May 17, 2024

അടിയറകൾ പുറപ്പെട്ടു: പുലർച്ചെ ആറാട്ട് : ജനസാഗരമായി വള്ളിയൂർക്കാവ്

0
Af5e11ff Eef0 44cb 93d3 962e1c0e1d81

 
മാനന്തവാടി: ഇളനീർകാവുകൾ  വഹിച്ചുള്ള അടിയറകൾ പുറപ്പെട്ടതോടെ   പ്രസിദ്ധമായ   വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകൾ തുടങ്ങി. .  ചിറക്കര ,ജെസ്സി, തലപ്പുഴ, തേറ്റമല, കൂളിവയല്‍, ഒണ്ടയങ്ങാടി, ചാത്തന്‍ ചെറുകാട്ടൂര്‍ കോളനി, കൂടല്‍ ചെമ്മാട്, കമ്മന, വരടിമൂല കൊയിലേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഇളനീര്‍ക്കാവ് വഹിച്ചുകൊണ്ടുള്ള അടിയറകൾ വൈകുന്നേരത്തോടെ പുറപ്പെട്ടു. അടിയറകൾ രാത്രി  ക്ഷേത്രത്തിലെത്തുന്നതോടെ കാവും പരിസരവും ജനസാഗരമാവും. 
മാർച്ച് 14- ന് എടവക ജിനരാജ തരകന്റെ വീട്ടിൽ നിന്ന് പള്ളിയറ ക്ഷേത്രത്തിലേക്കും അവിടെ നിന്ന് വള്ളിയൂർക്കാവിലേക്കും ദേവിയുടെ തിരുവായുധമായ വാൾ എഴുന്നള്ളിച്ചതോടെയാണ് 14- ദിവസത്തെ ആറാട്ടുത്സവം തുടങ്ങിയത്. 



      മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി      ഉത്സവം തുടങ്ങി ഏഴാം നാൾ വള്ളിയൂർക്കാവ് ക്ഷേത്രം മൂപ്പൻ കെ. രാഘവന്റെ നേതൃത്വത്തിൽ ആറാട്ടുത്സവത്തിന് കൊടിയേറ്റി. 24- ന് മേൽശാന്തി പുതുമന ഇല്ലം ഗോവിന്ദൻ നമ്പൂതിരി എടവക ചേരാങ്കോട്ട് ഇല്ലത്തേക്ക് ഒപ്പനക്കോപ്പിന് പുറപ്പെട്ടു. 25- ന് വൈകുന്നേരം താഴെക്കാവിലെ പാട്ടുപുരയിൽ ഒപ്പനക്കോപ്പെത്തിച്ചു. തുടർന്നുള്ള  എല്ലാ ദിവസങ്ങളിലും പുലർച്ചെ താഴെക്കാവിലെ പാട്ടുപുരയിൽ ഒപ്പനദർശനം ഉണ്ടായിരുന്നു. രാത്രി മേലെക്കാവിൽ നിന്ന് താഴെക്കാവിലേക്ക് എഴുന്നള്ളത്തും നടന്നു. 

           അടിയറകൾ സംഗമിച്ച ശേഷം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടെ ആറാട്ടുതറയിലേക്ക് എഴുന്നള്ളത്ത് നടത്തും. തുടർന്ന്  കബനീനദിയിൽ പ്രസിദ്ധധമായ ആറാട്ട്.    വെള്ളിയാഴ്ച പുലർച്ചെ താഴെക്കാവിലെ ഒപ്പനദർശനത്തിന് ശേഷം വിശേഷാൽ ചടങ്ങായ    കോലംകൊറ (രുധിരക്കോലം) നടത്തും. പ്രതീകാത്മകമായി കാളി ദാരികനെ വധിക്കുന്നതോടെ 15- ദിവസം നീണ്ടു നിന്ന ആറാട്ടുത്സവം സമാപിക്കും. ഉത്സവം സമാപിച്ച് ഏഴാം നാളാണ്  കൊടിയിറക്കുന്നത്. 


        വയനാടിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നും ആറാട്ട് മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനായി പതിനായിരങ്ങളാണ് വള്ളിയൂര്‍ക്കാവിലെത്തിയത്.കഴിഞ്ഞ ദിവസങ്ങളിൽ    താഴെക്കാവിലും മേലെക്കാവിലുമായി നടത്തിയ കലാപരിപാടികൾ ശ്രദ്ധയാകർഷിച്ചു. ക്ഷേത്രത്തിലെത്തിയവർക്ക് എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയും നടന്ന അന്നദാനത്തിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്.   ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽ പൂജകൾക്ക് തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. എക്സി. ഓഫീസർ എം. മനോഹരൻ, ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ.പി. മോഹൻദാസ്, ടി. രത്നാകരൻ, ആഘോഷ കമ്മിറ്റി പ്രസിഡന്റ് എം. വേണുഗോപാൽ, ജന. സെക്രട്ടറി പി.വി. സുരേന്ദ്രൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *