിയമനം നടത്തി മാത്രമേ സര്‍വകലാശാലയ്ക്ക് മുന്നോട്ടുപോകാനാകൂ.

എല്ലാ അധ്യാപക തസ്തികകളും എന്‍ട്രി കേഡര്‍ ആയ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളായി

കാണിച്ചാണ് നിയമന നീക്കമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സര്‍വകലാശാലയിലെ ഭൂരിപക്ഷം അധ്യാപകരും കരിയര്‍ അഡ്വാന്‍സ്‌മെന്റ് പ്രമോഷനിലൂടെ സീനിയര്‍ പ്രൊഫസര്‍മാരോ പ്രൊഫസര്‍മാരോ അസോസിയേറ്റ് പ്രൊഫസര്‍മാരോ ആയി സ്ഥാനക്കയറ്റം ലഭിച്ചവരാണ്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലെ ഒഴിവുകളില്‍ മാത്രമാണ് സംവരണ നിയമങ്ങള്‍ പാലിച്ച് നിയമനം നടത്താന്‍ കഴിയുക.

വെറ്ററിനറി കൗണ്‍സിലും കാര്‍ഷിക ഗവേഷണ കൗണ്‍സിലും നിര്‍ദേശിക്കുന്ന അധ്യാപക-വിദ്യാര്‍ഥി അനുപാതം പാലിച്ചാല്‍ മാത്രമേ സര്‍വകലാശാലയില്‍നിന്നും ബിരുദം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ യോഗ്യതയ്ക്ക് അംഗീകാരം ഉറപ്പാക്കാനാകൂ. വെറ്ററിനറി കോളേജുകളില്‍ വെറ്ററിനറി കൗണ്‍സില്‍ നിര്‍ദേശിക്കുന്ന വെറ്ററിനറി ബിരുദത്തിനുള്ള മിനിമം സ്റ്റാന്‍ഡേര്‍ഡ്‌സ് അനുസരിച്ചുള്ള അധ്യാപകരുടെ എണ്ണം ഉറപ്പാക്കേണ്ടതുണ്ട്. സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് സാങ്കേതിക കലാലയങ്ങളില്‍ അധ്യാപക നിയമനങ്ങള്‍ അനിവാര്യമാണ്.

യു.ജി.സി സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങള്‍ക്കായി ഇറക്കിയ മിനിമം യോഗ്യതകള്‍ സംബന്ധിച്ച ഉത്തരവുകള്‍ പാലിച്ചാണ് സ്‌കോര്‍ കാര്‍ഡും അഭിമുഖത്തിനുള്ള മാര്‍ക്കുകളും വെറ്ററിനറി യൂനിവേഴ്‌സിറ്റി അംഗീകരിച്ചത്. സര്‍ക്കാര്‍, യു.ജി.സി നിയമങ്ങളും സംവരണ തത്വങ്ങളും പാലിച്ചുമാത്രം നടത്താന്‍ സാധിക്കുന്ന നിയമനങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സര്‍വകലാശാല അധികൃതര്‍ പറയുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *