കോണ്‍ഗ്രസ് വിശാല രാഷ്ട്രീയ വീക്ഷണം കാണിക്കണം; ബിനോയി വിശ്വം എം പി
കല്‍പ്പറ്റ: കല്‍പറ്റയെ ചുവപ്പണിയിച്ച് നടത്തിയ ഉജ്ജ്വല റാലിയോടെ സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസ് (എംഎന്‍ സ്മാരകം) ഉദ്ഘാടനം ചെയ്തു. എസ് കെ എം ജെ പരിസരിത്ത് നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി എം എന്‍ സ്മാരകത്തില്‍ എത്തിയതോടെ സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയി വിശ്വം എം പി ഉദ്ഘാടനം ചെയ്തു.
ഇന്ത്യാ സഖ്യത്തിന്റെ നിലനില്‍പ്പിന് കോണ്‍ഗ്രസ് രാഷ്ട്രീയ വിശാലത കാണിക്കണമെന്നും സഖ്യത്തിന്റെ കെട്ടുറപ്പിന് രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം മത്സരിക്കേണ്ടത് ഉത്തരേന്ത്യയിലാണ്. രാജ്യത്തിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് ഉത്തരേന്ത്യയാണ്. രാഷ്ട്രീയ മത്സര വേദി ഉത്തരേന്ത്യയാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം. രാഷ്ട്രീയ എതിരാളികളെ തിരിച്ചറിയാന്‍ അവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. രാജ്യ സ്നേഹത്തിന്റെ പേര് പറഞ്ഞ് രാജ്യത്തെ വിറ്റ് തുലക്കുകയാണ് ബിജെപി. പൊതു ശത്രുവിനെതിരെ ഒന്നിച്ച് പോരാടണമെന്നും, നവ കേരള യാത്ര പുത്തന്‍ കേരളത്തിലേക്കുളള യാത്രയാണെന്നും, ഇടതു മുന്നണിയെ ശക്തിപ്പെടുത്തി സിപിഐ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ അധ്യക്ഷത വഹിച്ചു. ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എം പി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി വി ബാലന്‍, മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജി മോള്‍ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി ഇ ജെ ബാബു സ്വാഗതവും, സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര നന്ദിയും പറഞ്ഞു.
Leave a Reply