May 15, 2024

തെരുവു നായകളുടെ വന്ധ്യംകരണം കാര്യക്ഷമമാക്കണം :ആസൂത്രണസമിതി

0
Img 20230613 191218.jpg
കൽപ്പറ്റ :ജില്ലയിലെ തെരുവ് നായകളുടെ വന്ധ്യംകരണം കാര്യക്ഷമമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ ഭവനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് എ.ബി.സി സെന്ററിന്റെ നിര്‍മ്മാണ പുരോഗതി യോഗം വിലയിരുത്തിയത്. സുല്‍ത്താന്‍ ബത്തേരിയിലും പടിഞ്ഞാറത്തറയുമാണ് എ.ബി.സി സെന്ററുകളുള്ളത്. ഇവിടെയുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തണം. എ.ബി.സി സെന്ററിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ നിരീക്ഷണ സമിതി രൂപീകരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയവര്‍ ചേര്‍ന്ന് എ.ബി.സി സെന്ററിന് ആവശ്യമായ സാങ്കേതിക സഹായം നല്‍കും. തെരുവ് നായ ശല്യം ലഘൂകരിക്കുന്നതിന് ശുചിത്വ മാലിന്യ പ്രോജക്ടുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കണം. മാലിന്യങ്ങള്‍ അലക്ഷ്യമായ ചിതറിയിടുന്നത് തെരുവ് നായകള്‍ പെരുകുന്നതിന് കാരണമാകും. ഇത്തരം പ്രവണതകള്‍ തദ്ദേശ സ്ഥാപന പരിധിയിലില്ല എന്നത് ഉറപ്പുവരുത്തണം. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ 21 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2023 – 24 വാര്‍ഷിക പദ്ധതി ഭേദഗതി വരുത്തി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്തിന്റെയും കല്‍പ്പറ്റ, മാനന്തവാടി എന്നീ നഗരസഭകളുടെയും പനമരം ബ്ലോക്ക് പഞ്ചായത്തിന്റെയും പുല്‍പ്പള്ളി, പനമരം, പൂതാടി, നൂല്‍പ്പുഴ, മീനങ്ങാടി, നെന്‍മേനി, അമ്പലവയല്‍, മേപ്പാടി, കോട്ടത്തറ, വൈത്തിരി, പടിഞ്ഞാറത്തറ, തരിയോട്, മുട്ടില്‍, എടവക, തിരുനെല്ലി, വെള്ളമുണ്ട, തൊണ്ടര്‍നാട് എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതിക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. സ്‌ക്രൈബ് സംവിധാനത്തിന്റെ സഹായം തേടുന്ന കുട്ടികളെ കണ്ടെത്തി ഐ.സി.ഡി.എസിന് റിപ്പോര്‍ട്ട് നല്‍കണം. ചെറുപ്രായത്തിലെ ഇവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നത് വഴി ഇവരുടെ വിദ്യാഭ്യാസത്തിനും ദിശാബോധം കൈവരും. ജനസുരക്ഷാ പ്രോജക്ട് നല്ല രീതിയില്‍ നടപ്പാക്കിയ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിനെ ജില്ലാ ആസൂത്രണസമിതി അഭിനന്ദിച്ചു. സി.എസ്.ആര്‍ ഫണ്ടുകളുടെ ലഭ്യതയ്ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ അനുയോജ്യമായ പ്രോജക്ടുകള്‍ സമര്‍പ്പിക്കണം. 
ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, തദ്ദേശഭരണ ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ.എന്‍ പ്രഭാകരന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *