May 21, 2024

ജലസുരക്ഷക്കായി ജലബജറ്റ്; പനമരം ബ്ലോക്കില്‍ ജലബജറ്റ് തയ്യാറായി

0
20231214 094135

 

പനമരം : നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെയും ജലവിഭവ വികസന പരിപാലന കേന്ദ്രത്തിന്റേയും നേതൃത്വത്തില്‍ നടത്തുന്ന ജലബജറ്റ് പനമരം ബ്ലോക്ക് പഞ്ചായത്തില്‍ തയ്യാറായി. പനമരം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ജലബജറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്തിലും പനമരം, പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് ജലബജറ്റ് തയ്യാറായത്. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ജലബജറ്റ് തയ്യാറാക്കിയിരുന്നു.

നവകേരളം കര്‍മ്മ പദ്ധതി ഇന്റേണ്‍സ്, ഗ്രാമപഞ്ചായത്തുകളിലെ രണ്ട് വളണ്ടിയേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് ജലബജറ്റിനായി വിവിധ വകുപ്പുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വിവരശേഖരണം നടത്തിയത്. പഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, ഭൂവിനിയോഗം, വനം, ജനവാസ മേഖല എന്നിവയുടെ വിവരങ്ങള്‍, കൃഷി, വ്യവസായം, വാണിജ്യം, ഗാര്‍ഹികം, മൃഗസംരക്ഷണം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ ഉള്ള ജല ആവശ്യം, പഞ്ചായത്തിന്റെ അകത്തേക്കും പുറത്തേക്കുമുള്ള ജലവിതരണം തുടങ്ങിയവ ജലബജറ്റില്‍ ഉള്‍പ്പെടുത്തി. ഓരോ പ്രദേശത്തും ലഭ്യമായ ജലത്തിന്റെ അളവും വിവിധ ആവശ്യങ്ങള്‍ക്കുള്ള ജലത്തിന്റെ അളവും കണക്കാക്കി ലഭ്യമായ ജലത്തിന്റെ അളവ് ആവശ്യമുളളതിനേക്കാള്‍ കുറവാണെങ്കില്‍ അതിനനുസരിച്ച് ജലത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുതിനും ഉപയോഗം ക്രമപ്പെടുത്തുതിനുമുളള ഇടപെടലുകള്‍ ശാസ്ത്രീയ അടിത്തറയോടുകൂടി നടപ്പിലാക്കാന്‍ ഇതുവഴി തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാധിക്കും. ആവശ്യമുള്ള ജലത്തിന്റെ അളവ് കണക്കാക്കുമ്പോള്‍ ഈ ഓരോ മേഖലകളിലും എത്ര ജലം നിലവില്‍ ആവശ്യമുണ്ട്, ഭാവിയില്‍ ആവശ്യം വരാവുന്ന വ്യതിയാനം, നീര്‍ച്ചാലുകളിലെ പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പാക്കുന്നതിന് വേണ്ട ജലത്തിന്റെ അളവ് എത്ര എന്നിവയെല്ലാം പരിഗണിച്ചു. കണ്ടെത്തിയ ലഭ്യമായ ജലത്തിന്റെ അളവും പ്രദേശത്ത് വേണ്ട ജലത്തിന്റെ അളവും താരതമ്യം ചെയ്യുമ്പോള്‍ ഒരു പ്രദേശത്തിന്റെ സുസ്ഥിരമായ ജലവിതരണത്തിനു വേണ്ട ഇടപെടലുകള്‍ സാധ്യമാക്കാന്‍ കഴിയും. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവിരങ്ങളെല്ലാം ജലവിഭവ വികസന പരിപാലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക വിലയിരുത്തലുകളും അപഗ്രഥനവും നടത്തിയാണ് ജലബജറ്റ് രേഖ അന്തിമമായി തയ്യാറാക്കിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി എം ആസ്യ, പി കെ വിജയന്‍, മിനി പ്രകാശന്‍, കെ.വി രജിത, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ബ്ലോക്ക് നോഡല്‍ ഓഫീസറും ജോയിന്റ് ബി.ഡി.ഒയുമായ രാജേന്ദ്രന്‍, ബ്ലോക്ക് ജി.ഇ.ഓ പ്രിന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, മെമ്പര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, വളണ്ടിയര്‍മാര്‍ മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *