May 20, 2024

നവകേരള സദസ്സ്    പുതിയ കേരളത്തിന്റെ മുന്നേറ്റമാകും: മന്ത്രി എ.കെ.ശശീന്ദ്രന്‍

0
20231028 180842

 

കൽപ്പറ്റ :മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ജില്ലകള്‍ തോറും നടക്കുന്ന നവകേരള സദസ്സ് പുതിയ കേരളത്തിന്റെ മുന്നേറ്റമാകുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ ചേര്‍ന്ന നവകേരള സദസ്സ് അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. ഒരു മന്ത്രി സഭ തന്നെ നേരിട്ട് ജനങ്ങളിലേക്കിറിങ്ങി നാടുമായി സംവദിക്കുന്ന നവകേരള സദസ്സ് കേരള ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. മണ്ഡലങ്ങളിലൂടെ നവകേരള സദസ്സ് പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ പുതിയ കേരളത്തിന് നയരേഖയാകും. നാടിന്റെ വിവിധങ്ങളായ ലക്ഷ്യങ്ങളും പ്രതീക്ഷകളുമെല്ലാം നേരിട്ടറിഞ്ഞ് അതത് മണ്ഡലങ്ങളിലെ പ്രത്യേക സാഹചര്യങ്ങളും വെല്ലുവിളികളുമെല്ലാം മനസ്സിലാക്കിയായിരിക്കും നവകേരള സദസ്സിന്റെ യാത്രകള്‍. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ബഹുജനസദസ്സില്‍ ഉരുത്തിരിയുന്ന വികസന ആശയങ്ങള്‍ സംയോജിപ്പിക്കും. ജില്ലാ അടിസ്ഥാനത്തില്‍ രാവിലെ നടക്കുന്ന നവകേരള സദസ്സില്‍ ജനപ്രതിനിധികള്‍ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെ പൊതുവായ ആവശ്യങ്ങളും ലക്ഷ്യങ്ങളുമെല്ലാം ചര്‍ച്ച ചെയ്യും. അതിന് ശേഷമാണ് മണ്ഡലാടിസ്ഥാനത്തിലുള്ള ബഹുജനസദസ്സുകള്‍ നടക്കുക. നവകേരള സദസ്സില്‍ ജനങ്ങളുടെയും നാടിന്റെയും വിപുലമായ പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

നവംബര്‍ 23 ന് വയനാട് ജില്ലയില്‍ നടക്കുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ മന്ത്രി വിലയിരുത്തി. ജില്ലാ, മണ്ഡലാടിസ്ഥാനത്തില്‍ രൂപീകരിച്ച സാഗതസംഘം ഉപസമിതി ഭാരവാഹികളില്‍ നിന്നും കണ്‍വീനര്‍മാരില്‍ നിന്നും മന്ത്രി വിവരങ്ങള്‍ ആരാഞ്ഞു. ഉപസമിതികളുടെ പഞ്ചായത്ത് തല അവലോകന യോഗങ്ങള്‍ ഒക്‌ടോബര്‍ 31 നകം പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ബൂത്ത് തലയോഗങ്ങളും വിപുലമാക്കാണം. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി എന്നീ നിയോജക മണ്ഡലങ്ങളിലെ നവകേരള സദസ്സിന്റെ വേദികള്‍, സൗകര്യങ്ങള്‍ എന്നിവയെല്ലാം യോഗത്തില്‍ അവലോകനം ചെയ്തു. വിവിധ വകുപ്പുകള്‍ ചുമതലകള്‍ എന്നിവയെക്കുറിച്ച് അവലോകനം ചെയ്തു. അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ, പട്ടികവര്‍ഗ്ഗവികസനവകുപ്പ് തുടങ്ങി എല്ലാവകുപ്പുകളും നവകേരള സദസ്സിന്റെ ലക്ഷ്യങ്ങള്‍ക്കായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍, സംസ്ഥാന സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ജില്ലാ പോലീസ് മേധാവി പദംസിങ്ങ്, എ.ഡി.എം എന്‍.ഐ.ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉപസമിതി ഭാരവാഹികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *