May 20, 2024

സി പി എം മുന്നോട്ടുപോകുന്നത് അമ്മമാരുടെ ശാപം ഏറ്റുവാങ്ങി: രമ്യാ ഹരിദാസ് എം പി

0
Img 20200224 Wa0275.jpg

മാനന്തവാടി: സി പി എം മുന്നോട്ടുപോകുന്നത് അമ്മമാരുടെ ശാപങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണെന്ന് രമ്യാഹരിദാസ് എം പി. കോണ്‍ഗ്രസ് രാഷ്ട്ര രക്ഷാമാര്‍ച്ചിന്റെ ആറാം ദിവസത്തെ സമാപനസമ്മേളനം തലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പട്ടിണിപ്പാവങ്ങള്‍ക്ക് ലഭിച്ചിരുന്ന ക്ഷേമപെന്‍ഷനുകള്‍ വരെ വെട്ടിക്കുറച്ച സര്‍ക്കാരാണ് ഇന്ന് നാടുഭരിക്കുന്നത്. ആശയങ്ങളെ സി പി എം ഭയക്കുകയാണ്. ആശയങ്ങളെ ഭയക്കുന്നത് കൊണ്ടാണ് ഹുഹൈബിനെയും, ശരത്‌ലാലിനെയും, കൃപേഷിനെയും ഇല്ലായ്മ ചെയ്തത്. പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയാകാന്‍ പോകുകയാണ്. ഉമ്മന്‍ചാണ്ടി കേരളം ഭരിക്കുമ്പോള്‍ ആര് അപേക്ഷ നല്‍കിയാലും സഹായം നല്‍കുമായിരുന്നു. ജനസമ്പര്‍ക്ക പരിപാടിയിലൂടെയും മറ്റും പതിനായിരങ്ങള്‍ക്കാണ് അദ്ദേഹം സഹായം നല്‍കിയത്. ഒരു കുട്ടി പരാതിയുമായെത്തിയാല്‍ പോലും അത് പരിഹരിക്കുന്ന മുഖ്യമന്ത്രിയായിരുന്നു നമുക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി നേരെ മറിച്ചാണെന്നും രമ്യ പറഞ്ഞു. അധികാരം ഭരണം കയ്യാളുന്നതിനല്ല, മറിച്ച് ജനങ്ങള്‍ക്കായി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ്. തൊഴിലാളി പാര്‍ട്ടിയാണെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ സ്ഥിതിയും മറിച്ചല്ല. സി എ എ കൊണ്ടുവന്നു. ഇനി എന്‍ ആര്‍ സിയും, എന്‍ പി ആറുമാണ് ലക്ഷ്യം. ഒരു മതത്തെ മാത്രം മാറ്റി നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെങ്കില്‍, നാളെ ജനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈവെച്ച് ഓരോരുത്തരെയും ലക്ഷ്യം വെക്കുന്നത് ഗോഡ്‌സെയുടെ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ആയിരം നരേന്ദ്രമോദിമാര്‍ വന്നാലും രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാന്‍ അവസാന ശ്വാസം വരെ കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്നും, ജീവന്‍ നല്‍കി നേടിയെടുത്ത രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വവും, ബഹുസ്വരതയും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് മുന്നില്‍ തന്നെയുണ്ടാകുമെന്നും രമ്യ പറഞ്ഞു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ നയിക്കുന്ന രാഷ്ട്രരക്ഷാമാര്‍ച്ച് ഇന്ന് ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നലെ തവിഞ്ഞാല്‍, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലായിരുന്നു മാര്‍ച്ചിന്റെ പര്യടനം. രാവിലെ മക്കിയാട് വെച്ച് ജാഥാ ക്യാപ്റ്റന്‍ ഐ.സി. ബാലകൃഷ്ണന് എ ഐ സി സി അംഗം പി കെ ജയലക്ഷ്മി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. തൊണ്ടര്‍നാട് മണ്ഡലം പ്രസിഡന്റ് പ്രമോദ്മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ. പ്രഭാകരന്‍ മാസ്റ്റര്‍, കെ.ജെ. പൈലി, ജഷീര്‍ പള്ളിവയല്‍, മുസ്ലിം ലീഗ് തൊണ്ടര്‍നാട് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ടി.മൊയ്തു, കെ.കെ.അബ്രഹാം, രാജശേഖരന്‍, എം.ജി.ബിജു തുടങ്ങിയവര്‍ സംസാരിച്ചു. രാഷ്ട്ര രക്ഷാ മാർച്ചിൽ പങ്കെടുത്ത മാളവികക്ക്  ചടങ്ങിൽ പുരസ്കാരം നൽകി. 



AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *