May 18, 2024

സുഗന്ധഗിരി മരംമുറി: തിരഞ്ഞെടുപ്പിന് പിന്നാലെ എ.ഷജ്നയെ സർക്കാർ സ്‌ഥലം മാറ്റി

0
Img 20240504 220630

കോഴിക്കോട്: സുഗന്ധഗിരി മരംമുറി കേസിൽ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്‌റ്റ് ഓഫിസർക്കെതിരെ തിരഞ്ഞെടുപ്പിന് പിന്നാലെ നടപടിയെടുത്ത് സർക്കാർ. എ.ഷജ്നയെ സർക്കാർ സ്‌ഥലം മാറ്റിക്കൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ നടപടി. ആവശ്യമായ ഫീൽഡ് പരിശോധനകൾ നടത്താതെ മരം മുറിക്ക് വഴിവച്ച ഡിഎഫ്‌ഒയുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായി എന്ന വിലയിരുത്തലോടെയാണ് കാസർകോട് സോഷ്യൽ ഫോറസ്ട്രി അസിസ്‌റ്റന്റ് കൺസർവേറ്ററായി സ്‌ഥലം മാറ്റിയത്. ഒലവക്കോട് അസിസ്‌റ്റന്റ് കൺസർവേറ്റർ ബി. ശ്രീജിത്തിനാണ് സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്‌റ്റ് ഓഫിസറിന്റെ ചുമതല നൽകിയിരിക്കുന്നത്.

ഷജ്‌ന, ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ, ഡെപ്യൂട്ടി റേഞ്ചർ (ഗ്രേഡ്) എന്നിവരെ അർധരാത്രിയിൽ സസ്പെൻഡ് ചെയ്‌തു കൊണ്ട് സർക്കാർ മുൻപ് ഉത്തരവിട്ടിരുന്നു. ഈ നടപടി തിരഞ്ഞെടുപ്പ് സമയത്ത് വിവാദമായതിനെ തുടർന്ന് മരവിപ്പിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ചൂട് അവസാനിച്ചതോടെ നടപടികൾക്ക് വീണ്ടും ജീവൻ നൽകുകയാണ് സംസ്ഥാന സർക്കാർ. ഇവർക്കെതിരായ നടപടി വടകരയിലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും എന്ന് വിലയിരുത്തലുണ്ടായതോടെയാണ് ഇരുപത് മണിക്കൂറിനകം സസ്പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചത്. ഡിഎഫ്ഒ എന്ന നിലയിൽ ഷജ്‌ന ജാഗ്രതയോടെ പ്രവർത്തിച്ചില്ലെന്നാണ് വിജിലൻസ് അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്ററുടെ കണ്ടെത്തൽ. തുടർന്ന് നൽകിയ റിപ്പോർട്ടിൽ ഷജ്‌നയിൽ നിന്ന് വിശദീകരണം തേടി തുടർ നടപടികൾ സ്വീകരിക്കണം എന്നായിരുന്നു ശുപാർശ.

ഭരണ വിഭാഗം എപിസിസിഎഫ് ഇതു പ്രകാരം ഷജ്നയ്ക്കു മെമോ നൽകി. എന്നാൽ സർക്കാർ നേരിട്ട് ഈ നടപടികൾ തടഞ്ഞു. അതിന് ശേഷമാണ് ഇവർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള കർശന നടപടികളുമായി സർക്കാർ മുന്നോട്ട് പോയത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ വിവാദം സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ വനം മന്ത്രി എ.കെ. ശശീന്ദ്രനുമായി സംസാരിച്ചിരുന്നു എന്നാണ് വിവരം. ഗൗരവമായ നടപടികൾ ഇക്കാര്യത്തിൽ കൈക്കൊള്ളണം എന്ന നിർദേശത്തെ തുടർന്നാണ് ഉടനടി പ്രാബല്യത്തിൽ വരത്തക്ക വിധത്തിൽ സ്ഥലം മാറ്റിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *