May 19, 2024

യാത്രാനിരോധനം :കോൺഗ്രസിന്റെയും ലീഗിന്റെയും പിൻമാറ്റം ജനവഞ്ചനയാണെന്ന് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍

0
Img 20200217 Wa0050.jpg
കല്‍പ്പറ്റ: ദേശീയപാത 766 ലെ യാത്രാനിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകൃതമായ എന്‍എച്ച് 766 ട്രാന്‍സ്‌പോര്‍ട്ട് പൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റിയില്‍നിന്ന് ഏകപക്ഷീയമായി പിന്‍മാറിയ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പാര്‍ട്ടികളുടേയും ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച ഐ.സി. ബാലക്യഷ്ണന്‍ എംഎല്‍എ യുടെയും നടപടി ജനവഞ്ചനയാണെന്ന് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2009 ല്‍ ചാമരാജ്‌നഗര്‍ ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് നിലവില്‍ വന്ന യാത്രാനിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കേസ് 2010 മുതല്‍ സുപ്രീം കോടതിയിലാണ്. 
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് കേസ് പരിഗണിക്കവെ ചില പരിസ്ഥിതി സംഘടനകളുടെ ആവശ്യത്തെത്തുടര്‍ന്ന് ഈ പാത പകല്‍ കൂടി അടച്ച് മാനന്തവാടി – ഗോണിക്കുപ്പ – മൈസൂര്‍ പാത ബദല്‍പാതയായി ഉപയോഗിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളോട് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍
സുപ്രീം കോടതി ആവശ്യപ്പെടുകയാണുണ്ടായത്. ദേശീയപാത 766 പകല്‍ കൂടി അടക്കപ്പെടും എന്ന സാഹചര്യം ഉണ്ടായപ്പോഴാണ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍കൈയെടുത്ത് 2019 ഓഗസ്റ്റ് 31ന് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ബഹുജന കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തതും
ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളേയും ചേര്‍ത്ത് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തത്. ആ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ ഫലപ്രദമായി പാതക്കനുകൂലമായി ഇടപെടാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക, അതിനുതകും വിധത്തില്‍ ബഹുജന പ്രക്ഷോഭങ്ങള്‍ വളര്‍ത്തുക എന്നതായിരുന്നു. 
ഇതേത്തുടര്‍ന്ന് ബഹുജനസത്യാഗ്രഹം, ജനപ്രതിനിധികളുടെ ധര്‍ണ, യുവജനങ്ങളുടെ നിരാഹാര സമരം എന്നിവ സംഘടിപ്പിച്ചു. കേരള മുഖ്യമന്ത്രിയുടേയും കേന്ദ്ര മന്ത്രിമാരുടേയും മുന്‍പില്‍ വിഷയം എത്തിക്കാനും ആക്ഷന്‍ കമ്മിറ്റിക്ക് കഴിഞ്ഞു. യോജിപ്പോടെ പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കമ്മിറ്റിയില്‍നിന്നാണ് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ രാജി വെച്ചത്. അതിന് കാരണമായി കേരള, കേന്ദ്ര സര്‍ക്കാരുകളെ കുറ്റപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. കേരള സര്‍ക്കാരിനെക്കൊണ്ടു ഫലപ്രദമായി ഇടപെടുവിക്കാന്‍ ആക്ഷന്‍ കമ്മിറ്റിക്ക് കഴിഞ്ഞു. കേരള മുഖ്യമന്ത്രി വിഷയത്തില്‍ ഡല്‍ഹിയില്‍ ചെന്ന് കേന്ദ്രമന്ത്രിമാരെ കണ്ടു. ദേശീയപാത 766 പകല്‍കുടി അടക്കുന്ന കാര്യത്തില്‍ കേരളത്തിന് അനുകൂലമായ സമീപനം സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രിമാര്‍ ഉറപ്പ് നല്‍കി. ആ ഉറപ്പ് പാലിക്കാന്‍ ആക്ഷന്‍ കമ്മിറ്റി നേത്യത്വം കേന്ദ്ര മന്ത്രിമാരുമായി ഇപ്പോഴും ബന്ധപ്പെടുകയാണ്. അനുകൂല പ്രതികരണമാണ് ആക്ഷന്‍ കമ്മിറ്റി
പ്രതീക്ഷിക്കുന്നത്. 
ഈ വിഷയത്തില്‍ ദേശീയപാത 766 ന് ബദലായി മാനന്തവാടി – മൈസൂര്‍ പാത അംഗീകരിക്കാന്‍ കഴിയില്ലെന്ന പ്രമേയം കേരള നിയമസഭ ഐകകണ്‌ഠേന പാസാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ ആക്ഷന്‍ കമ്മറ്റിക്ക് കഴിഞ്ഞു. ഇതിനിടെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, ദേശീയ കടുവാ സംരക്ഷണ അതോറിറ്റി എന്നിവയുടെ സത്യവാങ്മൂലം കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടു. ഈ രണ്ട് സത്യവാങ്മൂലങ്ങളിലും മാനന്തവാടി – മൈസൂര്‍ പാത ബദല്‍പാതയായി വികസിപ്പിക്കാവുന്നതാണെന്ന് പറയുന്നുണ്ട്. എന്നാല്‍ ഈ പാത ദേശീയപാത 766 ന് ബദലായി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് കൃത്യമായി
സുപ്രീം കോടതിയില്‍ എത്തിച്ചിട്ടുണ്ട്. ഇനി വീണ്ടും ഒരു സത്യവാങ്മൂലം കൂടി കേരളം നല്‍കുന്നുണ്ട്. കേസ്സ് വാദിക്കാന്‍ പ്രഗത്ഭരായ അഭിഭാഷകരും കേരളത്തിനു വേണ്ടി കോടതിയില്‍ തയാറാണ്. ഈ സാഹിചര്യത്തില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം മുന്‍പോട്ട് കൊണ്ടുപോകാനാണ് ആക്ഷന്‍ കമ്മിറ്റി
പരിശ്രമിക്കുന്നത്. ആക്ഷന്‍ കമ്മിറ്റി പൊളിക്കാന്‍ ശ്രമം നടത്തുകയാണ് കോണ്‍ഗ്രസും മുസ്ലീംലീഗും ചെയ്തത്. 
20ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും കൈകാര്യം ചെയ്യാന്‍ ആക്ഷന്‍ കമ്മറ്റി പ്രതിജ്ഞാബദ്ധമാണ്. 24ന് ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് വിപുലമായ ബഹുജന കണ്‍വന്‍ഷന്‍ ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കും. പ്രക്ഷോഭങ്ങള്‍ ആവശ്യമായി വന്നാല്‍ തുടര്‍ന്നും ബഹുജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി അണിനിരക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സി.കെ. ശശീന്ദ്രന്‍ എംഎല്‍എ, ടി.ബി. സുരേഷ്, സി.കെ. ശിവരാമന്‍, കെ.ജെ. ദേവസ്യ, പി.ജി. ആനന്ദ്കുമാര്‍, വര്‍ക്കി എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *