May 20, 2024

പോലീസുകാരെ ആക്രമിച്ച് ട്രെയിനിൽ നിന്നും ചാടിപ്പോയ പ്രതിയെ സിക്കിമിൽ നിന്നും പിടികൂടി

0
Img 20230731 120745.jpg
കൽപ്പറ്റ:
ആന്ധ്രയിൽ വെച്ച് പോലീസുകാരെ ആക്രമിച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയെ ദിവസങ്ങൾക്കുള്ളിൽ സിക്കിം, ഗാങ്ടോക്കിൽ വച്ച് വയനാട് പോലീസ് സാഹസികമായി പിടികൂടി. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൽക്കട്ടയിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന വഴി രക്ഷപ്പെട്ട കോഴിക്കോട്, തൊട്ടിൽപ്പാലം, കാവിലുംപാറ സ്വദേശിയായ ആലങ്ങാട്ടിൽ സൽമാനുൽ ഫാരിസിനെ(26)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കേരളത്തിൽ വിവിധ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി കേസുകളും വാറണ്ടുകളും നിലവിലുണ്ട്.
വയനാട് ജില്ലാ പോലീസ് മേധാവി പദംസിംഗ് ഐ.പി.എസിന്റെ നിർദ്ദേശത്തെ തുടർന്ന് വയനാട് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് വിനോദ് പിള്ളയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ഒട്ടുമിക്ക സംസ്ഥാനങ്ങളിലെല്ലാം പ്രതിക്കുവേണ്ടി ഊർജ്ജിതമായ അന്വേഷണം നടത്തിവരുകയായിരുന്നു. ഗാങ്ടോക്കിൽ ഒളിവിൽ താമസിച്ചു വരവെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
വിശ്രമമില്ലാത്ത 20 ദിനരാത്രങ്ങൾ, ഏഴ് സംസ്ഥാനങ്ങളിലായി 9000 കിലോമീറ്ററിലധികം യാത്രകൾ, ഉത്തരേന്ത്യയിലെ കനത്ത മഴയെ തുടർന്നുള്ള പ്രതികൂല സാഹചര്യങ്ങൾ, ഒട്ടേറെ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് പോലീസ് സംഘം പ്രതിയിലേക്ക് എത്തിപ്പെടുന്നത്. പിടിക്കപ്പെടാതിരിക്കാൻ മറ്റൊരാളുമായും യാതൊരു ബന്ധവും പുലർത്താതെ ഒളിവിൽ കഴിയുകയായിരുന്ന സൽമാനുൽ ഫാരിസിനെ അന്വേഷണസംഘം പിടികൂടുമ്പോൾ കേരളത്തിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകൾക്കാണ് തുമ്പുണ്ടാകുന്നത്.
അന്വേഷണ സംഘത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫ്, പടിഞ്ഞാറത്തറ എസ്.ഐ ഷറഫുദ്ദീൻ, എ.എസ്.ഐ ബിജു വർഗീസ്, പോലീസ് ഉദ്യോഗസ്ഥരായ സി.കെ. നൗഫൽ, കെ.കെ. വിപിൻ, സരിത്ത്, ദേവജിത്ത്, സക്കറിയ, ബിജിത്ത് എന്നിവരും ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *