May 17, 2024

അമലോത്‌ഭവമാതാ തീർഥാടനകേന്ദ്രം പുനഃപ്രതിഷ്ഠ 15-ന്

0
Img 20240413 101459

മാനന്തവാടി: മാനന്തവാടി അമലോത്‌ഭവമാതാ തീർഥാടനകേന്ദ്രം പുനഃപ്രതിഷ്ഠാകർമവും ആശീർവാദവും 15-ന് നടത്തും. വൈകീട്ട് മൂന്നിനു മാനന്തവാടി നഗരസഭാ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, സുൽത്താൻ ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ്, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലം എന്നിവരെ ദേവാലയത്തിലേക്ക് ആനയിക്കും. കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാർമികത്വത്തിലാണ് തിരുകർമങ്ങൾ നടത്തുക. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം വചനപ്രഘോഷണം നടത്തും.

പൊതുസമ്മേളനം സുൽത്താൻ ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിക്കും. മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലം അനുഗ്രഹ പ്രഭാഷണം നടത്തും. രാഹുൽഗാന്ധി എം.പി. മുഖ്യാതിഥിയാകും. ഒ.ആർ. കേളു എം.എൽ.എ. സുവനീർ പ്രകാശനം ചെയ്യും.

മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്‌നവല്ലി വിവിധ മേഖലകളിൽ മികവു പ്രകടിപ്പിച്ചവരെ ആദരിക്കും. 1846 സെപ്റ്റംബർ എട്ടിനാണ് പ്രഥമദേവാലയം നിർമിച്ചത്. ദേവാലയത്തിന്റെ അഞ്ചാമത്തെ പതിപ്പാണ് ഇപ്പോൾ നിർമിച്ചിട്ടുള്ള ‘ഗോതിക്’ ശൈലിയിലുള്ള ദൈവാലയം. കേരളസഭയിലെ അഞ്ചാമത്തെ രൂപതയായി സ്ഥാപിക്കപ്പെട്ട കോഴിക്കോട് രൂപതയുടെ കീഴിലാണ് ദേവാലയം.

ജില്ലയിലെ ഏറ്റവും പ്രാചീനമായ ദേവാലയങ്ങളിലൊന്നാണ് മാനന്തവാടി അമലോത്‌ഭവമാതാ ദൈവാലയം. 1846ൽ ക്രൈസ്തവ വിശ്വാസ സമൂഹത്തിനായി ഫ്രഞ്ച് മിഷണറിമാരാൽ സ്ഥാപിക്കപ്പെട്ട ദേവാലയമാണിത്. ആദ്യ ഫ്രഞ്ച് മിഷനറിയായ ഫാ. അന്റോണിയോ മാരിയെ ലെ ഗാലിക് ദെ കെരിസ 1846 ഏപ്രിൽ 15 നാണ് ആദ്യമായി മാനന്തവാടിയിലെത്തിയത്. ഇതിന്റെ വാർഷിക ദിനത്തിലാണ് പുതിയ ദേവാലയത്തിന്റെ ആശീർവാദം. അപ്രതീക്ഷിതയുണ്ടായ പ്രളയവും പ്രകൃതി ദുരന്തങ്ങളും മറ്റും 15 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ദേവാലയത്തിന് സാരമായ ബലക്ഷയമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ദേവാലയം നിർമിച്ചത്.

മാനന്തവാടിയുടെ നെറുകയിൽ 12 അടി ഉയരത്തിലാണ് ക്രിസ്തുദേവന്റെ തിരുസ്വരൂപത്താൽ അലംകൃതമായ ദൃശ്യമനോഹരമായ ദൈവാലയം നിർമിച്ചത്. കേരളത്തിൽ എവിടെയും കാണാത്ത 12 ശ്ലീഹന്മാരുടെ തിരുസ്വരൂപങ്ങളും ഭാരതത്തിലെ മുഖ്യ വിശുദ്ധരുടെ രൂപങ്ങൾ അണിനിരത്തിയിട്ടുള്ള ഗോപുരശൃംഗങ്ങളും 20 ജപമാല രഹസ്യങ്ങളുടെ റോസറി പാതയും 14 സ്ഥലങ്ങളിൽ കൊത്തി വെച്ചിട്ടുള്ള കുരിശിന്റെ വഴിയും പച്ചപ്പാർന്ന പൂങ്കാവനങ്ങളുമെല്ലാം ദൈവാലയത്തെ മനോഹരമാക്കുന്നു.

ഇടവക വികാരി ഫാ. വില്യം രാജൻ, സഹവികാരി ഫാ. റോയ്‌സൺ ആൻറണി, പാരിഷ് കൗൺസിൽ സെക്രട്ടറി സ്റ്റെർവിൻ സ്റ്റാനി, ദേവദാസ് ആന്റണി, സിസ്റ്റർ അനുപമ എ.സി, വി.സി. സ്റ്റെനിൻ, ഷൈനി മൈക്കിൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *