May 20, 2024

കൊവിഡ്: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍

0
കല്‍പ്പറ്റ: ജില്ലയില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അന്യസംസ്ഥാനത്തു താമസിക്കുന്ന മലയാളികള്‍ ജില്ലയിലേക്ക് കൂടുതലായി കടന്ന് വരികയാണ്. ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, തോല്‍പ്പെട്ടി, ബാവലി എന്നിവയില്‍ മുത്തങ്ങ ചെക്ക്‌പോസ്റ്റ് മാത്രം തുറന്നതു കൊണ്ടാണ് അന്യസംസ്ഥാനത്തു നിന്നും വരുന്നവരെ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇവിടെ കൂടുതല്‍ തിരക്ക് അനുഭവപ്പെടുകയും സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത സാഹചര്യവുമാണ് നിലവിലുള്ളത്. മദൂരും, മൂലഹള്ളിയിലും, അതിനു ശേഷം മുത്തങ്ങ തകരപ്പാടി ആര്‍ ടി ഒ ചെക്ക് പോസ്റ്റും കഴിഞ്ഞാണ് കല്ലൂരിലുള്ള കോവിഡ് സെമി പെര്‍മനെന്റ് ആശുപത്രിയിലേക്ക് ആളുകള്‍ എത്തിച്ചേരുന്നത്. കൂടാതെ ലോറിക്കാരും, വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും പോലീസും, റവന്യു വകുപ്പും, ആരോഗ്യവകുപ്പും നടത്തുന്ന മൂന്ന് ചെക്കിംഗ് കഴിയുമ്പോഴേക്കും ആളുകള്‍ കൂടുതല്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുകയാണ്. അതുകൊണ്ടു തന്നെ ഈ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തി കൊണ്ടു പോകുന്നതിനുള്ള നടപടിയുണ്ടാകണം. ജില്ല ഗ്രീന്‍ സോണായി പ്രഖ്യാപിച്ചതിനു ശേഷം തമിഴ്‌നാട് ചെന്നൈയില്‍ നിന്നും വന്ന രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അവരില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയാണ് മറ്റുള്ള ആളുകള്‍ക്കും രോഗം പകര്‍ന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ആളുകള്‍ക്ക് ഓരോ സംസ്ഥാനം അടിസ്ഥാനമാക്കി കൗണ്ടറുകള്‍ ക്രമീകരിക്കുന്നതിനും, വാഹന സൗകര്യങ്ങളില്ലാതെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്‌പോണ്‍സര്‍ഷിപ്പില്‍ വരുന്ന പാവപ്പെട്ടവരെ അതത് ജില്ലകളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തി എത്തിക്കുന്നതിനും അവര്‍ക്ക് ഭക്ഷണം, വെള്ളം, ഉള്‍പ്പെടുന്ന പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വേണ്ട നടപടിയുണ്ടാകണമെന്ന് എം എല്‍ എ കത്തില്‍ ആവശ്യപ്പെടുന്നു. കൂടാതെ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് രണ്ട് ഐ എ എസ് സ്പഷ്യല്‍ ഓഫിസര്‍മാരെ നിയമിക്കുന്നതിനും വേണ്ട നടപടി സ്വികരിക്കണമെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും പുര്‍ണ സുരക്ഷിതത്വം നല്‍കുന്നതിനും വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഐ സി ബാലകൃഷ്ണന്‍ കത്തിലൂടെ ആവശ്യപ്പെട്ടു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *