April 30, 2024

സർക്കാരിന്‌ റിപ്പോർട്ട്‌ നൽകും: വരൾച്ചാ പ്രദേശങ്ങൾ സന്ദർശിച്ച് എൽഡിഎഫ് സംഘം

0
Img 20240414 140802

പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ വരൾച്ചബാധിത പ്രദേശങ്ങൾ സന്ദർശിച്ച് എൽഡിഎഫ് പ്രതിനിധി സംഘം. കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങളും വറ്റിവരണ്ട കബനി നദിയും സംഘം നേരിൽ കണ്ടു. വീടുകളിലെത്തി കർഷകരുമായി സംസാരിച്ചു. കൃഷിനാശത്തിന്റെയും കുടിവെള്ള ക്ഷാമത്തിന്റെയും ദുരിതങ്ങൾ കർഷകർ വിവരിച്ചു. പി സന്തോഷ്‌കുമാർ എംപിയുടെയും എൽഡിഎഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രന്റെയും  നേതൃത്വത്തിലായിരുന്നു സന്ദർശനം.

മുള്ളൻകൊല്ലി കുന്നത്തുകവല നെല്ലാട്ട്‌ രാജന്റെ കൃഷിയിടത്തിലാണ്‌ സംഘം ആദ്യമെത്തിയത്‌. അഞ്ച്‌ വർഷം മുമ്പ്‌വച്ച ആയിരത്തോളം കമുകുകളിൽ അഞ്ഞൂറിലധികവും കരിഞ്ഞുണങ്ങിയതായി രാജൻ പറഞ്ഞു. കൃഷിക്ക്‌ വെള്ളം എടുത്തിരുന്ന കുളം പൂർണമായും വറ്റി. വാർവീട്ടിൽ വിത്സന്റെ കരിഞ്ഞുണങ്ങിയ കുരുമുളക്‌ തോട്ടത്തിലും സംഘമെത്തി. ഒരേക്കറോളം വരുന്ന തോട്ടം പൂർണമായും നശിച്ചു.

നട്ട്‌ ആദ്യതവണ വിളവ്‌ എടുത്ത തോട്ടമാണ്‌ കരിഞ്ഞുണങ്ങിയത്‌. ഭൂമി വിണ്ടുകീറിയ നിലയിലാണ്‌. കൃഷിനശിച്ച്‌ വായ്‌പാ തിരിച്ചടവ്‌ ഉൾപ്പെടെ മുടങ്ങി പ്രതിസന്ധിയിലായതായി വിത്സൻ പറഞ്ഞു. ചണ്ണോത്തുകൊല്ലിയിലെ വട്ടക്കുടി ഫ്രാൻസീസ്‌, മുട്ടത്ത്‌ സണ്ണി, കൊടിയപറമ്പിൽ ഫ്രാൻസീസ്‌ എന്നിവരുടെ കൃഷിയിടങ്ങളിലും സംഘമെത്തി. കാപ്പി, കുരുമുളക്‌, കമുക്‌ ഉൾപ്പെടെയുള്ള വിളകൾ കരിഞ്ഞ നിലയിലാണ്‌. കൊളവള്ളി, ഗൃഹന്നൂർ പ്രദേശങ്ങൾ സന്ദർശിച്ച്‌ സംഘം മരക്കടവിൽ എത്തി വറ്റിവരണ്ട കബനി നദി കണ്ടു. മുള്ളൻകൊല്ലി പഞ്ചായത്തിലേക്ക്‌ വെള്ളം പമ്പ്‌ ചെയ്യുന്ന പമ്പ്‌ ഹൗസ്‌ പരിസരവും സന്ദർശിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, ടി വി ബാലൻ, സി എം ശിവരാമൻ, കെ പി ശശികുമാർ, എം ടി ഇബ്രാഹിം, എം എസ്‌ സുരേഷ്‌ ബാബു, എ വി ജയൻ, റെജി ഓലിക്കരോട്ട്‌, കെ വി ജോബി, എം ബി ബിനേഷ്‌ എന്നിവരുമടങ്ങുന്ന സംഘമാണ്‌ വരൾച്ചബാധിത മേഖലകളിൽ എത്തിയത്‌.

വരൾച്ച ബാധിതമായി പ്രഖ്യാപിക്കാൻ ഇടപെടും

പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിലെ രൂക്ഷമായ വരൾച്ച സംബന്ധിച്ച്‌ സംസ്ഥാന സർക്കാരിനും എൽഡിഎഫ് സംസ്ഥാന കമ്മിറ്റിക്കും കലക്ടർക്കും റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രദേശങ്ങൾ സന്ദർശിച്ച എൽഡിഎഫ്‌ പ്രതിനിധിസംഘം പറഞ്ഞു.

പ്രദേശങ്ങളെ വരൾച്ച ബാധിതമായി പ്രഖ്യാപിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തും. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടത്തിന്റെ പരിമിതി ഉണ്ടെങ്കിലും ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഇടപെടൽ നടത്തും. കുടിവെള്ളം ഉറപ്പുവരുത്തും. കൃഷിക്കാരുടെ ഹ്രസ്വകാല, ദീർഘകാല ആവശ്യങ്ങൾ നിറവേറ്റുന്നതിന്‌ പ്രതിജ്‌ഞാബദ്ധമാണ്‌. അതിനുള്ള നടപടികളുമായി മുമ്പോട്ടുപോകും. ദുഃഖകരമായ കാഴ്‌ചകളാണെങ്ങും. അതിന്റെ ഗൗരവത്തിൽ തന്നെ നടപടി ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.

കൃഷിയിടം സന്ദർശിച്ച്‌ ആനി രാജയും

പുൽപ്പള്ളി വരൾച്ചാബാധിത പ്രദേശം സന്ദർശിച്ച്‌ വയനാട്‌ പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ആനി രാജയും. മുള്ളൻകൊല്ലി കുന്നത്തുകവലയിലെ പ്രദേശങ്ങളിലാണ്‌ സ്ഥാനാർഥിയെത്തിയത്‌. എൽഡിഎഫ്‌ പ്രതിനിധിസംഘം പ്രദേശം സന്ദർശിക്കുന്നതിനിടയിലാണ്‌ സ്ഥാനാർഥിയും ഒപ്പം ചേർന്നത്‌.

കൃഷിയിടങ്ങളിലെത്തി കർഷകരുമായും സംസാരിക്കുകയും വരൾച്ചാ പ്രതിസന്ധികൾ മനസ്സിലാക്കുകയും ചെയ്‌തു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്‌ അടിയന്തര ഇടപെടലുകൾ നടത്തുമെന്നും മറ്റുപ്രശ്‌നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽകൊണ്ടുവന്ന്‌ പരിഹരിക്കുമെന്നും ആനി രാജ പറഞ്ഞു.

പാടങ്ങൾ മുള്ളൻകൊല്ലി മേഖലയിലെ വരർച്ചാ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച എൽഡിഎഫ്‌ പ്രതിനിധിസംഘം മരക്കടവിൽ വരണ്ടുകിടക്കുന്ന കബനി നദി കണ്ടു. വയനാട്‌ പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ആനി രാജയും നേതാക്കളും മുള്ളൻകൊല്ലി കുന്നത്തുകവല വാർവീട്ടിൽ വിത്സന്റെ കരിഞ്ഞുണങ്ങിയ കുരുമുളക്‌ തോട്ടം സന്ദർശിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *