May 20, 2024

ഓണം സ്പെഷ്യൽ ഡ്രൈവ്: അതിർത്തികളിൽ പരിശോധന കർശനമാക്കി എക്സൈസ്

0
Img 20230812 170540.jpg
കൽപ്പറ്റ :ഓണക്കാലമായതിനാൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് അനധികൃതമായി മദ്യം, മയക്കുമരുന്നുകൾ, പുകയില ഉൽപ്പന്നങ്ങളടക്കമുള്ള മറ്റ് ലഹരി വസ്തുക്കളും കൂടുതലായി കടത്തികൊണ്ടുവരാൻ സാധ്യതയുള്ളതിനാൽ ജില്ലയിലെ ചെക്ക്പോസ്റ്റുകൾ അടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ എക്സൈസ് വകുപ്പിന്റെ പരിശോധന കൂടുതൽ ശക്തമാക്കി. കർണ്ണാടക അതിർത്തിയായ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി എന്നീ ചെക്ക്പോസ്റ്റുകളിലും ചെക്ക്പോസ്റ്റുകൾ ഇല്ലാത്ത അതിർത്തി പ്രദേശങ്ങളായ പെരിക്കല്ലൂർ കടവ്, ചേകാടി, മരക്കടവ്, തോണിക്കടവ്, കൊളവള്ളി തുടങ്ങിയ കർണ്ണാടക അതിർത്തികളിലും, നൂൽപ്പുഴ, പാട്ടവയൽ, താളൂർ, വടുവൻ ചാൽ, ചോലാടി തുടങ്ങിയ തമിഴ്നാട് അതിർത്തികളിലുമാണ് എക്സൈസിന്റെ പരിശോധനയും പട്രോളിംഗും കൂടുതൽ ശക്തമാക്കിയത്. കൽപ്പറ്റ എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂമും പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ മൂന്ന് താലൂക്കുകളിലും സർക്കിൾ/ റെയിഞ്ച് ഓഫീസുകൾ കേന്ദ്രീകരിച്ചും പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്തല കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ചെക്ക് പോസ്റ്റുകൾ ഇല്ലാത്ത അതിർത്തി പ്രദേശങ്ങളിൽ ലഹരി കടത്ത് തടയുന്നതിനായി ജില്ലയിൽ പുതുതായി അനുവദിച്ച കേരള എക്സൈസ് മൊബൈൽ ഇന്റർ വെൻഷൻ യൂണിറ്റ് (കെമു) വാഹനം അന്തർസംസ്ഥാന അതിർത്തി പ്രദേശമായ പെരിക്കല്ലൂർ കടവ്, മരക്കടവ്, കൊളവള്ളി, ചേകാടി തുടങ്ങിയ പ്രദേശങ്ങളിൽ 24 മണിക്കൂറും പട്രോളിംഗും ശക്തമായ പരിശോധനകളും നടത്തുന്നു. 27 എൻ.ഡി.പി.എസ് കേസുകളും 10 അബ്കാരി കേസുകളും കേസിലെ തൊണ്ടി മുതലായി 1.600 കിലോ കഞ്ചാവും, 50 മില്ലിഗ്രാം എം.ഡി.എം.എ, 20.88 ലിറ്റർ കർണ്ണാടക മദ്യവും, 5 ലിറ്റർ വ്യാജമദ്യവും രേഖകളില്ലാതെ അനധികൃതമായി കടത്തികൊണ്ടുവന്ന 15 ലക്ഷം രൂപയുമടക്കം നിരവധി കേസുകൾ കെമു യൂണിറ്റിന്റെ സഹായത്തോടെ ജില്ലയിൽ ഇതുവരെ കണ്ടുപിടിച്ചു. 30 ലധികം പ്രതികളെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പുൽപ്പള്ളി മരക്കടവ് ഭാഗത്ത് കബനിപുഴ കടന്ന് കർണ്ണാടകയിലെ മച്ചൂർ പുഴക്കരയിലെത്തിയ പെൺകുട്ടികളടക്കമുള്ള കോളേജ് വിദ്യാർത്ഥികൾ പൊതുസ്ഥലത്ത് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ലഹരി വസ്തുക്കൾ തേടി കർണ്ണാടക അതിർത്തി പ്രദേശമായ പെരിക്കല്ലൂർ കടവ് ഭാഗങ്ങളിൽ എത്തുന്നവരെ നിരീക്ഷിക്കാൻ എക്സൈസ് വകുപ്പ് പരിശോധനകൾ കൂടുതൽ ശക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *