May 19, 2024

ചെട്യാലത്തൂരില്‍ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി യാഥാര്‍ഥ്യമാകുന്നു; 86 കുടുംബങ്ങള്‍ക്ക് ആറു ലക്ഷം രൂപ വീതം നല്‍കി

0
കല്‍പറ്റ-വയനാട് വന്യജീവിസങ്കേതത്തിലെ മുത്തങ്ങ റേഞ്ചിലുള്ള ചെട്യാലത്തൂര്‍ ഗ്രാമത്തില്‍  സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി യാഥാര്‍ഥ്യമാകുന്നു. പദ്ധതി ഗുണഭോക്താക്കളില്‍ 86 പേര്‍ക്ക് ആദ്യഗഡുവായി ആറു ലക്ഷം രൂപ വീതം നല്‍കി. കൈവശഭൂമി അതിരുകള്‍ അടയാളപ്പെടുത്തി വനം വകുപ്പിനു കൈമാറുന്ന മുറയ്ക്ക് രണ്ടാം ഗഡുവായി നാലു ലക്ഷം രൂപ വീതം അനുവദിക്കും. ഗ്രാമത്തിലെ മറ്റു യോഗ്യതാകുടുംബങ്ങള്‍ക്കും ആദ്യഗഡു ഉടന്‍ ലഭ്യമാക്കും. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഒരു യോഗ്യതാകുടുംബത്തിനു  കൈവശഭൂമിയുടെ വിസ്തീര്‍ണം കണക്കിലെടുക്കാതെ 10 ലക്ഷം രൂപയാണ് നല്‍കുന്നത്. ആകെ 140 യോഗ്യതാ കുടുംബങ്ങളാണ് ചെട്യാലത്തൂരില്‍.  
ഗ്രാമത്തില്‍ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി  രണ്ടു മാസത്തിനകം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിയാണ് വനം, റവന്യൂ വകുപ്പുകള്‍. പദ്ധതി നിര്‍വഹണത്തിനു 13.5 കോടി രൂപ ധനവകുപ്പ്  ജില്ലാ കലക്ടറുടെയും ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസറുടെയും സംയുക്ത ട്രഷറി അക്കൗണ്ടില്‍ ലഭ്യമാക്കിയിട്ടുണ്ട്. ട്രഷറി അക്കൗണ്ടില്‍നിന്നു ധനവകുപ്പ് നേരത്തേ പിന്‍വലിച്ചതില്‍പ്പെട്ടതാണ് തിരികെ നിക്ഷേപിച്ച തുക. 
സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി 
     ഗുണഭോക്താക്കളല്ലാത്ത 10 കുടുംബങ്ങള്‍ ചെട്യാലത്തൂരിലുണ്ട്. ഏകദേശം 50 ഏക്കര്‍ ഭൂമി കൈവശം വയ്ക്കുന്ന ഈ കുടുംബങ്ങളെയും വനത്തിനു പുറത്തേക്ക് മാറ്റുന്നതിനു നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ പറഞ്ഞു. മാന്യമായ ഭൂവിലയും കുഴിക്കൂര്‍ ചമയങ്ങള്‍ക്കു നഷ്ടപരിഹാരവും ലഭിച്ചാല്‍ ഗ്രാമം വിടാന്‍ ഈ കുടുംബങ്ങള്‍ തയാറാണ്. പദ്ധതി ഗുണഭോക്തൃ കുടുംബങ്ങള്‍ ഒഴിഞ്ഞുപോകുമ്പോള്‍ 250 ഏക്കര്‍ ഭൂമിയാണ് വനം വകുപ്പിനു ലഭിക്കുക. മുഴുവന്‍ കുടുംബങ്ങളും ഗ്രാമം വിട്ടാല്‍ 300 ഏക്കര്‍ കൃഷിഭൂമി വനഭൂമിയായി മാറും. ഇത് അടുത്തള്ള ജനവാസ കേന്ദ്രങ്ങളില്‍ വന്യജീവി ശല്യം കുറയുന്നതിനു സഹായകമാകും. 
    പദ്ധതി ഗുണഭോക്താക്കളില്‍ 60ല്‍പരം  കുടുംബങ്ങള്‍ ആദിവാസികളിലെ മുള്ളുക്കുറുമ, കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളില്‍പ്പെടുന്നവരാണ്. ഇതില്‍ മുള്ളുക്കുറുമര്‍ക്കു മാത്രമാണ് പദ്ധതിപ്രകാരം അനുവദിച്ച പണം നേരിട്ടുനല്‍കുന്നത്. പണിയ, കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്കുള്ള പണം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍, ഗുണഭോക്താവ് എന്നിവരുടെ സംയുക്ത ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. വനത്തിനു പുറത്ത് പണിയ, കാട്ടുനായക്ക് കുടുംബങ്ങള്‍ക്കു നല്‍കുന്നതിനുള്ള ഭൂമി പദ്ധതി ജില്ലാതല നിര്‍വഹണ സമിതി കണ്ടെത്തി വിലയക്കുവാങ്ങി കൈമാറും. ഓരോ കുടുംബത്തിനും വീടും അനുബന്ധ സൗകര്യങ്ങളും ഒരുക്കും. ജില്ലാ കലക്ടറാണ് ജില്ലാതല നിര്‍വഹണ സമിതി ചെയര്‍മാന്‍. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് സെക്രട്ടറി. 
 
      സമഗ്ര വന്യജീവി ആവാസവ്യവസ്ഥ വികസന പദ്ധതിയനുസരിച്ചു നടപ്പിലാക്കുന്നതാണ്  സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി.  ഇതിനാവശ്യമായ പണം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ്  അനുവദിക്കുന്നത്. വന്യജീവി സങ്കേതത്തില്‍ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ  14 വനഗ്രാമങ്ങളില്‍ ഏറ്റവും കൂടുതല്‍   ജനസാന്ദ്രതയുള്ളതാണ് ചെട്യാലത്തൂര്‍. വന്യജീവി-മനുഷ്യ സംഘര്‍ഷത്തിനു കുപ്രസിദ്ധവുമാണ് നൂല്‍പ്പുഴ പഞ്ചായത്തില്‍പ്പെട്ട ഈ ഗ്രാമം.  
വയനാട് വന്യജീവി സങ്കേതത്തില്‍ 2011ലാണ് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്ക് തുടക്കമായത്. കുറിച്യാട് റേഞ്ചിലെ ഗോളൂര്‍, കുറിച്യാട്, അമ്മവയല്‍, ബത്തേരി റേഞ്ചിലെ അരകുഞ്ചി, കൊട്ടങ്കര, വെള്ളക്കോട്, പുത്തൂര്‍, മണിമുണ്ട, പാമ്പന്‍കൊല്ലി, മുത്തങ്ങ റേഞ്ചിലെ പങ്കളം, കോളോട്, ചെട്ട്യാലത്തൂര്‍, തോല്‍പ്പെട്ടി റേഞ്ചിലെ നരിമാന്തിക്കൊല്ലി, ഈശ്വരന്‍കൊല്ലി എന്നീ 14 ഗ്രാമങ്ങളെയാണ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയത്. ഈ ഗ്രാമങ്ങളിലായി 360 വീട്ടുകാരും 123 കൈവശക്കാരുമാണ് ഉള്ളത്. 880 ആണ് യോഗ്യതാകുടുംബങ്ങളുടെ എണ്ണം. ചെട്യാലത്തൂര്‍, പുത്തൂര്‍, മണിമുണ്ട, പാമ്പന്‍കൊല്ലി, നരിമാന്തിക്കൊല്ലി, ഈശ്വരന്‍കൊല്ലി, പങ്കളം ഒഴികെ വനഗ്രാമങ്ങളില്‍ പുനരധിവാസ പദ്ധതി പൂര്‍ത്തിയായിട്ടുണ്ട്. 
      കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം സംസ്ഥാന വനം-വന്യജീവി വകുപ്പ് തയാറാക്കിയതാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി.  വയനാട് വന്യജീവി സങ്കേതത്തില്‍ നാല് റേഞ്ചുകളിലായി 110 ജനവാസകേന്ദ്രങ്ങളാണ് ഉള്ളത്. പതിറ്റാണ്ടുകള്‍ മുന്‍പ് ഗ്രോ മോര്‍ ഫുഡ് പദ്ധതിയില്‍ ഭൂമി പാട്ടത്തിനു നല്‍കി വനത്തില്‍ കുടിയിരുത്തിയ കുടുംബങ്ങളുടെ പിന്‍മുറക്കാരാണ്  ഇവിടങ്ങളില്‍ ഉള്ളതില്‍  അധികവും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *