May 18, 2024

വയനാടിന് സഹായഹസ്തങ്ങള്‍ തുടരുന്നു: ഇന്നലെയും സഹായവുമായി ആളുകളെത്തി.

0
Thoadannur Block 1
അസ്തമിക്കാത്ത സഹായഹസ്തങ്ങള്‍ 

കാലവര്‍ഷക്കെടുതിയെ തുടര്‍ന്നു കര കയറുന്ന ജില്ലയ്ക്ക് സഹായ ഹസ്തങ്ങളുടെ പ്രവാഹം അവസാനിക്കുന്നില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന ധനസമാഹരണ യജ്ഞത്തിലും ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നും നിരവധി സഹായ ഹസ്തങ്ങളെത്തി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മണ്ഡലമായ കണ്ണൂരില്‍ നിന്നും ഒരു കൂട്ടം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും 1000 നോട്ടുബുക്കുകളുമായാണ് എത്തിയത്. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടന്ന ധനസമാഹരണ പരിപാടിയില്‍ വച്ച് നോട്ടുബുക്കുകള്‍ നേരിട്ട് മന്ത്രിക്കു കൈമാറി. കണ്ണൂര്‍ തളാപ്പ് മിക്‌സഡ് യു.പി സ്‌കൂളിലെ ഏഴു കുട്ടികളും അദ്ധ്യാപകരുമടങ്ങുന്ന സംഘമാണ് നോട്ട് പുസ്തകങ്ങളുമായെത്തിയത്. പി.ടി.എ പ്രസിഡന്റ്  എം.പി രാജേഷ്, വൈസ് പ്രസിഡന്റ് എ. ജയചന്ദ്രന്‍, മദര്‍ പി.ടി.എ സീമ ജയചന്ദ്രന്‍, പ്രധാനാദ്ധാപകന്‍ സി. ശശീന്ദ്രന്‍, അദ്ധ്യാപകരായ എം.വി സപ്ന, വി.പി ഷീബ, എം.പി ഷീബ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം ജില്ലയിലെത്തിയത്. 2017 – 18 വര്‍ഷത്തെ മികച്ച പി.ടി.എയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ഈ സ്‌കൂളിനായിരുന്നു. പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ കുട്ടനാടിനെ സഹായിക്കാന്‍ 50,000 രൂപയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1000 കിലോ അരി കണ്ണൂര്‍ കളക്ടറേറ്റിലും സ്‌കൂളിന്റെ നേതൃത്വത്തില്‍ എത്തിച്ചിരുന്നു. കൂടാതെ വിദ്യാലയങ്ങളിലെ ധന സമാഹരണത്തിന്റെ ഭാഗമായി ഒന്നര ലക്ഷം രൂപയും സമാഹരിച്ച് നല്‍കിയിട്ടുണ്ട്. 
കോഴിക്കോട് ജില്ലയിലെ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 629 കുടുംബങ്ങള്‍ക്കു നല്‍കാനായി സ്റ്റീല്‍ പാത്ര കിറ്റുകളാണ് എത്തിച്ചു നല്‍കിയത്. ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസമാഹരണ സമാപന ചടങ്ങില്‍ വച്ച് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ജില്ലാ ഭരണകൂടവും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനെ നന്ദിയും അഭിനന്ദനവും അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് സ്റ്റീല്‍ പാത്ര കിറ്റുമായി ജില്ലാ കളക്ടറേറ്റിലെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സഫിയ മലയില്‍, സി. ബാലന്‍, പി.എം വിനോദന്‍ എന്നിവരും അംഗനവാടി ടീച്ചര്‍മാരും ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരുമടങ്ങുന്ന സംഘമാണ് ജില്ലയിലെത്തിയത്. 
സാമൂഹിക വനവത്കരണ വിഭാഗം വയനാടിന്റെ നോതൃത്വത്തില്‍ പ്രകൃതി സംരക്ഷണ സന്ദേശം ഉള്‍പ്പെടുത്തി 1000 നോട്ടുബുക്കളും സംഭാവനയായി നല്‍കി. സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ ഷജ്‌ന കരീം നോട്ടുബുക്കുകള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കു കൈമാറി. നെന്‍മേനി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ 2,58,130 രൂപയും കലാപ്രകടനത്തിലുടെ ഒരുദിവസം കൊണ്ട് സുല്‍ത്താന്‍ ബത്തേരിയിലെ കലാകാരന്‍മാര്‍ പിരിച്ച 31,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഇവരെ കൂടാതെ വിവിധ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ധനസമാഹരണ വേദികളില്‍ നവകേരള നിര്‍മ്മിതിക്ക് കൈത്താങ്ങാവാനെത്തി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *