May 18, 2024

സി.പി.എം.തെറ്റിദ്ധാരണ പരത്തുന്നു: ഭരണസമിതി

0
Img 20240502 191204

മാനന്തവാടി: മാനന്തവാടി നഗരസഭയിലെ 2022-23 വര്‍ഷത്തെ ഓഡിറ്റ് നിര്‍ദേശവുമായി ബന്ധപ്പെട്ട് സി.പി.എം. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതായി ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു. നഗരസഭയിലെ ഇരുപത് നിര്‍വഹണ ഉദ്യോഗസ്ഥര്‍ നടത്തിയ പദ്ധതികളില്‍ വിവിധ തടസ്സങ്ങളുള്ളതായി ഓഡിറ്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും അതിനു മറുപടി നല്‍കാന്‍ രണ്ടു മാസത്തെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നടപ്പിലാക്കിയ പദ്ധതികളുടെ രേഖകള്‍ സമയബന്ധിതമായി ഹാജരാക്കാത്തതിനാലാണിത്.

ഓഡിറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞ പ്രകാരം രണ്ടു മാസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ അവര്‍ക്കെതിരേ ഭരണസമിതി നടപടി സ്വീകരിക്കും. കെട്ടിട, വിനോദ, സേവന, തൊഴില്‍ നികുതികള്‍, മത്സ്യമാംസ മാര്‍ക്കറ്റ്, കെട്ടിട പെര്‍മിറ്റുകള്‍ എന്നിവ സംബന്ധിച്ചാണ് പ്രധാനമായും തടസ്സങ്ങളുള്ളത്. ലാപ്‌ടോപ് വിതരണവുമായി ബന്ധപ്പെട്ട 48 ലാപ്‌ടോപ്പുകളുടെ തുക തിരിച്ചടക്കാനാണ് സെക്രട്ടറിക്കു നല്‍കിയ നിര്‍ദേശം. സബ്‌സിഡി മാനദദണ്ഡത്തില്‍ ജനറല്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വാങ്ങിക്കൊടുക്കാന്‍ പാടില്ല എന്ന കാരണത്താലാണ് തുക തിരിച്ചടക്കാന്‍ പറഞ്ഞത്.

എന്നാല്‍ നഗരസഭ അംഗീകരിച്ച പദ്ധതിക്ക് ജില്ലാ പ്ലാനിങ് കമ്മിറ്റിയും നഗരസഭാ റീജണല്‍ ജോയിന്റ് ഡയറക്ടരും അംഗീകാരം നല്‍കിയതാണ്. ഈ പദ്ധതിയാണ് സെക്രട്ടറി നടപ്പാക്കിയത്. ഗവ. ഇ- മാര്‍ക്കറ്റിങ് സംവിധാനമായ ജെം പോര്‍ട്ടല്‍ വഴിയാണ് ലാപ്‌ടോപ് വാങ്ങിയത് എസ്.സി, എസ്.ടി. വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കിയതില്‍ മാനദണ്ഡം പാലിച്ചില്ലെന്നും ഓഡിറ്റ് വിഭാഗം പറയുന്നു. ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഭരണസമിതി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്ഷീരകര്‍ഷകര്‍ക്കുള്ള സബ്‌സിഡി ഇനത്തിലെ ഇരുപതു ലക്ഷം രൂപയും എസ്.എസ്.കെ (ബി.ആര്‍.സി.)യ്ക്കു ഇരുപതു ലക്ഷം രൂപയും നല്‍കാന്‍ നഗരസഭാ ഭരണസമിതി തീരുമാനിച്ചിരുന്നു.

കുറുക്കന്‍മൂലയില്‍ കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കുള്ള പുനരുജ്ജീവന പദ്ധതിക്കും ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ചു പന്നികള്‍ ചത്തുപോയ കര്‍ഷകര്‍ക്കു പന്നിയെ നല്‍കുന്നതിനുള്ള ലക്ഷങ്ങളും സബ്‌സിഡി നല്‍കാന്‍ തീരുമാനിച്ചു. ഇതിനൊക്കെ മാനദണ്ഡത്തിന്റെ പേരില്‍ ഓഡിറ്റര്‍മാര്‍ തടസ്സം അറിയിച്ചിട്ടുണ്ട്. ഓഡിറ്റ് ഉദ്യോഗസ്ഥര്‍ തടസ്സം പറഞ്ഞ പല പദ്ധതികളും യഥാസമയം ബില്ല് ഹാജരാക്കാത്തവയാണ്. ഇതൊക്കെ അറിയാമെങ്കിലും നല്ലരീതിയില്‍ ഭരിക്കുന്ന ഭരണസമിതിയെ പൊതുജനമധ്യത്തില്‍ താറടിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്.

അമൃത് കുടിവെള്ള പദ്ധതി വഴി 15 കോടിരൂപ ചെലവില്‍ നഗരസഭയിലെ 3500 കുടുംബങ്ങള്‍ക്കു കുടിവെള്ളം നല്‍കി, ക്ഷീരമേഖലയെ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി എണ്ണൂറോളം പേര്‍ക്കു പുതിയ വീടുകള്‍ നല്‍കി തുടങ്ങി മുന്‍ഭരണസമിതിക്ക് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നതില്‍ വിറളിപൂണ്ട സി.പി.എം. നടത്തുന്ന പ്രചാരണങ്ങള്‍ ജനം തിരിച്ചറിയണം.

നഗരസഭാ ബസ് സ്റ്റാന്‍ഡിനു സമീപത്തെ പൊതു ശൗചാലയവും ഗ്യാസ് ക്രിമിറ്റോറിയവും അടുത്തുതന്നെ പൊതുജനത്തിനു തുറന്നുകൊടുത്തും. പയ്യമ്പള്ളിയിലെ നഗരസഭാ സബ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിനുള്ള നടപടി അവസാനഘട്ടത്തിലാണ്. ഭരണത്തെ തടസ്സപ്പെടുത്തുന്ന നടപടികളില്‍ നിന്നു സി.പി.എം.മാറിനില്‍ക്കണമെന്നും ഭരണസമിതിയംഗങ്ങള്‍ ആവശ്യപ്പെട്ടു. നഗരസഭാധ്യക്ഷ സി.കെ. രത്‌നവല്ലി, ഉപാധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി.എം. ബെന്നി, വി.യു. ജോയി, ഷിബു കെ. ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *