May 20, 2024

ഇരുളം ഫോറെസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

0
Img 20240320 192159dlmqkj4

പുൽപ്പള്ളി: വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയ മാതമംഗലം നിവാസികൾ ഇരുളത്തെ ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മാതമംഗലം ജനകീയ കൂട്ടായ്മ‌യുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. വനാതിർത്തി പ്രദേശമായ ഇവിടെ ആനയും കടുവയും പന്നിയുമടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം പതിവാണ്. എന്നാൽ മുമ്പ് കൃഷി നാശം മാത്രം വരുത്തിയിരുന്ന വന്യമൃഗങ്ങളിപ്പോൾ വീടുകൾക്കു നേരേ ആക്രമണത്തിന് മുതിരുകയും മനുഷ്യജീവനുതന്നെ ഭീഷണിയായി മാറുകയും ചെയ്‌തതോടെയാണ് സമരവുമായി രംഗത്തുവരാൻ നാട്ടുകാരെ പ്രേരിപ്പിച്ചത്.

കാട്ടാനയുടെ ശല്യമാണ് ഇവിടെ രൂക്ഷം. പ്രദേശത്തെ കർഷകർക്ക് കൃഷി ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. സന്ധ്യമയങ്ങിയാൽ വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്കെത്തി തുടങ്ങും. രാത്രി ജോലി കഴിഞ്ഞ് വീടുകളിലേക്ക് നടന്ന് പോകാനോ, രാത്രി വീടിന് പുറത്തിറങ്ങാനോ ഭയക്കുകയാണ് പ്രദേശവാസികൾ.

വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയുന്നതിനായി വനാതിർത്തിയിലെ കിടങ്ങുകളും വൈദ്യുതി വേലിയും പ്രവർത്തന സജ്ജമാക്കുക, കാവലിനായി വാച്ചർമാരെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

പൂതാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ.ഐ. റിയാസ് അധ്യക്ഷത വഹിച്ചു. ജിനീഷ് കുര്യൻ, കലേഷ് സത്യാലയം, ബീന ജോസഫ്, എം.വി. രാജൻ, ഒ.കെ. ലല്ലു, ഷിജി ഷിബു തുടങ്ങിയവർ സംസാരിച്ചു. സമരത്തിന് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ മാതമംഗലം ഭാഗത്തേക്ക് കാവലിനായി സ്ഥിരമായി രണ്ട് വാച്ചർമാരെ നിയോഗിക്കാമെന്നും, തകർന്നുകിടക്കുന്ന കിടങ്ങുകളും വൈദ്യുതി വേലിയും പ്രവർത്തന സജ്ജമാക്കാമെന്നും ഉറപ്പ് ലഭിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *