May 18, 2024

വേനൽ ചൂട് കനക്കുന്നു: ജില്ലയിൽ അളക്കാൻ പാലോ പശുവിന് തീറ്റയോയില്ല

0
Img 20240505 094146

കൽപ്പറ്റ: ചൂടുകൂടിയതോടെ ജില്ലയിലെ ക്ഷീരമേഖല പ്രതിസന്ധിയിൽ. ജലക്ഷാമവും തീറ്റയിലെ കുറവും ജില്ലയിലെ വരൾച്ചബാധിതമേഖലകളിലെ ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു.വരൾച്ചബാധിതമേഖലകളിലെ സൊസൈറ്റികളിൽ പാലളക്കുന്നതിൽ കുറവ് അനുഭവപ്പെട്ടുതുടങ്ങി. കുടിവെള്ളത്തിൻ്റെ ലഭ്യതക്കുറവിനൊപ്പം പച്ചപ്പുല്ലും മറ്റു തീറ്റകളുടെ ലഭ്യതയും കുറഞ്ഞതാണ് കർഷകരെ കുഴപ്പിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ പാലളന്നിരുന്ന മാനന്തവാടി ക്ഷീരോത്പാദകസംഘത്തിൽ പ്രതിദിനം 3000 ലിറ്റർവരെ പാലളക്കുന്നത് കുറഞ്ഞു. പുല്പള്ളി ക്ഷീരോത്പാദകസംഘത്തിലും പ്രതിദിനം 2500 ലിറ്ററോളം പാലളക്കുന്നത് കുറഞ്ഞു. പുല്പള്ളി ശിശുമല ഉൾപ്പെടെ കടുത്ത ജലക്ഷാമം നേരിടുന്ന മേഖലകളിൽ കർഷകർ കന്നുകാലികളെ വിറ്റു ക്ഷീരമേഖലയിൽനിന്ന് പിൻവാങ്ങുകയാണ്.

ജനുവരി മുതൽ തന്നെ പ്രതിസന്ധി അനുഭവപ്പെട്ടുതുടങ്ങിയെന്ന് ക്ഷീരകർഷകർ പറയുന്നു. വെള്ളം കുറഞ്ഞതോടെ പശുക്കളുടെ പരിപാലനം പ്രതിസന്ധിയിലായി. ഇതിനൊപ്പം കന്നുകാലിത്തീറ്റയുടെ ലഭ്യതയും കുറഞ്ഞു. പച്ചപ്പുല്ല് കിട്ടാനില്ലാത്ത സ്ഥിതിയാണ്. കർണാടകയിൽനിന്നുള്ള തീറ്റയുടെ വരവ് നിലച്ചതിന് പുറമേ പ്രാദേശികമായി പുല്ല് കിട്ടാതായതോടെ കർഷകർ പ്രതിസന്ധിയിലായി. വെള്ളവും തീറ്റയും പുറത്തുനിന്നെത്തിക്കണമെന്ന് വന്നതോടെ ചെലവൊക്കാത്ത അവസ്ഥയായെന്ന് കർഷകർ പരാതിപ്പെടുന്നു.

ചേകാടി, പാക്കം പുൽപ്പള്ളി, ശശിമല, മുള്ളൻകൊല്ലി പെരിക്കല്ലൂർ, തോണിക്കടവ്, ചങ്ങോത്ത്കൊല്ലി, മാനന്തവാടിയുടെ ചില മേഖലകൾ എന്നിവിടങ്ങളിലാണ് വരൾച്ചാപ്രതിസന്ധി രൂക്ഷമായത്. ചൂടുയർന്നതോടെ ആലകളിൽ കൂടുതൽ വെള്ളവുമെത്തിക്കണം. പുറത്തുനിന്നുള്ള തീറ്റമാത്രമായതോടെ പാലിന്റെ ഗുണമേന്മയും കുറഞ്ഞു. അകിടുവീക്കം ഉൾപ്പെടെയുള്ള രോഗങ്ങളും കന്നുകാലികൾക്ക് അനുഭവപ്പെടുന്നു. ഇനിയും വേനൽമഴ ശക്തമായി കിട്ടിയില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാകുമെന്നാണ് കർഷകർ പറയുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *