May 20, 2024

മുട്ടില്‍ പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ സിപിഎം പദ്ധതിയിട്ടെന്ന് ആരോപണം. ടെല ഫോൺ സംഭാഷണംപുറത്ത് വിട്ടു.

0
Img 20230728 160857.jpg
കല്‍പ്പറ്റ: യുഡിഎഫ് ധാരണയനുസരിച്ച് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് അധികാരമാറ്റം നടക്കാനിരിക്കെ മുട്ടില്‍ പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ സിപിഎം പദ്ധതിയിട്ടെന്ന് ആരോപണം. സിപിഎം സഹയാത്രികനും ഡിസിസി മുന്‍ പ്രസിഡന്റുമായ പി.വി. ബാലചന്ദ്രനെ ഉപയോഗപ്പെടുത്തി പഞ്ചായത്ത് ഭരണം പിടിക്കാനാണ് ശ്രമം നടന്നതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിനു തോമസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷിജു ഗോപാല്‍, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, പനങ്കണ്ടി വാര്‍ഡ് അംഗം ഇ.കെ. വിജയലക്ഷ്മി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു തെരഞ്ഞെടുപ്പ് നിശ്ചയിച്ച ദിവസത്തിനു തലേന്ന് വിജയലക്ഷ്മിയുമായി ബാലചന്ദ്രന്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം ഇവര്‍ പുറത്തുവിട്ടു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്നും അങ്ങനെ ചെയ്താല്‍ പണവും സംരക്ഷണവും ഭാവിയില്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിലേക്ക് മത്സരിക്കുന്നതിനു സീറ്റും നല്‍കുമെന്ന് ബാലചന്ദ്രന്‍ പറയുന്നതായാണ് ഓഡിയോ ക്ലിപ്പില്‍.
19 അംഗങ്ങളാണ് മുട്ടില്‍ പഞ്ചായത്ത് ഭരണസമിതിയില്‍. യുഡിഎഫിന് 11 ഉം എല്‍ഡിഎഫിന് എട്ടും അംഗങ്ങളാണുള്ളത്. വിജയലക്ഷ്മി ഉള്‍പ്പെടെ യുഡിഎഫ് അംഗങ്ങളില്‍ ചിലരെ ചാക്കിലാക്കി ഭരണം പിടിക്കാനായിരുന്നു സിപിഎം ശ്രമമെന്ന് ഡിസിസി പ്രസിഡന്റ് ബിനു തോമസ് പറഞ്ഞു. ബാലചന്ദ്രന്‍ സിപിഎമ്മിന്റെ പര്‍ച്ചേസിംഗ് ഏജന്റായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആവശ്യത്തില്‍ ആലോചിച്ച് ഒരു മണിക്കുറിനകം മറുപടി പറയാമെന്നാണ് വിജയലക്ഷ്മി ബാലചന്ദ്രന്റെ അറിയിച്ചത്. ഫോണിലൂടെ പ്രലോഭനം നടന്ന് പത്ത് മിനിറ്റിനകം വിജയലക്ഷ്മി വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. പട്ടികവര്‍ഗ വനിതാസംവരണവാര്‍ഡില്‍ വിജയിച്ചാണ് വിജയലക്ഷ്മി ഭരണസമിതിയിലെത്തിയത്. ഭരണം അട്ടിമറിക്കുന്നതിനു കൂട്ടുനില്‍ക്കുന്നതിന് വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ചതിന് ബാലചന്ദ്രനെതിരേ നിയമ നടപടി സ്വീകരിക്കുന്നത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ആലോചനയിലുണ്ട്. ജില്ലയില്‍ യുഡിഎഫ് നിയന്ത്രണത്തിലുള്ള മറ്റു തദ്ദേശ സ്ഥാപനങ്ങളിലും അട്ടിമറിക്ക് സിപിഎം ശ്രമിച്ചുവെന്ന് സംശയിക്കണം. മറ്റൊരു തദ്ദേശസ്ഥാപനത്തില്‍ ഭരണം എല്‍ഡിഎഫിന് ലഭിക്കുന്നതിന് കളം ഒരുക്കിയതായി ബാലചന്ദ്രന്‍ ഫോണ്‍ സംഭാഷണത്തിനിടെ വിജയലക്ഷ്മിയോടു വെളിപ്പെടുത്തുന്നുണ്ടെന്നും ബിനു തോമസ് പറഞ്ഞു.
മുട്ടില്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനു ലഭ്യമാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ‘അത് തന്റെ പണിയാണെന്ന്’ ബാലചന്ദ്രന്‍ പ്രതികരിച്ചു. ഡിസിസി പ്രസിഡന്റായിരിക്കെ എല്‍ഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ യുഡിഎഫ് നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദീര്‍ഘകാലം ഡിസിസി പ്രസിഡന്റായിരുന്ന പി.വി. ബാലചന്ദ്രന്‍ 2021 ഒക്ടോബര്‍ അഞ്ചിനാണ് കോണ്‍ഗ്രസ് വിട്ടത്. പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിയാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി വിടുന്നതെന്നാണ് അദ്ദേഹം അന്ന് അറിയിച്ചത്. ആഴ്ചകള്‍ക്കുശേഷമാണ് അദ്ദേഹം സിപിഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലെത്തിയത്. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു അമ്പലവയല്‍ സ്വദേശിയായ ബാലചന്ദ്രന്‍. 1970 മുതല്‍ പാര്‍ട്ടിയില്‍ സജീവമായിരുന്നു. തെക്കേവയനാട് ഉള്‍പ്പെടുന്ന കോഴിക്കോട് ജില്ലയുടെ കെഎസ്‌യു പ്രസിഡന്റ്,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതിയംഗം, കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ്, ഡിസിസി വൈസ് പ്രസിഡന്റ്, കെപിസിസി നിര്‍വാഹക സമിതിയംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കൗണ്‍സില്‍ അംഗം, ജില്ലാ പഞ്ചായത്തംഗം, ജില്ലാ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *