May 16, 2024

ഖരമാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും

0
ഹരിത നിയമബോധവല്‍ക്കരണവുമായി ഹരിതകേരളം മിഷന്‍

* ഖരമാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും

അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനെതിരെ ഹരിത നിയമ ബോധവല്‍ക്കരണവുമായി ഹരിതകേരളം മിഷന്‍. 'മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം' രണ്ടാം ഘട്ട ക്യാമ്പയിന്റെ ഭാഗമായി കിലയുടേയും കേരള ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടേയും സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിപാടി നടപ്പിലാക്കുന്നത്.    പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന്റെ ഭാഗമായി പഞ്ചായത്തു തലത്തില്‍ പൊതു ജനങ്ങള്‍ക്കായി നിയമ പഠന ക്ലാസ്സ് സംഘടിപ്പിക്കും. ജലമലിനീകരണ (നിയന്ത്രണവും നിവാരണവും) നിയമം1974, പരിസ്ഥിതി സംരക്ഷണ നിയമം 1986, കേരള പഞ്ചായത്ത് രാജ് നിയമം 1994, കേരള മുനിസിപ്പാലിറ്റി നിയമം 1994, ഇന്ത്യന്‍ പീനല്‍കോഡ്, കേരള ജലസേചനവും ജലസംരക്ഷണവും നിയമം 2003, ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം2006, കേരള പഞ്ചായത്ത് കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍, കേരള പോലീസ് ആക്ട്, ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ തുടങ്ങിയ നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കിയാണ് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക. മാലിന്യം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹരിത കേരളം മിഷന്‍ ബോധവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നത്. ഒരു വാര്‍ഡില്‍ കുറഞ്ഞത് 100 പേര്‍ക്ക് നിയമ ബോധവല്‍ക്കരണം നല്‍കും. ഇതുവഴി സംസ്ഥാനത്ത് 30 ലക്ഷം പേര്‍ക്ക് നിയമ പരിജ്ഞാനം ലഭിക്കും.
മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കല്‍, അശാസ്ത്രീയമായി കത്തിക്കല്‍, സുരക്ഷിതമല്ലാതെ സംരക്ഷിക്കല്‍, അലക്ഷ്യമായും അപകടകരമായും ഒഴുക്കി വിടല്‍, മലിനജല സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കാതിരിക്കല്‍, ഇറച്ചി മാലിന്യങ്ങള്‍ പൊതുവഴികളിലും ജലാശയങ്ങളിലും നിക്ഷേപിക്കല്‍, ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ചേര്‍ക്കല്‍, ഹാനികരമായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളില്‍ നിയമലംഘനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിയമ നടപടി സ്വീകരിക്കാം. അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനെതിരെ സ്വീകരിക്കേണ്ട നിയമനടപടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഹരിത നിയമങ്ങള്‍ കൈപുസ്തകം ഇതിനോടകം തന്നെ ഹരിത കേരളം മിഷന്‍ പുറത്തിറക്കിയിട്ടുണ്ട്.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍ക്കും ഉപാധ്യക്ഷന്‍മാര്‍ക്കും ആരോഗ്യവിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാര്‍ക്കുമായി ഹരിത നിയമ ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല  ഏക ദിന പരിശീലനം ഫെബ്രുവരി 25 ന് കിലയുടെ നേതൃത്വത്തില്‍ ജില്ലാ ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ നടത്തും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *