May 20, 2024

വന്യമൃഗ ശല്യം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭപരിപാടികൾക്ക് നേതൃത്വം കൊടുക്കും; എൻ.ഡി. അപ്പച്ചൻ

0
20240214 210907

കൽപ്പറ്റ : ഗുരുതരമായ സാഹചര്യങ്ങളുണ്ടാകുമ്പോൾ നിയമം കയ്യിലെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ശരിയല്ലെന്നും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ. വന്യമൃഗ ശല്യം പരിഹരിക്കേണ്ടത് സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണ്. ഏറെ കാലങ്ങളായി നിരന്തരമായി വന്യമൃഗ ആക്രമണം ഉണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കയ്യും കെട്ടി നോക്കി നിൽക്കുകയാണ്. വന്യമൃഗങ്ങൾ വയനാട്ടിലെ മനുഷ്യജീവനുകൾ അപഹരിക്കുന്ന സാഹചര്യത്തിൽ പോലും ജില്ല സന്ദർശിക്കുകയോ ആവശ്യമായ നടപടികൾ സ്വീകരിക്കുകയോ ചെയ്യാൻ മുഖ്യമന്ത്രിയും, ജില്ലയുടെ ചാർജ്ജുള്ള വനം വകുപ്പ് മന്ത്രിയും തയ്യാറായില്ല. ഇത്രയും ഗുരുതരമായ സാഹചര്യം ഉണ്ടായിട്ട് പോലും മാനന്തവാടിയിലെ ഭരണകക്ഷി എം.എൽ.എ. കാര്യങ്ങളുടെ ഗൗരവം സർക്കാരിനെ ബോധിപ്പിക്കുകയോ, മരണപ്പെട്ട അജീഷിൻറെ വീട് സന്ദർശിക്കുകയോ, ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും സർക്കാരിനോട് ആവശ്യപ്പെടുകയോ ചെയ്തില്ല എന്നത് അപഹാസ്യമാണ്. ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ പോലും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന നിഷ്ക്രീയമായൊരു സർക്കാരാണ് കേരളം ഭരിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവൻ നഷ്ടപ്പെടുകയും, കൃഷിനാശം സംഭവിക്കുകയും, മറ്റ് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തവർക്ക് മതിയായ നഷ്ടപരിഹാരം നല്‍കാൻ പോലും ഈ സർക്കാർ തയ്യാറാവുന്നില്ല. വയനാട്ടിലെ ജനങ്ങളെ വന്യമൃഗങ്ങൾ കൊന്നാലും തിന്നാലും ഒരു പ്രശ്നവുമില്ലാത്ത സർക്കാരാണ് ഈ സംസ്ഥാനം ഭരിക്കുന്നത്. സർക്കാർ ജനങ്ങളുടെ പ്രശ്നത്തിൽ താൽപര്യമെടുക്കാതെ, അധികാരം ദുർവിനിയോഗം ചെയ്ത് സ്വന്തം കുടുബത്തിലേക്ക് പണം എത്തിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും തങ്ങൾക്ക് പണം ഉണ്ടാക്കുക എന്ന ചിന്ത മാത്രമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട്ടിലെ ജനങ്ങൾക്ക് ലഭിക്കാനുള്ള നഷ്ടപരിഹാരം എത്രയും പെട്ടെന്ന് കൊടുത്ത് തീർക്കണമെന്നും, അല്ലാത്തപക്ഷം കടുത്ത പ്രക്ഷോഭപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്നും ഡി.സി.സി. പ്രസിഡണ്ട് പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *