May 20, 2024

കുട്ടികള്‍ ബാലാവകാശ നിയമത്തിന്റെ അംബാസിഡര്‍മാര്‍ : ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ 

0
20240111 183942

കൽപ്പറ്റ : കുട്ടികളെ ബാലാവകാശ നിയമത്തിന്റെ അംബാസിഡര്‍മാരാക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍. ബാലാവകാശ കമ്മിഷന്റെയും പോലിസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ് പി സി അധ്യാപകര്‍ക്ക് സംഘടിപ്പിച്ച ഏകദിന പരിശീലനം കല്‍പറ്റ പോലീസ് സ്റ്റേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുരക്ഷിതമായ ബാല്യം ഓരോ കുട്ടിയുടേയും അവകാശമാണ്. മികച്ച വിദ്യാഭ്യാസം, മൂല്യങ്ങള്‍, മനോഭാവങ്ങള്‍, അറിവുകള്‍, കഴിവുകള്‍ എന്നിവ ആര്‍ജിക്കാന്‍ പര്യാപ്തമായ അന്തരീക്ഷം കുട്ടിക്ക് ഉറപ്പുവരുത്തുന്നതിനാണ് വിവിധ നിയമങ്ങള്‍ നിലവില്‍ വന്നത്. കുട്ടികളുടെ അതിജീവനം, ഉന്നമനം, സംരക്ഷണം, പങ്കാളിത്തം എന്നിവയില്‍ അവര്‍ക്ക് അവകാശമുണ്ട്. അന്തസ്സും സുരക്ഷിതത്വവും വിവേചനരഹിതവും സന്തോഷകരവുമായ ഒരു ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണെന്നും കുട്ടികളുടെ കര്‍ത്തവ്യങ്ങളും ഉത്തരവാദിത്തങ്ങളും അവര്‍ക്ക് കൃത്യമായി മനസ്സിലാക്കി കൊടുക്കേണ്ടതുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

 

കുട്ടികള്‍ രാജ്യത്തിന്റെ സമ്പത്താണെന്ന തിരിച്ചറിവ് ഉണ്ടാവണം. വ്യക്തിത്വ വികാസം, ശാരീരിക മാനസിക കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരം, സര്‍ഗശേഷികള്‍ പോഷിപ്പിക്കുന്നതിനുള്ള അവസരം എന്നിവ കുടുംബങ്ങളിലും സ്‌കൂളുകളിലും കുട്ടികള്‍ക്ക് ലഭിക്കണം. ബാലാവകാശങ്ങളെ കുറിച്ച് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നകാര്യം പരിഗണനയിലാണ്. കുട്ടികളുടെ പരിചരണം സംബന്ധിച്ച് വിവിധ തലങ്ങളില്‍ പരിശീലനം നല്‍കും. നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കണമെന്നും കുടുംബാന്തരീക്ഷത്തില്‍ നിന്നാവണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടതെന്നും കമ്മിഷന്‍ ചെയര്‍മാന്‍ പറഞ്ഞു. നിരീക്ഷണ പാഠവവും കൗതുകങ്ങളുമുള്ളവരാണ് കുട്ടികള്‍. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സമൂഹമാകെ ശ്രമം നടത്തണം. കുട്ടികളുടെ അന്തസ്സും മൂല്യവും സംരക്ഷിക്കാന്‍ കമ്മിഷന്‍ നടത്തുന്ന നിരീക്ഷണങ്ങളെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലന്നും കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു.

 

ജില്ലാ അഡീഷണല്‍ എസ് പി വിനോദ് പിള്ള അധ്യക്ഷനായിരുന്നു. കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളും എന്ന വിഷയത്തില്‍ സി ഡബ്ല്യു സി മെമ്പര്‍ ബിബിന്‍ ചമ്പക്കര, ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ ഡേവിഡ് റെജി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. എസ് പി സി പ്രൊജക്ട് അഡീഷണല്‍ നോഡല്‍ ഓഫീസര്‍ കെ. മോഹന്‍ദാസ്, ഹോപ്പ് പ്രൊജക്ട് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ടി.കെ ദീപ, ജില്ലയിലെ വിവിധ എസ്പിസി അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *