May 17, 2024

ഡിജിറ്റലാണ് ഇത്തവണ വായനാ മഹോത്സവം.

0
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനും സമ്പൂര്‍ണ സാക്ഷരതയുടെ ശില്പിയുമായ പി.എന്‍. പണിക്കരുടെ 25-ാം അനുസ്മരണ ദിനമായിരുന്നു ഈ വായനാദിനം. കഴിഞ്ഞ 25 വര്‍ഷമായി കേരള സര്‍ക്കാരും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും വായനദിനമായും 19 മുതല്‍ ഒരു മാസക്കാലം വായനമാസമായും ആചരിച്ചുവരുന്നു. വായനയുടെ പ്രസക്തി മനസ്സിലാക്കുവാനും വായന ഒരു ശീലമാക്കുവാനും വായനയിലൂടെ വളരുവാനും കുട്ടികളേയും സാമാന്യജനങ്ങളേയും ഉത്‌ബോധിപ്പിച്ച് വിജ്ഞാന സമൂഹങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. 
വായനദിനത്തിന്റെ  25-ാം വാര്‍ഷികംകൂടിയാണ്. 1996ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയാണ് പി.എന്‍. പണിക്കര്‍ അനുസ്മരണദിനം വായനദിനമായി ആചരിക്കുവാന്‍ സര്‍ക്കാര്‍ കല്പന പുറപ്പെടുവിച്ചത്. 
22-ാമത് പി.എന്‍.പണിക്കര്‍ അനുസ്മരണ വായനദിന-മാസാചരണം 2017 ല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി കേരളത്തില്‍ വന്ന് ഉദ്ഘാടനം ചെയ്തശേഷം വായന വളര്‍ത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യവും 1945 മുതല്‍ ഗ്രന്ഥശാലാസംഘത്തിലൂടെ പി.എന്‍. പണിക്കര്‍ ചെയ്ത സേവനങ്ങളേയും മാനിച്ച് വായന ദേശീയതലത്തിലാക്കണമെന്ന് അദ്ദേഹം ഫൗണ്ടേഷനോട് നിര്‍ദ്ദേശിച്ചു. അതിന്റെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗ് ഞങ്ങള്‍ക്ക് സാമ്പത്തിക സഹായമൊഴികെ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിവരുന്നു. അതിന്റ ഫലമായി  കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ നടന്നുവരികയാണ്. കഴിഞ്ഞവര്‍ഷം 2019-20ല്‍ പി.എന്‍.പണിക്കര്‍ അനുസ്മരണ വായനദിന-മാസാചരണം ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 9 കേന്ദ്രഭരണ പ്രദേശങ്ങളിലും എത്തിക്കുവാന്‍ സാധിക്കുകയും  ഏതാണ്ട് 150 ദശലക്ഷത്തോളം കുട്ടികളിലും സാമാന്യജനങ്ങളിലും വായനയുടെ സന്ദേശം എത്തിക്കുവാനും സാധിച്ചുവെന്ന ചാരിതാര്‍ത്ഥ്യം ഫൗണ്ടേഷന്‍ ഇവിടെ കൃതജ്ഞതാപൂര്‍വ്വം കുറിച്ചുകൊള്ളുന്നു.
2020-21 വര്‍ഷം കൊവിഡ് 19 എന്ന മഹാമാരിയുടെ നിര്‍ഭാഗ്യകരമായ വ്യാപനംമൂലം മുന്‍വര്‍ഷങ്ങളില്‍ ആചരിച്ചിരുന്നതുപോലെ വായനദിന-മാസാചരണം സ്‌കൂളുകളിലും മറ്റും ഒരു മാസം നീണ്ടുനില്‍ക്കുന്ന വിവിധ കര്‍മ്മ പരിപാടികള്‍ ആചരിക്കുവാന്‍ പ്രയാസമാണ്. അതിനാല്‍ ഇക്കൊല്ലം വായനദിന-മാസാചരണം ഡിജിറ്റല്‍ സംവിധാനത്തിലൂടെ ഏതാണ്ട് 200 ദശലക്ഷം ജനങ്ങളില്‍ എത്തിക്കുവാനുള്ള ശ്രമകരമായ പരിപാടികള്‍ക്ക് രൂപം കൊടുത്തുവരികയാണ്.
www.pnpanickerfoundation.orgഎന്ന വെബ്‌സൈറ്റിലൂടെ രാജ്യത്തെ എല്ലാ കുട്ടികളും വീട്ടമ്മമാരും, സാധാരണ ജനങ്ങളും അണിചേര്‍ന്ന് വീട്ടിലിരുന്ന് തന്നെ വായനദിന പ്രതിജ്ഞ ചൊല്ലുകയും ക്വിസ്, പ്രസംഗം, ഉപന്യാസം, കഥ പറച്ചില്‍, ചിത്രരചന തുടങ്ങിയ മത്സരങ്ങളില്‍ പങ്കാളിയാകാവുന്നതുമാണ്. അതോടൊപ്പം രാജ്യത്തെ പ്രഗത്ഭരായ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ പങ്കെടുക്കുന്ന വെബിനാറുകളിലും പങ്കെടുക്കാം.
കേരളത്തില്‍ വായന പക്ഷാചരണമായി കേരള സര്‍ക്കാരും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി ആചരിക്കുന്നു. ദേശീയതലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗ്, മാനവവിഭവശേഷി മന്ത്രാലയം, നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യ, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായി രാജ്യത്താകമാനം ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *