April 30, 2024

കാറിൽ മയക്കുമരുന്ന് വെച്ച് മുൻ ഭാര്യയെയും ഭർത്താവിനെയും കുടുക്കാൻ ശ്രമിച്ച സംഭവം; മുഖ്യ പ്രതി പിടിയിൽ 

0
Img 20240405 204032

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മുഖ്യ പ്രതിയെ ചെന്നൈയിൽ നിന്ന് ബത്തേരി പോലീസ് പിടികൂടി

ബത്തേരി: കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെ ചെന്നൈയിൽ നിന്ന് ബത്തേരി പോലീസ് പിടികൂടി. ചീരാൽ സ്വദേശിയായ കുണ്ടുവായിൽ ബാദുഷ (25)യെയാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ ചെന്നൈ എയർപോർട്ടിൽ വച്ച് പിടികൂടിയത്. ഒളിവിലായിരുന്ന ഇയാൾക്കെതിരെ ബത്തേരി പോലീസ് ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അയച്ചു നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് 04 ഏപ്രിൽ 2024 തിയ്യതി എയർപോട്ടിലെ എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞു വെച്ച് ബത്തേരി പോലീസിന് കൈമാറിയത്.

10,000 രൂപ വാങ്ങി കാറില്‍ എം.ഡി.എം.എ വെച്ച ബാദുഷയുടെ സുഹൃത്തായ ചീരാല്‍, കുടുക്കി, പുത്തന്‍പുരക്കല്‍ പി.എം. മോന്‍സി(30)യെ സംഭവം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് പിടികൂടിയിരുന്നു. വില്‍പനക്കായി ഒ.എല്‍.എക്‌സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങിയാണ് ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എം.ഡി.എം.എ ഒളിപ്പിച്ചുവെച്ച ശേഷം മോൻസി പോലീസിന് രഹസ്യവിവരം നല്‍കി ദമ്പതികളെ കുടുക്കാൻ ശ്രമിച്ചത്.

17 മാർച്ച്‌ 2024 ന് വൈകിട്ടാണ് സംഭവം. പുല്‍പ്പള്ളി-ബത്തേരി ഭാഗത്തു നിന്നും വരുന്ന കാറില്‍ എം.ഡി.എം.എ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടെയാണ് ബത്തേരി സ്‌റ്റേഷനില്‍ ലഭിക്കുന്നത്. വിവരമറിഞ്ഞയുടന്‍ ബത്തേരി പോലീസ് കോട്ടക്കുന്ന് ജംഗ്ഷനില്‍ പരിശോധന നടത്തി. അതുവഴി വന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ നിന്നും 11.13 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇവരുടെ നിരപരാധിത്വം പോലീസിന് ബോധ്യപ്പെട്ടു.

തുടര്‍ന്ന് ഇവരോട് എവിടെ നിന്ന് വരുകയാണ് എന്ന് ചോദിച്ചു. ഒ.എല്‍.എക്‌സില്‍ വില്‍പ്പനക്കിട്ട ഇവരുെട വാഹനം ടെസ്റ്റ് ഡ്രൈവിനായി ശ്രാവണ്‍ എന്നൊരാള്‍ക്ക് കൊടുക്കാന്‍ പോയതാണെന്ന് പറഞ്ഞു. ഉറപ്പുവരുത്താനായി ശ്രാവണിന്റെ നമ്പര്‍ വാങ്ങി പോലീസ് വിളിച്ചു നോക്കിയപ്പോള്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതില്‍ സംശയം തോന്നിയ പോലീസ് നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് സത്യം പുറത്ത് വന്നത്.

ശ്രാവണ്‍ എന്നത് മോന്‍സിയുടെ കള്ളപേരാണ് എന്നും ബാദുഷക്ക് ദമ്പതികളോടുള്ള വിരോധം മൂലം കേസില്‍ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി സുഹൃത്ത് മോന്‍സിക്ക് പണം നൽകി കാറില്‍ എം.ഡി.എം.എ ഒളിപ്പിച്ചുവെക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നെന്നും പൊലീസ് കണ്ടെത്തി. എസ്.ഐ സി.എം. സാബു, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ എൻ.വി. ഗോപാലകൃഷ്ണൻ, എൻ.വി. മുരളിദാസ്, സി.എം. ലബ്‌നാസ് എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *