May 20, 2024

കോണ്‍ഗ്രസിനു അധികാരത്തില്‍ തിരിച്ചെത്താന്‍ തൊഴിലാളികളുടെ പിന്തുണ അനിവാര്യം: ആര്‍.ചന്ദ്രശേഖരന്‍

0
Img 20231128 095917

 

കല്‍പ്പറ്റ: കോണ്‍ഗ്രസിന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍ തിരിച്ചെത്താന്‍ തൊഴിലാളി സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഐ.എന്‍.ടി.യു.സിക്ക് അര്‍ഹമായ പരിഗണന നല്‍കാത്തിനെക്കുറിച്ചുള്ള ചോദ്യത്തോട് പുത്തൂര്‍വയല്‍ ഡോ.എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കരുത്തുതെളിയിച്ച തൊഴിലാളി പ്രസ്ഥാനമാണ് ഐ.എന്‍.ട.ിയു.സി. ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി ഇതിനകം നടന്ന റാലികളില്‍ തൊഴിലാളികളുടെ വന്‍ പങ്കാളിത്തമാണ് കാണാനായത്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഡിസംബര്‍ 29ന് തൃശൂരില്‍ നടത്തുന്ന റാലിയില്‍ ഒരു ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കും.

വിവിധ രംഗങ്ങളിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം ഐ.എന്‍.ടി.യു.സി ശക്തമാക്കും. തുടര്‍ച്ചയായി അഞ്ചു വര്‍ഷം സേവനം ചെയ്ത അങ്കണവാടി, ആശ വര്‍ക്കര്‍മാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സംഘടന സര്‍ക്കാര്‍ മുമ്പാകെ ഉന്നയിച്ചിട്ടുണ്ട്. ഇവരെ ലാസ്റ്റ്‌ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയിലെങ്കിലും സ്ഥിരപ്പെടുത്തണം. ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ ജനുവരിയില്‍ അങ്കണവാടി ജീവനക്കാരുടെയും ആശ വര്‍ക്കര്‍മാരുടെയും അനിശ്ചിതകാല സമരം പ്രഖ്യാപിക്കും.

സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. വാസയോഗ്യമല്ല എസ്റ്റേറ്റ് പാടികള്‍. തൊഴിലാളി കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭവനം ലഭ്യമാക്കുന്നതിന് പദ്ധതി നടപ്പാക്കണമന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലം ഉണ്ടാകുന്നില്ല. തോട്ടം തൊഴിലാളികളുടെ പാര്‍പ്പിടപ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മാനേജ്‌മെന്റുകളും സംയുക്തമായി കര്‍മപദ്ധതി ആവിഷ്‌കരിക്കണം. നിയമസഭയില്‍ പ്രഖ്യാപിച്ച 700 രൂപ മിനിമം വേതനം പ്ലാന്റേഷന്‍ മേഖലയിലെ തൊഴിലാളികള്‍ക്കും ലഭ്യമാക്കണം. ഇക്കാര്യത്തില്‍ ആവശ്യമായ സാമ്പത്തിക പിന്തുണ സര്‍ക്കാര്‍ നല്‍കണം.

തോട്ടങ്ങളിലെ ഭൂവിനിയോഗം ട്രേഡ് യൂനിയനുകളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ല. തോട്ടം ഉടമകളുടെയും ട്രേഡ് യൂനിയനുകളുടെയും ബന്ധപ്പെട്ട വകപ്പധികൃതരുടെയും യോഗം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി തയാറാകണം. തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചു പുറപ്പെടുവിച്ച ഉത്തരവിനെതിരെ മാനേജ്‌മെന്റുകള്‍ കോടതിയില്‍നിന്നു സ്റ്റേ വാങ്ങിയിരിക്കുകയാണ്. ഇതിനെതിരെ അഡ്വക്കറ്റ് ജനറലുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കേണ്ടതു ശ്രദ്ധയില്‍പ്പെടുത്തിട്ടും സര്‍ക്കാരിനു കൂസലില്ല.

കോണ്‍ഗ്രസ് ഭരണത്തിലിരിക്കെ നടപ്പാക്കിയ തൊഴില്‍ നിയമങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ അട്ടിമറിച്ചു. സ്ഥിരം തൊഴില്‍ ഇല്ലാതാകുകയാണ്. തൊഴിലാളികള്‍ക്കു സാമൂഹിക സുരക്ഷിതത്വവും ലഭിക്കുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാടകയ്ക്കു കൊടുക്കുകയാണ്.

ക്ഷേമനിധി പെന്‍ഷന്‍ കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് സംസ്ഥാന സര്‍ക്കാര്‍. 1,000 കോടി രൂപ കടത്തിലാണ് നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്. 10 മാസമായി പെന്‍ഷന്‍ കൊടുക്കുന്നില്ല. വൈരാഗ്യബുദ്ധിയോടെയാണ് കെ.എസ്.ആര്‍.ടി.സിയോടുള്ള സമീപനം. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സ് ഫലം ചെയ്യുന്നില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.പി.ആലി, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി, വൈസ് പ്രസിഡന്റ് ബി.സുരേഷ്ബാബു, സെക്രട്ടറി സി.ജയപ്രസാദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *