May 15, 2024

കുക്കീസ് വെളിച്ചെണ്ണയില്‍ മായമെന്ന് കാട്ടി നിരോധന ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ നിയമനടപടിക്കൊരുങ്ങി കൊക്കോ പാര്‍ക്ക് കമ്പനി

0
കല്‍പ്പറ്റ: കൊക്കോ പാര്‍ക്കിന്റെ ഉല്‍പ്പന്നമായ കുക്കീസ് വെളിച്ചെണ്ണയില്‍ മായമെന്ന് കാട്ടി വയനാട് ജില്ലയില്‍ നിരോധന ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ നിയമനടപടിക്കൊരുങ്ങി കൊക്കോ പാര്‍ക്ക് കമ്പനി. വയനാട് ജില്ലാ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി ഓഫിസര്‍ പി.ജെ വര്‍ഗീസിനെതിരെയാണ് കമ്പനി അധികൃതര്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നത്. വെളിച്ചെണ്ണയുടെ 74ാം ബാച്ചില്‍ മായമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞെന്ന് കാണിച്ചാണ് അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി ഓഫിസര്‍ വെളിച്ചെണ്ണ നിരോധിച്ച് കൊണ്ട് വയനാട്ടില്‍ ഉത്തരവിറക്കിയത്. ഇത് പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. കോഴിക്കോട്ടെ റീജ്യണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധിച്ച വെളിച്ചെണ്ണയില്‍ പൊളെന്‍സ്‌കെ വാല്യൂ 13 വേണ്ടിടത്ത് 12.6 ഉള്ളുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥന്‍ വെളിച്ചെണ്ണ ജില്ലയില്‍ നിതോധിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരറിയിപ്പും കമ്പനി ഉടമകള്‍ക്ക് നല്‍കിയിരുന്നില്ല. മാത്രമല്ല പരിശോധന ഫലം നെഗറ്റീവാണെങ്കില്‍ ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കണമെന്ന നിയമം പോലും പാലിക്കാതെ എടുത്ത് ചാടിയായിരുന്നു നിരോധന ഉത്തരവ് കൊണ്ട് വന്നത്. ഒപ്പം ഈ വെളിച്ചെണ്ണ ആരെങ്കിലും കൈവശം വച്ചാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതോടെ ഓണം-ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും സൂപ്പര്‍ സ്‌റ്റോക്കിസ്റ്റും സ്‌റ്റോക്ക് ചെയ്ത 50 ലക്ഷത്തിലധികം രൂപയുടെ വെളിച്ചെണ്ണയാണ് നശിപ്പിച്ച് കളഞ്ഞത്. ഇതേതുടര്‍ന്ന് ഇതേ ബാച്ചിലുള്ള വെളിച്ചെണ്ണ അഗ്മാര്‍ക്ക് ലാബിലും എന്‍.എ.ബി.എല്‍ അംഗീകൃത ലാബിലും പരിശോധിച്ചപ്പോള്‍ 13ന് മുകളില്‍ ഉണ്ടെന്നും മായമില്ലെന്നും റിപ്പോര്‍ട്ട് വന്നു. എന്നിട്ടും നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. തുടര്‍ന്ന് രണ്ടാം സാമ്പിള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി കമ്പനി അധികൃതര്‍ സമീപിച്ചെങ്കിലും അതിനും അനുകൂലമായ സമീപനം ഉദ്യോഗസ്ഥനില്‍ നിന്നുണ്ടായില്ല. അതോടെ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. 


       സെപ്തംബര്‍ 11ന് സാമ്പിള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതിയും  ആവശ്യപ്പെട്ടു. എന്നിട്ടും നടപടിയുണ്ടായില്ല. ഇതോടെ രണ്ടാം സാമ്പിള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി അധികൃതര്‍ പണമടച്ച് ചട്ടപ്രകാരം ആവശ്യപ്പെട്ടു. ഇതോടെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പൂനെയിലെ റഫറല്‍ ലബോറട്ടറിയിലേക്ക് ഉദ്യോഗസ്ഥന്‍ തന്നെ വെളിച്ചെണ്ണയുടെ സാമ്പിള്‍ പരിശോധനക്കയച്ചു. ഈ പരിശോധനയുടെ ഫലം അഗ്മാര്‍ക്ക് ലാബിലെയും എന്‍.എ.ബി.എല്‍ അംഗീകൃത ലാബിലെയും പരിശോധന ഫലം ശരിവെക്കുന്നതായിരുന്നു. ഇതോടെ ഉദ്യോഗസ്ഥന്‍ നിരോധന ഉത്തരവ് പിന്‍വലിച്ചു. എന്നാല്‍ കഴിഞ്ഞ 18 വര്‍ഷങ്ങളായി മികച്ച ഗുണനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നതും സര്‍ക്കാരുകളുടെ ഗുണനിലവാര പരിശോധനയില്‍ ഒരിക്കല്‍പോലും പരാചയപ്പെടുകയും ചെയ്യാത്ത സ്ഥാപനമാണ് കൊക്കോ പാര്‍ക്ക്. എന്നിട്ടും ചില മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥന്‍ ചെയ്തുവച്ച നടപടി കമ്പനിയുടെ സല്‍പേരിനും കളങ്കം വരുത്തി. 



    കമ്പനിയെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളും ഇതുകൊണ്ട് ദുരിതത്തിലായി. ഇതേതുടര്‍ന്നാണ് ഉദ്യോഗസ്ഥനെതിരെ മാനനഷ്ടത്തിനും നഷ്ടപരിഹാരത്തിനുമായി ഒരു കോടി രൂപ ആവശ്യപ്പെട്ട് കമ്പനി നിയമനടപടി സ്വീരിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കൊക്കോ പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ പി അബ്ദുല്‍ നാസര്‍, പി.ആര്‍ മാനേജര്‍ എ.എ ഹക്കീം, പി.എം ഷാനവാസ്, സുധീഷ് കുമാര്‍, സാബു തോമസ് എന്നിവര്‍ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *