May 20, 2024

കൃഷിഭൂമികൾ തരിശിടരുത്; ജില്ലാ കലക്റ്റര്‍ക്ക് പരാതി നല്‍കി സിപിഐ

0
Img 20231220 172904

 

കല്‍പ്പറ്റ: കൃഷിഭൂമികൾ തരിശിടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ജില്ലാ കലക്റ്റര്‍ക്ക് പരാതി നല്‍കി. ജില്ലയിലെ പല സ്ഥലങ്ങളിലും കൃഷിഭൂമികൾ ജില്ലക്കും, സംസ്ഥാനത്തിനും പുറത്തുള്ള ഭൂ മാഫിയകൾ വിലയ്ക്ക് വാങ്ങി അവിടങ്ങളിൽ യാതൊരു കൃഷിയും ചെയ്യാതെ ഭൂമി കാട് പിടിപ്പിച്ചിടുകയാണ്. ഇതുമൂലം വനത്തിലുള്ള വന്യമൃഗങ്ങൾ നാട്ടിലിറങ്ങുകയും കാട് പിടിച്ചു കിടക്കുന്ന ഈ കൃഷി ഭൂമിയിൽ തമ്പടിക്കുകയും ചെയ്യുന്നു.

ഇപ്രകാരം തമ്പടിക്കുന്ന കാട്ടുമൃഗങ്ങളാണ് സാധാരണക്കാരായ കൃഷിക്കാരെയും ജനങ്ങളെയും അക്രമിക്കുന്നതും അവരുടെ വിളകൾ നശിപ്പിക്കുകയും ചെയ്യുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം വാകേരിയിൽ നടന്ന നരഭോജി കടുവയുടെ ആക്രമണം. ഇത് ഒറ്റപ്പെട്ട കാര്യമല്ല. ജില്ലയുടെ എല്ലാ സ്ഥലങ്ങളിലും ഭൂ മാഫിയകളും റിസോർട്ട്കാരും ഭൂമി വാങ്ങികൂട്ടി ഈ വിധത്തിലുള്ള ജനദ്രാഹ നടപടികൾ ചെയ്യുന്നുണ്ട്. ബത്തേരിക്കടുത്ത ബീനാച്ചി എസ്റ്റേറ്റ് വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുന്നു.

കേരള ലാന്റ് യൂട്ടിലൈസേഷൻ ആക്‌ട്‌ പ്രകാരം ഭൂമികൾ തരിശിടാൻ പാടുള്ളതല്ല. ആയതിനാൽ ഓരോ വില്ലേജുകളിലും ഇപ്രകാരം തരിശിട്ട് കാട് പിടിപ്പിച്ചിരിക്കുന്ന ഭൂമികളുടെ കണക്കെടുത്ത് ആ ഭൂമിയിൽ കൃഷി ചെയ്യാനുള്ള നിർദ്ദേശം ബന്ധപ്പെട്ട ഭൂ ഉടമകൾക്ക് കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഭൂ ഉടമകൾ തങ്ങളുടെ ഭൂമിയിൽ കൃഷി ചെയ്യാത്ത പക്ഷം മേൽ ഭൂമി പിടിച്ചെടുത്ത് കുടുംബശ്രീ, സ്വാശ്രയസംഘങ്ങൾ, കർഷക കൂട്ടായ്‌മകൾ, കൃഷി ചെയ്യാൻ തൽപ രരായ കൃഷിക്കാർ മുതലായവർക്ക് കൃഷി ചെയ്യുവാൻ നടപടി ഉണ്ടാകണം. ഇപ്രകാരം ഈ സാമൂഹ്യ വിപത്തിന് പരിഹാരം ഉണ്ടാക്കുന്നില്ലെങ്കിൽ കാട് പിടിച്ചു കിടക്കുന്ന ഭൂമി ഭൂരഹിതരായ ആദിവാസികൾ അടക്കമുള്ളവർക്ക് കൈവശപ്പെടുത്തേണ്ടി വരുമെന്നും ഇ ജെ ബാബു കത്തില്‍ സൂചിപ്പിട്ടിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *