May 18, 2024

പ്രളയ ദുരന്ത ബാധിതര്‍ക്ക് ഉജ്ജീവന വായ്പ പദ്ധതി: മാര്‍ച്ച് 31 വരെ പദ്ധതിക്കായി അപേക്ഷിക്കാം.

0

പ്രളയ ദുരന്ത ബാധിതര്‍ക്ക് 
 ഉജ്ജീവന വായ്പ പദ്ധതി
മാര്‍ച്ച് 31 വരെ പദ്ധതിക്കായി അപേക്ഷിക്കാം.

   പ്രളയ ദുരന്ത ബാധിതര്‍ക്ക് ഉപജീവന മാര്‍ഗ്ഗങ്ങള്‍ ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കുന്നതിനു സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഉജ്ജീവന വായ്പ പദ്ധതി തയ്യാറായി. പ്രളയത്തില്‍ മൃഗസംരക്ഷണ മേഖലയില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍, സൂക്ഷ്മ-ചെറുകിട-ഇടത്തരം വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍, കടകള്‍, കിസാന്‍ കാര്‍ഡ് ഉടമകള്‍, അലങ്കാര പക്ഷി കര്‍ഷകര്‍, തേനീച്ച കര്‍ഷകര്‍ എന്നി മേഖലകളിലുള്ള ദുരന്തബാധിതര്‍ക്കാണ് ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി ഉപജീവന മാര്‍ഗ്ഗങ്ങള്‍ പുനരാരംഭിക്കുന്നതിന് സഹായം നല്‍കുന്നത്. ഉജ്ജീവന വായ്പാ പദ്ധതി പ്രകാരം ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വായ്പകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭിക്കും. മാര്‍ച്ച് 31 വരെ പദ്ധതിക്കായി അപേക്ഷിക്കാം. ജില്ലയില്‍ ഫെബ്രുവരി 23 നകം അര്‍ഹരായവര്‍ ബാങ്കില്‍ അപേക്ഷ നല്‍കിയാല്‍ ഈ മാസം തന്നെ വായ്പകള്‍ വിതരണം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രളയ ദുരന്ത ബാധിതരുടെ പട്ടിക ബാങ്ക് ശാഖ മാനേജര്‍മാര്‍ക്ക് ലീഡ് ജില്ലാ ബാങ്ക് മാനേജര്‍ നല്‍കും. ബാങ്കുകള്‍ക്കും ഗുണഭോക്താക്കള്‍ക്കും സംശയ നിവാരണത്തിന് ലീഡ് ജില്ലാ ബാങ്ക് മാനേജരെ ബന്ധപ്പെടാമെന്ന് പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. 

      ഉജ്ജീവന വായ്പാ പദ്ധതി പ്രകാരം ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വായ്പകള്‍ താഴെ പറയും പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭിക്കും. ജീവനോപാധി പുനരധിവാസത്തിനായി എടുക്കുന്ന ടേം ലോണിന്റെ മാര്‍ജിന്‍ മണിയായി രണ്ടു ലക്ഷം രൂപയോ, വായ്പയുടെ 25 ശതമാനമോ ഏതാണോ കുറവ് ആ തുക ലഭിക്കും. ജീവനോപാധി പുനരാരാംഭത്തിനായി പ്രവര്‍ത്തന മൂലധനം മാത്രം എടുത്തവര്‍ക്ക് വായ്പയുടെ 25 ശതമാനമോ ഒരു ലക്ഷം രൂപയോ ഏതാണോ കുറവ് ആ തുകയും ധനസഹായമായി ലഭിക്കും. ജീവനോപാധി പുനരാരംഭത്തിനായി പ്രവര്‍ത്തന മൂലധനം മാത്രം എടുക്കുന്നവര്‍ക്ക് വായ്പാ തുകയില്‍ 10 ലക്ഷം വരെയും മാര്‍ജിന്‍ മണിക്ക് പകരം ഒരു വര്‍ഷത്തേക്ക് 9 ശതമാനം നിരക്കില്‍ താങ്ങ് പലിശ നല്‍കും. കൃഷിവായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് നാല് ശതമാനം താങ്ങ് പലിശ ഒരു വര്‍ഷത്തേക്ക് സഹായമായി ലഭിക്കും. 

പദ്ധതിക്ക് അര്‍ഹരായവര്‍
പ്രളയത്തെ തുടര്‍ന്ന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും മാനദണ്ഡ പ്രകാരം ധനസഹായം നല്‍കുന്നതിനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്ഷീര കര്‍ഷകര്‍, പൗള്‍ട്രീ കര്‍ഷകര്‍,പ്രളയത്തില്‍ നഷ്ടം സംഭവിച്ചവരെന്ന് കൃഷി വകുപ്പ് സാക്ഷ്യപ്പെടുത്തുന്ന തേനീച്ച കര്‍ഷകര്‍, മൃഗ സംരക്ഷണ വകുപ്പ് സാക്ഷ്യപ്പെടുത്തുന്ന അലങ്കാര പക്ഷി കര്‍ഷകര്‍. പ്രളയത്തില്‍ നഷ്ടം സംഭവിച്ചതെന്ന് വ്യവസായ വകുപ്പ് കണ്ടെത്തിയ സൂക്ഷ്മ – ചെറുകിട – ഇടത്തര വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവയുടെ സംരഭകര്‍, ദുരന്ത പ്രതികരണ നിധിയില്‍ നിന്നും സഹായം ലഭിച്ച കിസാന്‍ ക്രഡിറ്റ് കാര്‍ഡുള്ള കര്‍ഷകര്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

അപേക്ഷിക്കേണ്ട വിധം


  ദുരന്ത ബാധിതരായ കര്‍ഷകര്‍,സംരഭകര്‍ നേരിട്ട് ബാങ്കുകളില്‍ അപേക്ഷ നല്‍കണം. തേനീച്ച കര്‍ഷകര്‍, അലങ്കാരപക്ഷി കര്‍ഷകര്‍ എന്നിവര്‍ നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള വകുപ്പുതല ഉദ്യോഗസ്ഥരുടെ ശുപാര്‍ശ സഹിതമാണ് ബാങ്കുകളില്‍ അപേക്ഷ നല്‍കേണ്ടത്. നിലവില്‍ ബാങ്ക് ലോണ്‍ ഉള്ള ഗുണഭോക്താക്കള്‍ അതേ ബാങ്ക് ശാഖയില്‍ തന്നെയാണ് ഉജ്ജീവന പദ്ധതിക്കും അപേക്ഷ സമര്‍പ്പിക്കേണ്ടത്. പുതിയ അപേക്ഷകര്‍ അവരുടെ സര്‍വ്വീസ് ഏരിയ ബാങ്ക് ശാഖയിലും അപേക്ഷ നല്‍കണം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *